സിദ്ദു അവൾ പറയുന്നത് ശ്രദ്ധിച്ചു കേട്ടു.
എന്നാൽ എനിക്ക് കിട്ടിയ ഒരു ക്ലൂവിന്റെ കാര്യം പറയട്ടെ?
''ഉം...""
''നീയാണ് എനിക്ക് കിട്ടിയ ഏറ്റവും വിലപ്പെട്ട ക്ലൂ...""
അവൾ അതു കേട്ടു ചിരിച്ചു. സിദ്ദു ജിൻസിയെ വിളിച്ചു ഒന്നു കാണണമെന്നു പറഞ്ഞു. അവൾ അവനെ പിറ്റേ ദിവസം അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു. സിദ്ദു രാത്രി കിടക്കും മുൻപ് ജിൻസിയോട് ചോദിക്കേണ്ട ചോദ്യങ്ങൾ മനസിൽ പലവുരു പറഞ്ഞ് തയ്യാറെടുത്തു. ഇപ്പോൾ സ്വപ്നങ്ങളിൽ പോലും ചോദ്യങ്ങൾ വരിവരിയായി വന്നു വീഴുകയാണ്. സ്വൈര്യക്കേടിന്റെ വിത്തുകൾക്ക് നിദ്ര പോലും നല്ല വളക്കൂറുള്ള മണ്ണായിരിക്കുന്നു. ജിൻസി പറഞ്ഞത് പോലെ പത്തു മണിയോടെ തന്നെ സിദ്ദു വീട്ടിലെത്തി. സുഖാന്വേഷണങ്ങൾക്ക് ശേഷം സിദ്ദു ചോദിച്ചു.
''ചേച്ചി...ഞാൻ ഫോണിൽ പറഞ്ഞില്ലേ. സുധിചേട്ടന്റെ കവിതകളെ കുറിച്ചും കോളേജ് ലൈഫിനെ കുറിച്ചും കുറച്ചു കാര്യങ്ങൾ അറിയണമായിരുന്നു...എന്തെങ്കിലുമൊക്കെ ഓർത്തെടുക്കാൻ പറ്റുമോ?""
കോളേജിലെ കാര്യങ്ങളൊക്കെ ഇപ്പൊ മറന്നു തുടങ്ങി...പക്ഷേ സുധിയുടെ കവിതാഭ്രാന്തിനെ കുറിച്ച് എനിക്ക് പറയാൻ പറ്റും... പുള്ളിക്കാരൻ ആ സമയത്ത് നല്ലോണം എഴുതുമായിരുന്നു. സത്യത്തിൽ അവൻ അറിയപ്പെടുന്ന ഒരു കവിയായി മാറും എന്നു തന്നെ ഞാൻ വിചാരിച്ചിരുന്നു. എന്തു കൊണ്ടോ പിന്നീട് അവൻ എഴുത്ത് നിർത്തിയെന്ന് തോന്നുന്നു...""
''ഇല്ല ചേച്ചി...ചേട്ടൻ എഴുതുന്നുണ്ടായിരുന്നു. പക്ഷേ ആരേയും കാണിച്ചിട്ടുണ്ടാവില്ല...വീട്ടിൽ കുറെ പുസ്തകങ്ങൾ എനിക്ക് ചേട്ടന്റെ മേശയ്ക്കകത്ത് നിന്നും കിട്ടി. നിറയെ എഴുതി വച്ചിരിക്കുന്നു!...എനിക്കതൊക്കെ ശേഖരിച്ച് ഒരു ബുക്ക് ആക്കണം...അതാണാഗ്രഹം..""
''ഉം. ചിലരങ്ങനെയാ...എഴുതി വയ്ക്കുകയേ ഉള്ളൂ...ആരേയും കാണിക്കാൻ താത്പര്യം ഉണ്ടാവില്ല...ഒരു സെൽഫ് സാറ്റിസ്ഫാക്ഷനു വേണ്ടി എഴുതി കൊണ്ടിരിക്കും...""
''ഉം...കോളേജിൽ പഠിക്കുന്ന ടൈമിൽ ...ചേട്ടന് ഒരുപാട് ഗേൾഫ്രണ്ട്സൊക്കെ ഉണ്ടായിരുന്നിരിക്കും അല്ലേ?""
