covid

ഹൈദരാബാദ് : കൊവിഡ് പോസിറ്റീവായ സ്ത്രീ മരുകളെ നിർബന്ധപൂർവം കെട്ടിപ്പിടിച്ചു രോഗം പകർന്നു നൽകി. തെലങ്കാനയിൽ നിന്നുമാണ് ഈ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.


പരിശോധനയിൽ കൊവിഡ് പൊസിറ്റീവാണെന്ന് തെളിഞ്ഞതോടെ വീട്ടമ്മയെ ഒരു മുറിയിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ആഹാരം അടക്കം അവിടെ എത്തിച്ച് നൽകി ബാക്കി കുടുംബാംഗങ്ങൾ സാമൂഹിക അകലം പാലിച്ചാണ് കഴിഞ്ഞിരുന്നത്. എന്നാൽ ഒറ്റപ്പെടലിൽ മനംനൊന്ത വീട്ടമ്മ മരുമകൾക്ക് കൂടി തന്റെ അസുഖം പകർന്നു നൽകാൻ തീരുമാനിക്കുകയായിരുന്നു.

ബലമായി മരുമകളെ കെട്ടിപ്പിടിച്ചാണ് അമ്മായി അമ്മ തന്റെ ദുഷ്ടത പ്രകടിപ്പിച്ചത്. ആലിംഗനം ചെയ്തതിലൂടെ കുറച്ച് ദിവസങ്ങൾക്കകം മരുമകൾ കൊവിഡ് പൊസിറ്റീവാകുകയും ചെയ്തു. കൊവിഡ് പോസിറ്റീവായതോടെ യുവതിയെ ഭർതൃവീട്ടിൽ നിന്നും പുറത്താക്കിയെന്നും റിപ്പോർട്ടുകളുണ്ട്. യുവതിയുടെ സഹോദരി എത്തി ഇവരെ രാജന്ന സിർസില്ല ജില്ലയിലെ തിമ്മപൂർ ഗ്രാമത്തിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.

'ഞാൻ മരിക്കുമ്പോൾ നിങ്ങൾ എല്ലാവരും സന്തോഷത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?' എന്ന് ചോദിച്ചുകൊണ്ടാണ് തന്നെ അമ്മായിഅമ്മ കെട്ടിപിടിച്ചതെന്ന് യുവതി പറയുന്നു. കൊവിഡ് ബാധിതയായ യുവതി ഇപ്പോൾ ചികിത്സയിലാണ്.