muraleedharan

​​​ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ നൽകേണ്ടത് സംസ്ഥാനങ്ങളാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. നിയമസഭയെ മോദി വിരുദ്ധ വേദിയാക്കുകയാണ്. വാക്‌സിനായി ആഗോള ടെൻഡർ വിളിക്കുമെന്നും പിന്നെന്തിനാണ് പ്രമേയം കൊണ്ടുവന്നതെന്നും മുരളീധരൻ ചോദിച്ചു.

ജനങ്ങളെ കബളിപ്പിച്ച് തത്ക്കാലത്തേക്ക് കൈയടി വാങ്ങാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. കേന്ദ്ര പദ്ധതികളെ അട്ടിമറിക്കാനുളള ബോധപൂർവ്വമായ ശ്രമമാണ് സംസ്ഥാനം നടത്തുന്നത്. കേന്ദ്ര ഫണ്ടുകൾ ചെലവഴിക്കാതെ മോദി വിരുദ്ധ രാഷ്‌ട്രീയം സംസ്ഥാനത്ത് നടപ്പാക്കാനാണ് ശ്രമിക്കുന്നത്. സഹകരണ ഫെഡറിലസത്തെ അട്ടിമറിക്കുന്നത് മോദിയല്ല പിണറായി വിജയനാണ്.

സർക്കാരി​​​​​​​ന് കൈയടിക്കുന്ന പ്രതിപക്ഷമാണ് ഇപ്പോൾ സംസ്ഥാനത്തുളളത്. വലിയ ആക്ഷേപം നേരിട്ടിട്ടും ഇറങ്ങിപോകാൻ പ്രതിപക്ഷം തയ്യാറാകുന്നില്ല. ദുർബലമായ പ്രതിപക്ഷമാണ് സംസ്ഥാനത്തുളളത്. മുഖ്യമന്ത്രിയെ വിമർശിക്കില്ല ചൂണ്ടിക്കാട്ടുകയേ ഉളളൂവെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. മോദിയെ വിമർശിക്കുന്ന രാഹുൽ ഗാന്ധി സതീശനെ മാതൃകയാക്കണമെന്നും മുരളീധരൻ പരിഹസിച്ചു.

മുസ്ലീം ജിഹാദി വോട്ട് ബാങ്ക് നിലനിർത്താനുളള മത്സരമാണ് കേരള നിയമസഭയിൽ എൽ ഡി എഫും യു ഡി എഫും തമ്മിൽ നടത്തുന്നത്. ഇതിനുവേണ്ടിയല്ല കേരളത്തിലെ ജനങ്ങൾ 140 അംഗങ്ങളെ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുത്തത്. മോദി വിരുദ്ധ രാഷ്‌ട്രീയത്തിന് മാർക്കറ്റുണ്ടെന്ന് സി പി എമ്മിന് അറിയാം. അത് അവരിൽ നിന്ന് തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കൊടകര കേസിൽ പാർട്ടിയ്‌ക്ക് ഒരു ബന്ധവുമില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. അതിൽ കൂടുതൽ പറയാൻ ഇന്ന് തനിക്ക് താത്പര്യമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.