''ഉം. അങ്ങനെ പറയാൻ...ആരെങ്കിലും ഉണ്ടായിരുന്നതായി ഓർക്കുന്നില്ല...""
''ഞാനൊന്നു ചോദിക്കട്ടെ...എനിക്കെന്തോ താരചേച്ചിക്ക്...ചേട്ടനോടെന്തോ ഒരു സോഫ്റ്റ്കോണറുണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്...""
''സുധി അങ്ങനെ പറഞ്ഞിരുന്നോ?""
''ഇല്ല...അങ്ങനെ എന്നോട് പറഞ്ഞിട്ടില്ല...എന്താ ചേച്ചിയോട് പറഞ്ഞിട്ടുണ്ടോ?""
''ഇനി അതൊക്കെ പറഞ്ഞിട്ട്...താരയ്ക്ക്...അങ്ങനെ ഒരു ഇഷ്ടമുണ്ടായിരുന്നു...സത്യമാണ്...പക്ഷേ എന്തുകൊണ്ടോ സുധി ഒരിക്കലും അത് അവളോട് പറഞ്ഞതേയില്ല...അന്ന് ആ ട്രിപ്പിനു പോകും മുമ്പ് അവളെന്നോട് പറഞ്ഞിരുന്നു, ലാസ്റ്റായിട്ട് അത് ചോദിക്കാൻ പോവുകയാണെന്ന്....അവളത് ചോദിക്കുകയും ചെയ്തു...പക്ഷേ... സുധി എന്തോ എക്സ്ക്യൂസ് പറഞ്ഞു...""
''എന്ത് എക്സ്ക്യൂസ്? അതെനിക്കറിയില്ല...സുധിക്ക് ആക്സിഡന്റ് പറ്റിയത് കൊണ്ട് പിന്നീട് എനിക്കത് അവളോട് ചോദിക്കാനേ തോന്നിയില്ല...അവളെ എന്തിനു വെറുതെ വിഷമിപ്പിക്കണം?...പിന്നെ ചോദിച്ചിട്ടും എന്തു കാര്യം?""
''ഉം...""
അവിടെ വച്ച് താര സുധിയോട് എന്തു സംസാരിച്ചു എന്നതിനു ഉത്തരമായി. പക്ഷേ സുധിയുടെ മറുപടി എന്തായിരുന്നു എന്നത്... അത് ജിൻസി പറഞ്ഞത് പോലെ താരയോട് ചോദിക്കുന്നതിൽ അർത്ഥമില്ല...ചിലപ്പോൾ ആ മറുപടിയിൽ താൻ അന്വേഷിക്കുന്നതിന്റെ ഉത്തരമുണ്ടാവും. ഇനി...താരയുടെ സ്നേഹം നിരസിച്ചതിനു താര സുധിയെ...ഇല്ല...ഷർമിയുടെ തിയറി അനുസരിച്ച് ഒരിക്കലും അതിനുള്ള സാദ്ധ്യതയില്ല. പിന്നെ ആരാവും?അതേക്കുറിച്ച് ആലോചിക്കുമ്പോൾ അവന്റെ ഫോൺ ശബ്ദിച്ചു.
''ഒരു മിനിറ്റ്...""
''ഹലോ...ഞാനിപ്പോ വേറൊരു സ്ഥലത്താണ്...""
''ങാ...നാളെ ഓകെയാണ്.""
''ഓക്കെ...താങ്ക്സ് ചേട്ടാ...നാളെ കാണാം...""
അവൻ ഫോൺ കട്ട് ചെയ്തു. വാച്ചിലേക്ക് നോക്കിയ ശേഷം സിദ്ദു പറഞ്ഞു.
''ചേച്ചി...എനിക്കൊരിടം വരെ പോകാനുണ്ട്... ഞാൻ ഇറങ്ങട്ടെ...ചേട്ടന്റെ എന്തെങ്കിലും പഴയ ഓർമ്മകളോ രസമുള്ള കാര്യങ്ങളോ ഉണ്ടെങ്കിൽ പറയണേ...എന്തെങ്കിലും ഉണ്ടെങ്കിൽ...ഒന്ന് ടെക്സ്റ്റ് ചെയ്താൽ മതി..ഞാൻ വന്നു വാങ്ങിക്കൊള്ളാം.""
