കോഴിക്കോട്: കൊടകര കുഴൽപ്പണ കേസിൽ ബി ജെ പിക്ക് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസ്, സി പി എം, മുസ്ലീം ലീഗ് ഉൾപ്പടെയുളള പാർട്ടികളുടെ കളളപ്പണം കേരളത്തിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. രാജ്യത്ത് ആയിരം കോടി രൂപയുടെ കളളപ്പണമാണ് പിടിച്ചത്. ഏറ്റവും കൂടുതൽ പണം പിടിച്ചെടുത്തത് തമിഴ്‌നാട്ടിൽ നിന്നാണ്. ഡി എം കെ 25 കോടി രൂപയാണ് സി പി എമ്മിന് നൽകിയത്. അത് കളളപ്പണമാണോ വെളളപ്പണമാണോയെന്ന് പിണറായി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പുകമറ സൃഷ്‌ടിക്കാനാണ് സി പി എം ശ്രമിക്കുന്നത്. വെറുതെ ബി ജെ പി നേതാക്കളെ ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തുകയാണ്. നുണക്കഥകളാണ് സംസ്ഥാനത്ത് പ്രചരിക്കുന്നത്. നോട്ടീസ് കിട്ടിയ ഒരു ബി ജെ പി നേതാവും സഹകരിക്കാതിരുന്നില്ല. ആരും നെഞ്ച് വേദനയെന്നോ കൊവിഡ് പോസ്റ്റീവെന്നോ പറഞ്ഞിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അന്വേഷണത്തോട് ബി ജെ പിക്ക് നിസഹകരണമില്ല. പുറത്തുവരുന്ന വാർത്തകളിൽ ഒരംശം പോലും സത്യമില്ല. ശൂന്യതയിൽ നിന്ന് കഥയുണ്ടാക്കി നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്‌തുകൊണ്ടിരിക്കുകയാണ്. ഏത് അന്വേഷണത്തെയും ബി ജെ പി സ്വാഗതം ചെയ്യുന്നു. കേസിലെ ബാക്കി തുക കണ്ടെത്താൻ പൊലീസിന് സാധിക്കാത്തത് എന്താണെന്നും സുരേന്ദ്രൻ ചോദിച്ചു.
തിരഞ്ഞെടുപ്പിന് സി പി എമ്മും കോൺഗ്രസും ആയിരകണക്കിന് കോടി രൂപയാണ് ചെലവഴിച്ചത്. 200 കോടി രൂപയിലധികമാണ് സി പി എം, പി ആർ വർക്കിന് വേണ്ടി മാത്രം ചെലവഴിച്ചത്. മുഖ്യമന്ത്രി പല മാദ്ധ്യമങ്ങൾക്കും വഴിവിട്ട് പണം നൽകിയിട്ടുണ്ട്. കളളപ്രചാരണം പാർട്ടിക്കെതിരെ മാദ്ധ്യമങ്ങൾ നടത്തിയാൽ അതിനെ രാഷ്‌ട്രീയമായി നേരിടും. ഈ രാജ്യത്ത് നിയമവ്യവസ്ഥയുണ്ടെന്ന് വ്യാജ വാർത്തകൾ എഴുതുന്ന മാദ്ധ്യമങ്ങൾ ഓർക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
ബി ജെ പി കോടികൾ ചെലവാക്കിയെന്ന് പറയാൻ സി പി എമ്മിന് അവകാശമില്ല. എഴുതുന്നതിനും പറയുന്നതിനും വസ്‌തുതകളുടെ പിൻബലം വേണം. ഒരു മാദ്ധ്യമപ്രവർത്തകനെങ്കിലും ഈ കേസുമായി ബന്ധപ്പെട്ട് ഒരു കോടതി രേഖയോ പൊലീസ് രേഖയോ പുറത്തുവിട്ടിട്ടുണ്ടോ. മനസാക്ഷിക്ക് നിരക്കാത്ത കാര്യങ്ങളാണ് എഴുതിപിടിപ്പിക്കുന്നത്.
പിടിക്കപ്പെട്ട പ്രതികളിൽ ലീഗ്-സി പി എം പ്രവർത്തകരുണ്ട്. ഹീനമായ രാഷ്‌ട്രീയ താത്പര്യമാണ് സി പി എമ്മിനുളളത്. സി കെ ജാനു തന്നോട് പണം ചോദിക്കുകയോ താൻ കൊടുക്കുകയോ ചെയ്‌തിട്ടില്ല. വ്യവസ്ഥാപിതമായ സംവിധാനം അനുസരിച്ച് മാത്രമേ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ കാര്യങ്ങൾ നടന്നിട്ടുളളൂ. ഫോൺ സംഭാഷണത്തെ കുറിച്ച് തനിക്ക് ഓർമ്മയില്ല. തിരഞ്ഞെടുപ്പ് കാലത്ത് ഒരുപാട് ഫോൺ കോളുകൾ വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ആദിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച സി കെ ജാനുവിനെ അപമാനിപ്പിക്കരുത്. ഇന്നത്തെ കാലത്ത് ഒരു ഓഡിയോ ക്ലിപ്പുണ്ടാക്കാനും അതിലെ ആവശ്യമായ ഭാഗങ്ങൾ കട്ട് ചെയ്യാനോ വലിയ പാടൊന്നുമില്ല.ഒരു രൂപ പോലും സി കെ ജാനുവിന് കൊടുത്തിട്ടില്ല. പ്രസീത അഴീക്കോട് വിളിച്ചിട്ടില്ലെന്ന് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.