p-p-mukundan

​​കണ്ണൂര്‍: കുഴല്‍പ്പണ ആരോപണത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മറുപടി പറയണമെന്നും സംസ്ഥാനത്തെ ബി ജെ പിയില്‍ നേതൃമാറ്റം വേണമെന്നും മുതിർന്ന നേതാവ് പി പി മുകുന്ദൻ. തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് ബി ജെ പിയുടെ പ്രതിച്ഛായ പൂര്‍ണമായും നഷ്‌ടപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആദര്‍ശത്തോടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച പലരും ഇപ്പോള്‍ മാറിനില്‍ക്കുകയാണെന്നും മുകുന്ദൻ പറഞ്ഞു.

കെ സുരേന്ദ്രന്‍ അദ്ധ്യക്ഷനായശേഷം കണ്ണൂരില്‍ വന്നപ്പോള്‍ തന്നെ വിളിച്ചിരുന്നു. പിന്നീട് വിളിച്ചിട്ടില്ല, ബ്ലോക്ക് ആക്കിയിരിക്കാം. ഇപ്പോള്‍ പാര്‍ട്ടിയുടെ അവസ്ഥ ശ്രീധരന്‍പിള്ളയുടെ കാലത്തേക്ക് പോയിരിക്കുന്നു. താഴേത്തട്ടില്‍ ചര്‍ച്ച വേണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ലെന്നും മുകുന്ദൻ ചൂണ്ടിക്കാട്ടി.

പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലെ ശബ്‌ദരേഖ സുരേന്ദ്രന്‍റേത് തന്നെയാണ്. അതൊരു കെണിയായിരുന്നുവെന്ന് മനസിലാക്കാന്‍ കഴിയാതെ പോയത് സുരേന്ദ്രന്‍റെ ജാഗ്രതക്കുറവാണ്. ഇക്കാര്യത്തില്‍ സുരേന്ദ്രന്‍ മറുപടി പറയണം. കുഴല്‍പ്പണ ഇടപാടില്‍ ബി ജെ പി നേതൃത്വം പറയുന്ന കാര്യങ്ങളില്‍ വൈരുദ്ധ്യമുണ്ട്.

ബി ജെ പിയില്‍ തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യാന്‍ ഒരു ഫിനാന്‍സ് കമ്മിറ്റിയുണ്ടായിരുന്നു. കൊടകര സംഭവം പാര്‍ട്ടിക്ക് ആകെ നാണക്കേടുണ്ടാക്കി. ഇത് മാറ്റിയെടുക്കണം. പരിവാർ സംഘടനകളെയും ഇത് ബാധിച്ചു. പ്രവര്‍ത്തകരുടെ വിഷമം മാറ്റിയെടുക്കാന്‍ നേതൃത്വത്തിന് കഴിയണമെന്നും മുകുന്ദൻ ആവശ്യപ്പെട്ടു.

ബി ജെ പിയെ ബാധിച്ചിട്ടുളള രോഗത്തിന് ചികിത്സ വൈകരുത്. ഒരു ശസ്ത്രക്രിയ തന്നെ വേണ്ടിവരും. ഇത്തരത്തില്‍ ഇനി സംഘടനയെ മുന്നോട്ട് കൊണ്ടുപോകാനാകില്ല. രണ്ടടി മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ഒരടി പിന്നോട്ടുവരുന്ന അവസ്ഥയാണ് പാര്‍ട്ടിയുടേത്. ഇത് സംഘടനയെ അടിമുടി ബാധിച്ചുകഴിഞ്ഞു. നേതൃമാറ്റം എങ്ങനെ വേണമെന്ന് ദേശീയ നേതൃത്വം തീരുമാനിക്കണം. ഇല്ലയെങ്കില്‍ സംസ്ഥാനത്തെ ബി ജെ പിയുടെ രാഷ്ട്രീയ പ്രസക്തി തന്നെ നഷ്‌ടപ്പെടും.

ഇപ്പോൾ നടക്കുന്ന സംഭവങ്ങളെ കുറിച്ച് കേന്ദ്രനേതൃത്വത്തിന് അറിയാം. അവർ തന്നെ ബന്ധപ്പെട്ടിരുന്നു. ചില കാര്യങ്ങളില്‍ വിശദീകരണങ്ങള്‍ തേടാനായാണ് വിളിച്ചത്. കേന്ദ്ര നേതൃത്വം ഇതേപ്പറ്റി അന്വേഷിക്കുകയാണ്. 35 സീറ്റ് കിട്ടിയാല്‍ ഭരണം പിടിക്കുമെന്ന പ്രസ്‌താവനയും ലീഗിനെ ക്ഷണിക്കുകയുമൊക്കെ ചെയ്‌തത് അണികളിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും മുകുന്ദൻ അഭിപ്രായപ്പെട്ടു.