അവൻ ജിൻസിയോടു യാത്ര പറഞ്ഞിറങ്ങി. സിദ്ദൂനു ആകെ മൊത്തം ഒരു സ്വൈര്യക്കേട് തോന്നിത്തുടങ്ങിയിരുന്നു. ആത്മാർത്ഥമായി ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടി വന്നു ഇഷ്ടം പറയുക. എന്നിട്ട് ചേട്ടനത് നിരസിക്കുക. അതിനു രണ്ടു കാരണങ്ങളേ ഉള്ളൂ. ഒന്നുകിൽ ചേട്ടന് ആ പെൺകുട്ടിയെ എന്തെങ്കിലും കാരണം കൊണ്ട് ഇഷ്ടപ്പെടാതെ പോയി. അല്ലെങ്കിൽ ചേട്ടന് മറ്റൊരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു എന്നു കരുതണം. രണ്ടാമത്തേതിനാണ് കൂടുതൽ സാദ്ധ്യത. എങ്കിൽ ആ പെൺകുട്ടി ആരാണ്? എവിടെയാണ് ഒളിഞ്ഞിരിക്കുന്നത്?
ചേട്ടനും താരചേച്ചിയും തമ്മിൽ ഇഷ്ടമായിരിക്കുമെന്നും ആ ഊഹം ഉറപ്പിക്കുന്ന എന്തെങ്കിലും കാര്യം ആരുടേയെങ്കിലും പക്കൽ നിന്നും കിട്ടും എന്ന് വിചാരിച്ചിരുന്നതാണ്...ഒളിഞ്ഞിരിക്കുന്ന ആ വ്യക്തി...ഒരുപക്ഷേ ജിൻസി ആവുമോ? ജിൻസിക്കും സംശയമുണ്ടോ? സുധിയും വേറൊരു പെൺകുട്ടിയും തമ്മിലുള്ള ബന്ധവും...അതു സുധിയുടെ മരണത്തിനു കാരണമായോ എന്നും സംശയം തോന്നിയിട്ട്...ആ സംശയം തീർക്കാൻ തന്നെ കരുവാക്കിയതാണോ?...ഇനി ആ മൂന്നാമൻ ഒരു പെണ്ണായിരിക്കുമോ? അപകടകാരിയായ ആ വ്യക്തി...ആരാണത്? തിരികെ വന്നു സിദ്ദു ഷർമിയോട് എല്ലാം വിവരിച്ചു - ജിൻസി പറഞ്ഞതും തന്റെ ഊഹങ്ങളും, നിഗമനങ്ങളും. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഷർമി പറഞ്ഞു.
''ഇപ്പോൾ നീ പറഞ്ഞതിൽ കാര്യമുണ്ട്. നിന്റെ ഊഹം ശരിയാവാനാണ് സാദ്ധ്യത. ആ പെൺകുട്ടിയെ കണ്ടെത്തിയാൽ നമുക്ക് ഈസിയായിട്ട് ആ മൂന്നാമനെ കണ്ടെത്താം. ഒരു പക്ഷേ സുധിചേട്ടന്റെ പഴയ സുഹൃത്തുക്കളെ അതിനായി നമുക്ക് ആശ്രയിക്കേണ്ടി വരും. തത്ക്കാലം നമ്മൾ നമ്മുടെ ലിസ്റ്റിലുള്ളവരെ ആദ്യം കണ്ടു തീർക്കാം. ചിലപ്പോൾ ഇനിയും സംസാരിക്കുമ്പോൾ വേറേ ചില പേരുകൾ കൂടി കിട്ടാൻ ചാൻസുണ്ട്.""
''ഓ... പറയാൻ വിട്ടു... ഞാനവിടെ ഇരുന്നപ്പോൾ വെങ്കിചേട്ടൻ വിളിച്ചു. നാളെ കാണാമെന്നു പറഞ്ഞിട്ടുണ്ട്. ഇങ്ങോട്ട് വരാന്നാ പറഞ്ഞത്.""
''അതു നന്നായി... വെങ്കിചേട്ടനെയാ എനിക്ക് കൂട്ടത്തിൽ ഏറ്റവും പരിചയം. എന്നോടും നല്ല ഫ്രണ്ട്ലിയാ...പുള്ളിക്ക് ഫുഡ് എന്നു പറഞ്ഞാൽ ഭയങ്കര ക്രേസാ...എവിടേലും പുതിയ എന്തെങ്കിലും ഡിഷ് വന്നാ അപ്പൊ വന്നു പറയും.""
