anjali

കാസർകോട്: പുല്ലൂർ പൊള്ളക്കടയിലെ അഞ്ജലി (21) യുടെ തിരോധാനത്തിന് തിരശീലയിട്ട അമ്പലത്തറ സി.ഐ രാജീവൻ വലിയവളപ്പിലും അന്വേഷണ സംഘവും യുവതിയെ ഇന്ന് നാട്ടിൽ എത്തിക്കും. തെലുങ്കാനയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്നലെ ഉച്ചക്കാണ് അന്വേഷണസംഘം യുവതിയുമായി നാട്ടിലേക്ക് തിരിച്ചത്.

അതേസമയം ജീവിതത്തിൽ ഇതുവരെ ദൂരയാത്ര ചെയ്യാത്ത അഞ്ജലി ഇത്രയും കിലോമീറ്ററുകൾ ഒറ്റക്ക് എങ്ങിനെ യാത്ര ചെയ്തു, പ്രമുഖ കമ്പ്യൂട്ടർ സോഫ്റ്റ് വെയർ നിർമ്മാണ കമ്പനികളുടെ ആസ്ഥാനമായ മണികൊണ്ടയിലെത്തിയതിന്റെ കാരണം എന്നിവ ചികയുകയാണ് പൊലീസ്.

ചില പ്രധാന ലക്ഷ്യങ്ങൾ ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാൻ എന്തെങ്കിലും ഒരു തൊഴിൽ നേടി ഒറ്റയ്ക്ക് ജീവിക്കുകയെന്നതായിരിക്കണം അഞ്ജലിയുടെ ലക്ഷ്യമെന്ന് പറയുന്നു. തെലങ്കാനയിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളിൽ ഒന്നായ മണികൊണ്ട തെലുങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ്. ട്രെയിനിലാണ് എത്തിയതെന്ന് ചോദ്യം ചെയ്യലിൽ പറഞ്ഞുവെങ്കിലും മറ്റു ചോദ്യങ്ങൾക്കൊന്നും യുവതി മറുപടി നൽകുന്നില്ല.

യുവതി താമസിച്ച ലോഡ്ജ് അധികൃതരിൽ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ഏപ്രിൽ 19 ന് ഉച്ചയ്ക്ക് വീട്ടിൽ നിന്നിറങ്ങിയ അഞ്ജലിയെ 44 ദിവസങ്ങൾക്കുശേഷമാണ് പൊലീസ് കണ്ടെത്തിയത്.

അഞ്ജലിയുടെ തിരോധാനത്തെ ലൗ ജിഹാദിലേക്ക് തിരിച്ചുവിടാൻ ഒരു വിഭാഗം നടത്തിയ ശ്രമമാണ് അന്വേഷണം ആദ്യഘട്ടത്തിൽ വൈകിയത്. ഇതിന് ബലം നല്കുന്ന ചില സൂചനകൾ പത്ത് പേജുള്ള കത്തിലൂടെ അഞ്ജലി നൽകിയിരുന്നു. അത് തന്ത്രമായിരുന്നോയെന്നറിയാൻ പൊലീസ് അഞ്ജലിയെ ചോദ്യം ചെയ്തുവരികയാണ്. ഇൻസ്‌പെക്ടർ രാജീവൻ വലിയവളപ്പിലിനൊപ്പം എസ്.ഐ മധുസൂദനൻ കെ.വി, വനിതാ എസ്.ഐ പി.ഒ രതി, എസ്.സി.പി.ഒ ബാബു എന്നിവരാണ് അഞ്ജലിയെ കൊണ്ടുവരാൻ മണികൊണ്ടയിലേക്ക് പോയത്. യുവതിയുടെ അമ്മാവനും ഒപ്പമുണ്ട്.