ന്യൂഡൽഹി : നീതി ആയോഗ് തയ്യാറാക്കുന്ന സംസ്ഥാനങ്ങളുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (എസ്ഡിജി) പട്ടികയിൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തി. സൂചികയുടെ മൂന്നാം പതിപ്പിലാണ് കേരളം വീണ്ടും മുന്നിലെത്തിയിരിക്കുന്നത്. ദാരിദ്ര്യ നിർമ്മാർജ്ജനം, സമത്വം തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളാണ് ഈ സൂചികയുടെ അളവുകോലായി പരിഗണിക്കപ്പെടുന്നത്.
സംസ്ഥാനങ്ങളുടെ സൂചികയിൽ 75 പോയിന്റുകളുമായിട്ടാണ് കേരളം ഒന്നാം സ്ഥാനം നിലനിർത്തിയത്. രണ്ടാം സ്ഥാനം രണ്ട് സംസ്ഥാനങ്ങൾ പങ്കിട്ടു. തമിഴ്നാടും ഹിമാചൽ പ്രദേശും 74 പോയിന്റുകളോടെയാണ് രണ്ടാം സ്ഥാനം പങ്കിട്ടെടുത്തത്. കേരളം, ഹിമാചൽ പ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന എന്നിവയാണ് മികച്ച പ്രകടനം കാഴ്ച വച്ച സംസ്ഥാനങ്ങൾ അതേസമയം പട്ടികയിൽ ഏറ്റവും അവസാനം 52 പോയിന്റുകളോടെ ബിഹാറാണുള്ളത്. രാജസ്ഥാൻ (60), ഉത്തർപ്രദേശ് (60), അസം (57), ജാർഖണ്ഡ് (56) എന്നീ സംസ്ഥാനങ്ങളാണ് പട്ടികയുടെ അവസാന ഭാഗത്ത് സ്ഥാനം കണ്ടെത്തിയത്.
India's report card on the SDGs is here!
— NITI Aayog (@NITIAayog) June 3, 2021
17 Goals, 36 States/UTs, & 115 indicators: #SDGIndiaIndex & Dashboard 2020-21 is the most comprehensive review of 🇮🇳’s progress towards achieving the SDGs.
Report: https://t.co/ClNGgfiqjx
Dashboard: https://t.co/piGw8xKypj pic.twitter.com/84nde0fbTn
കേന്ദ്രഭരണത്തിൻ കീഴിലുള്ള സ്ഥലങ്ങളിൽ ചണ്ഡിഗഡാണ് 79 പോയിന്റോടെ ഒന്നാമത് എത്തിയത്. കഴിഞ്ഞ മാർച്ചിലായിരുന്നു നീതി ആയോഗ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്. എന്നാൽ ചില സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.