കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം കണ്ടതിൽവച്ച് ഏറ്റവും ശക്തമായ ലോക്ഡൗൺ കഴിഞ്ഞവർഷം ഇന്ത്യയിൽ നടപ്പാക്കിയപ്പോൾ ഏറ്റവും അധികം ബാധിച്ചത് ബിസിനസ് രംഗത്തെയാണ്. അതിൽതന്നെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് വാഹനവിപണിയെയാണ്. എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തി രാജ്യത്തെ സൈക്കിൾ വിപണി മുൻപെങ്ങുമില്ലാത്ത വിധത്തിൽ വളരുന്നതാണ് പിന്നെ നാം കണ്ടത്.
ലോകത്തിലെതന്നെ മികച്ച സൈക്കിൾ ബ്രാൻഡുകളിൽ ഒന്നായ കെടിഎം സൈക്കിളുകളുടെ ഇന്ത്യയിലെ വിതരണക്കാരായ ആൽഫാവെക്ടർ ഇന്ത്യയുടെ സി.ഇ.ഒ യോഗേന്ദ്ര ഉപാധ്യായ് പറയുന്നതനുസരിച്ച് ഇന്ത്യയിലെ സൈക്കിൾ വിപണിയിൽ കഴിഞ്ഞവർഷം രേഖപ്പെടുത്തിയത് 15 മുതൽ 20ശതമാനം വരെ വളർച്ചയാണ്. മുൻവർഷങ്ങളിൽ ഇതുവെറും 5 മുതൽ 7 ശതമാനം മാത്രമായിരുന്നു. ലോക്ഡൗൺ കാലത്ത് ജിമ്മുകൾ അടച്ചപ്പോൾ വ്യായാമോപാധി എന്ന നിലയ്ക്ക് സൈക്കിളുകളിലേക്ക് തിരിഞ്ഞവർ നിരവധിയാണ്. എന്നാൽ അവരിൽ പലർക്കും സൈക്കിൾ ഇന്ന് ജീവിതത്തിന്റെ ഭാഗമാണ്.
പണ്ട് ഹെർക്കുലീസ് ഹീറോ എന്നീ രണ്ട് ബ്രാൻഡുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സൈക്കിൾ വിപണിയിൽ ഇന്ന് ആവശ്യക്കാർക്ക് തിരഞ്ഞെടുക്കാൻ നിരവധി ഓപ്ഷനുകൾ ലഭ്യമാണ്. സ്റ്റീലിൽ നിർമ്മിച്ചിരുന്ന ഭാരമേറിയ പഴയകാല സൈക്കിളുകളിൽനിന്നും ഭാരം എന്തെന്ന്പോലും അറിയാത്ത കാർബൺ ഫൈബർ സൈക്കിളുകളിൽ വന്നെത്തിനിൽക്കുകയാണ് ഇന്നത്തെ ലോകം. അതിൽതന്നെ ഇലക്ട്രിക്ക് സൈക്കിളുകളും കാറിൽ മടക്കിവയ്ക്കാവുന്ന ഫോൾഡബിൾ സൈക്കിളുകളും യഥേഷ്ടം വിപണിയിൽ ലഭ്യമാണ്.
പണ്ട്കാലത്ത് കേരളത്തിൽ പരീക്ഷിച്ച് പരാജയപ്പെട്ട സോഷ്യൽ സൈക്കിളിംഗ് എന്ന ആശയത്തിനും ഇന്ന് ആരാധകർ ഏറെയാണ്. പല കോർപ്പറേറ്റുകളും ഇപ്പോൾ തങ്ങളുടെ ജീവനക്കാരെ സൈക്കിളുകളിൽ വരാൻ നിർബന്ധിക്കുകയാണ്. കൊച്ചി മെട്രോയിലെ ജീവനക്കാർ ആഴ്ചയിൽ ഒരുദിവസം ജോലിക്കെത്തിയിരുന്നത് തങ്ങളുടെ സൈക്കിളുകളിലാണ്. വിവിധ കാംപെയ്‌നുകളിലൂടെ തങ്ങളുടെ യാത്രക്കാരെയും അവർ സൈക്ളിംഗിലേക്ക് ആകർഷിക്കുകയും ചെയ്യുന്നുണ്ട്.
2000 രൂപമുതൽ 25000 രൂപവരെയുളള സൈക്കിളുകൾക്ക് ഇന്ന് ആവശ്യക്കാർ ഏറെയാണ്. ഇപ്പോഴും വിപണിയിൽ മുന്നിൽനിൽക്കുന്നത് ഹീറോയുടെ റെയിഞ്ചർ, ഒക്ടേൻ സൈക്കിളുകൾ ആണെങ്കിലും ന്യൂജനറേഷൻ സൈക്കിളുകളായ ഏവോണും ഹെർക്കുലീസിന്റെ റോഡിയോ, അറ്റ്ലസിന്റെ ടോർപെഡോ, കെടിഎം ,ഫ്രോഗ്സൈക്കിളുകളും യഥേഷ്ടം ലഭ്യമാണ്.
യാത്രചെയ്യുവാനുളള ഉപാധി എന്നതിൽ നിന്നും സൈക്കിളുകൾ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറികഴിഞ്ഞിരിക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ മാറുന്ന ഇന്ത്യയുടെ മാറുന്നമുഖം ആണ് അതിരാവിലെയുളള സൈക്കിൾ സവാരികൾ.