സിദ്ദു ചിരിച്ചു. ഷർമിയും.
''സത്യത്തിൽ...വെങ്കിചേട്ടനോട് എനിക്കധികം ചോദിക്കാനൊന്നുമില്ല...ചേട്ടൻ വയ്യാതെ അവിടെ ഇരുന്നതല്ലേ? ഒന്നും കാണാനും പറ്റിയിട്ടുണ്ടാവില്ല...എന്തായാലും ചേട്ടൻ വരട്ടെ...""
''നമുക്ക് നോക്കാം...""
''ഒരു തലവേദന...എനിക്ക് കുറച്ചു നേരം ഒന്ന് കിടക്കണം. വൈകിട്ട് നിന്നെ ഞാനൊരിടത്ത് കൊണ്ടു പോവാം. മനസൊന്ന് തണുപ്പിക്കണം.""
വൈകുന്നേരം വെയിൽ താഴ്ന്നു തുടങ്ങിയ സമയം. ഷർമി വസ്ത്രം മാറി സിദ്ദൂന്റെ കൂടെ പുറത്തേക്ക് പോയി. അവൻ അവളെ ഇത്തവണ അടുത്തുള്ള ഒരു പുഴക്കരയിലേക്കാണ് കൊണ്ടു പോയത്. ഇപ്പോഴവിടെ പേരിനു മാത്രമാണ് വെള്ളമൊഴുകുന്നത്. ഒരു ചാല് പോലെ മാത്രം. മണൽപ്പരപ്പിൽ കുറച്ചകലെയായി ചെറുപ്പക്കാർ ഫുട്ബോൾ കളിക്കുന്നുണ്ടായിരുന്നു. അവൾ അവിടം മുഴുക്കെയും കണ്ണോടിച്ചു.
കുറച്ചപ്പുറത്ത് കുട്ടികൾ പട്ടം പറത്തി കളിക്കുന്നത് കണ്ടു. ഇളം കാറ്റ് വീശുന്നുണ്ട്. ഷർമി...പണ്ടിവിടെ ഞാനും സുധിയും പിന്നെ ചില കൂട്ടുകാരും ഇടയ്ക്കിടെ വരാറുണ്ടായിരുന്നു. അന്ന് ഇഷ്ടം പോലെ വെള്ളമുണ്ടായിരുന്നു. നമ്മളെല്ലാരും നീന്തൽ പഠിച്ചതും ഇവിടെ തന്നെ. അക്കാലത്തെ കഥകൾ പറഞ്ഞാൽ നീ വിശ്വസിക്കുകയില്ല. ഇനി എന്നെങ്കിലും ഈ പുഴ പഴയതു പോലെ ആവുമെന്ന്...എനിക്ക് തോന്നുന്നില്ല.
അവർ നടന്ന് വെള്ളമൊഴുകുന്നതിന്റെ സമീപം ചെന്നിരുന്നു. അവിടെയുമിവിടേയും പുല്ലുകൾ ഉയർന്നു നിൽപ്പുണ്ട്. അതു കൂടി ഇല്ലാതിരുന്നെങ്കിൽ വെറും തരിശ് ഭൂമി പോലെ തോന്നിക്കുമായിരുന്നു അവിടം. സായാഹ്നസൂര്യന്റെ സ്വർണ്ണവെയിലിലേറ്റ് തിളങ്ങുന്ന പുഴ. കുറച്ച് നേരം അവിടെ കാറ്റേറ്റ്, വെയിലേറ്റ് അവരിരുന്നു. സിദ്ദു തിളങ്ങുന്ന വെള്ളത്തിലേക്ക് തന്നെ കണ്ണിമയ്ക്കാതെ നോക്കി ഇരുന്നു. എന്നിട്ടെന്തോ ഓർത്തെടുക്കും പോലെ പറഞ്ഞു.
''ഞാനൊരു...കഥ പറയട്ടെ?""
''ഉം...""
ദൂരേക്ക് നോക്കിയിരുന്ന ഷർമി അവന്റെ നേർക്ക് മുഖം തിരിക്കാതെ മൂളി.സിദ്ദു പതിയെ പറഞ്ഞു തുടങ്ങി.
