yogi

ന്യൂഡൽഹി: രാജ്യത്ത് തുട‌ർച്ചയായി കൊവിഡ് മഹാമാരി നാശം വിതയ്‌ക്കുന്നതും കൊടുങ്കാറ്റുകൾ വരുന്നതും 'ദൈവത്തിന്റെ ഇടപെടൽ' കൊണ്ടാണെന്ന് വാദവുമായി സമാജ്‌വാദി പാർട്ടി എം.പി എസ്.ടി ഹസൻ.

രാജ്യത്തെ മുസ്ളീം മതവിഭാഗത്തിനെതിരെ എൻ‌ഡി‌എ സർക്കാർ തിരിഞ്ഞതും ശരീയത്ത് നിയമത്തിൽ കൈകടത്തിയതുമാണ് ഇതിന് കാരണമായി ഹസൻ പറയുന്നത്. 'മുസ്ളീങ്ങൾക്കെതിരെ ഇത്തരം അനീതി കാട്ടിയത് മൂലം ആകാശത്ത് നിന്നും ചുഴലിക്കാ‌റ്റുണ്ടാകുന്ന രൂപത്തിലും പാവങ്ങൾ മഹാരോഗം വന്ന് മരിക്കുന്ന രീതിയിലും നാശങ്ങളുണ്ടാകാൻ കാരണമായി' ഹസൻ അഭിപ്രായപ്പെട്ടു.

.യോഗി ആദിത്യനാഥ് സർക്കാരിന്റെ ഭരണംകാരണം മരണമടഞ്ഞ ബന്ധുക്കൾക്ക് അന്തിമാചാരങ്ങൾ ചെയ്യാൻ പോലും ജനങ്ങൾക്ക് കഴിയാതെയായി. മൃതദേഹങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിലും അവ നായ്‌ക്കൾ കടിച്ചുകീറുന്നതും രാജ്യത്തെവിടെയെങ്കിലും കണ്ടിട്ടുണ്ടോയെന്നും എസ്.ടി ഹസൻ ചോദിച്ചു. 'ലോകത്തെവിടെങ്കിലും സംസ്‌കരിക്കുന്നതിന് പകരം മൃതദേഹം പുഴയിലൊഴുക്കിയിട്ടുണ്ടോ? മൃതദേഹങ്ങൾ സംസ്‌കരിക്കാൻ വിറക് പോലും ലഭ്യമല്ല. ഇത് എന്തുതരം ഭരണമാണ്?' ഹസൻ രൂക്ഷമായി യോഗി സർക്കാരിനെ വിമർശിച്ചു. ലോകത്ത് അമാനുഷികമായ ഏതോ ശക്തിയുണ്ടെന്നും അത് അനീതിയെ തടുക്കുമെന്നും ഓരോ ഇന്ത്യക്കാരും വിശ്വസിക്കുന്നുവെന്ന് ഹസൻ അഭിപ്രായപ്പെട്ടു.

എന്നാൽ ഹസന്റെ പ്രവർത്തിയും സംസാരവും ഐസിസിന് തുല്യമാണെന്ന് ഉത്തർപ്രദേശ് ന്യൂനപക്ഷകാര്യ മന്ത്രി മൊഹ്‌സീൻ റാസ അഭിപ്രായപ്പെട്ടു. ഇത്തരക്കാർ മാത്രമേ ശരീയത്ത് നിയമത്തിൽ വിശ്വസിക്കാറുള‌ളുവെന്നും അദ്ദേഹം പറഞ്ഞു.