mandakkad-devi-temple-

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ വൻ അഗ്നിബാധ. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഇന്നലെ രാവിലെ 6.45 ഓടെയായിരുന്നു സംഭവം. 6.30 ന് ദീപാരാധന കഴിഞ്ഞശേഷം ക്ഷേത്ര മേൽശാന്തി നടയടച്ച് പുറത്തിറങ്ങി അല്പം കഴിഞ്ഞതോടെ ക്ഷേത്രത്തിലെ മൂലസ്ഥാനത്ത് നിന്ന് തീ പടരുകയായിരുന്നു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ മണ്ടയ്ക്കാട് പൊലീസ് സ്റ്റേഷനിലും കുളച്ചൽ ഫയർഫോഴ്സിനെയും വിവരം അറിയിച്ചു.

ദീപാരാധനയ്ക്കു ശേഷം നട അടച്ചാലും ക്ഷേത്രത്തിനുള്ളിലെ നിലവിളക്കിലെ തീ കെടുത്താറില്ല. നിലവിളക്കിൽ നിന്ന്, ദേവിക്ക് ചാർത്തിയിരുന്ന പട്ടിൽ തീ പിടിച്ച് ആളിപ്പടർന്നതാവാമെന്ന് സംശയിക്കുന്നു.

വിഗ്രഹത്തിൽ തീപിടിച്ചെങ്കിലും കേടില്ല.

ക്ഷേത്രത്തിലെ മേൽക്കൂര പകുതയോളം അഗ്നിക്കിരയായി. ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സഹായത്തോടെ തീ പൂർണമായും കെടുത്തി. കുളച്ചൽ എ.എസ്.പി വശ്വേശാസ്ത്രി സംഭവസ്ഥലത്തെത്തി പരശോധന നടത്തി. തമിഴ്നാട് ഐ.ടി മന്ത്രി മനോ തങ്കരാജ്, കന്യാകുമാരി ജില്ലാ കളക്ടർ അരവിന്ദ് എന്നിവർ ക്ഷേത്രം സന്ദർശിച്ചു.ക്ഷേത്രത്തിൽ പരിഹാരപൂജ ചെയ്ത ശേഷം നാളെ മുതൽ നട തുറക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്ത്രീകളുടെ ശബരിമല

ദിവസവും മൂന്ന് നേരം ക്ഷേത്രത്തിൽ പൂജയുണ്ട്. ലോക്ക് ഡൗണായതിനാൽ ഭക്തർക്ക് ദർശനത്തിന് അനുമതിയില്ല. സ്ത്രീകൾ ഇരുമുടിക്കെട്ടുമായി ദേവീ ദർശനത്തിനെത്തുന്നതിനാൽ സ്ത്രീകളുടെ ശബരിമലയെന്നാണ് മണ്ടയ്ക്കാട് ക്ഷേത്രം അറിയപ്പെടുന്നത്. തമിഴ്നാട് ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം. ദിവസേന ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദേവിയെ ദർശിക്കാനെത്തുന്നത്.

ചരിത്രത്തിൽ ആദ്യമായാണ് മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ തീപിടിത്തമുണ്ടാകുന്നത്. 2004 ഡിസംബർ 26ലെ സുനാമിയിൽ പോലും ക്ഷേത്രത്തിന് കേടുപാടുകളുണ്ടായില്ല.