mg

ന്യൂഡൽഹി: ഇന്ധനവില വർദ്ധനവ് ഒരു ആചാരവും വില കുറയുക എന്നത് ഇക്കാലത്ത് സാധാരണക്കാരന് കാണാവുന്ന വെറും സ്വപ്‌നവുമാണല്ലോ. ഈ സമയം ഇലക്ട്രിക് വാഹനങ്ങളിലേക്ക് പലരും ചുവടുമാറ്റാൻ ഒരുങ്ങുകയാണ്. ടാറ്റ, എംജി, ഹ്യുണ്ടായി മുതലായ രാജ്യത്തെ ഒട്ടുമിക്ക വാഹനനിർമ്മാതാക്കളും തങ്ങളുടെ ഇലക്ട്രിക്ക് മോഡലുകൾക്ക് വേണ്ടി വൻ തോതിൽ പ്രചാരണങ്ങൾ നടത്തുന്നുമുണ്ട്.

എങ്കിലും പ്രതീക്ഷിച്ച രീതിയിലുള‌ള ഒരു കുതിച്ചുകയറ്റം ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്പനയിൽ സംഭവിക്കുന്നില്ല. അതിനുള‌‌ള പ്രധാന കാരണം മ‌റ്റ് വേരിയന്റുകളുമായി ഈ വാഹനങ്ങളുടെ വിലയിൽ വരുന്ന വൻ വ്യത്യാസം ആണ്. ഏതാണ്ട് 8 മുതൽ 10 ലക്ഷം വരെ വില വ്യത്യാസം ഇലക്ട്രിക്ക് വാഹനങ്ങളും അവയുടെ തന്നെ പെട്രോൾ, ഡീസൽ മോഡലുകളും തമ്മിൽ വരുന്നുണ്ട്.

എന്നാൽ ഇപ്പോൾ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കാണാൻ തന്നെയാണ് മോദി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇലക്ട്രിക്ക്‌ വാഹനങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കാൻ രജിസ്‌ട്രേഷൻ ഫീസ് പൂർണ്ണമായും ഒഴിവാക്കാനുള‌ള തയ്യാറെടുപ്പിലാണ് സർക്കാർ.

ഇതിനായുള‌ള കരട് രൂപരേഖ മെയ് 27ന് കേന്ദ്ര റോഡ് മന്ത്രാലയം പ്രസിദ്ധീകരിച്ചു. പൊതുജനങ്ങൾക്ക് ഇതിന്മേൽ നിർദ്ദേശങ്ങൾ അറിയിക്കാൻ ഒരുമാസം സമയം നൽകിയിട്ടുണ്ട്. ഇത് നിലവിൽ വന്നാൽ ഇലക്ട്രിക് വാഹനങ്ങളുടെ ഓൺറോഡ് വില ഏകദേശം 50000രൂപയ്ക്ക് മേലെ കുറയാൻ സാധ്യത.അതോടെ ജനങ്ങൾ കൂടുതൽ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് അടുക്കുമെന്നും രാജ്യത്തെ വായുമലിനീകരണം ക്രമമായി കുറയ്‌ക്കാനാകുമെന്ന് കേന്ദ്ര സർക്കാർ കരുതുന്നു.