''ഇവിടെ അടുത്ത് ഞങ്ങൾക്കൊരു ഫ്രണ്ടുണ്ടായിരുന്നു...എന്റെ ഫസ്റ്റ് ഗേൾഫ്രണ്ട്...എന്നു വേണേൽ പറയാം...പക്ഷേ അന്നു എന്തോ ഒരു ഇഷ്ടം... അത്രേ ഉണ്ടായിരുന്നുള്ളൂ... പ്രേമം എന്നൊന്നും പറയാനുള്ള പ്രായമായിട്ടില്ലായിരുന്നു. അവൾക്കൊരു മൂത്ത ബ്രദറുണ്ടായിരുന്നു. സുധിയും അവനുമായിട്ടായിരുന്നു കൂട്ട്. ഞാൻ അവളുമായിട്ടും...’ അതു പറഞ്ഞ് അവൻ ആ പെൺകുട്ടിയെ മുന്നിൽ കണ്ടതു പോലെ ചിരിച്ചു.
''ഉം...""
ഷർമി മൂളി. സിദ്ദു തുടർന്നു.
''ഒരു ദിവസം...എനിക്കിപ്പോഴും ഒർമ്മയുണ്ട്. ഞാൻ ഒരു പട്ടം ഉണ്ടാക്കുകയായിരുന്നു. അവളെ കാണിക്കാൻ! അവൾടെ ചേട്ടന്റെ കൂടെ കളിക്കാൻ പോയ സുധി അന്ന് വേഗം തിരികെ വന്നു. എന്താ എന്ന് ചോദിച്ചിട്ട് ഒന്നും പറയാതെ അവൻ കുളിമുറിയിൽ പോയി കതകടച്ച് ഇരുന്നു. എനിക്കൊന്നും മനസിലായതേ ഇല്ല...അന്നു വൈകിട്ട് ഞാൻ പട്ടം അവളെ കാണിക്കാൻ പോയപ്പോഴാണ് അറിയുന്നത് അവൾ പുഴയിൽ വീണ് മരിച്ചു എന്ന്...""
ഷർമി മുഖം തിരിച്ച് സിദ്ദൂനെ നോക്കി. അവൻ അവളുടെ നേർക്ക് നോക്കാതെ തുടർന്നു.
''അതിനു ശേഷം ഞങ്ങൾ അവന്റെ കൂടെ കളിക്കാനേ പോയില്ല...എനിക്ക് അവളുടെ വീട്ടിൽ പോകാനും മനസ് വന്നില്ല...കുറച്ചു നാൾ കഴിഞ്ഞ് അവർ വീട് മാറി ദൂരെ എവിടെയോ പോയതായി അറിഞ്ഞു...സുധിയോട് ഇതു വരെ ഞാൻ ആ സംഭവത്തെ കുറിച്ച് സംസാരിച്ചിട്ടില്ല... അവൻ എന്നോടും...""
ഷർമി അവന്റെ കൈയ്യെടുത്ത് ആശ്വസിപ്പിക്കാനെന്നവണ്ണം പതിയെ തഴുകി.
''പക്ഷേ... എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്...ആ കുട്ടിയുടെ മരണത്തിനു പിന്നിൽ എന്തോ ചില രഹസ്യങ്ങളുണ്ടെന്ന്...അത് സുധിക്ക് അറിയാമെന്നും...""
ഷർമി മുഖം തിരിച്ച് അവനെ സംശയഭാവത്തിൽ നോക്കി ഇരുന്നു.
''എന്തെന്നറിയില്ല...സുധി പോയപ്പോൾ..ഞാൻ ആ പഴയ കാര്യം വീണ്ടുമോർത്തു...ആ കുട്ടിയുടെ ചേട്ടൻ തിരികെ വന്നതായും...സുധിയെ അപകടപ്പെടുത്താൻ ശ്രമിച്ചതായും...ഒക്കെയും എന്റെ തോന്നലുകളാണെന്നറിയാം...പക്ഷേ ആ ഒരു തോട്ട് എന്നെ വിടാതെ ഫോളോ ചെയ്യുന്നു...എനിക്കറിയില്ല...ഞാനെന്തിനാണ് ആ പഴയ സംഭവവും സുധിയുടെ കാര്യവും കണക്ട് ചെയ്യാൻ ട്രൈ ചെയ്യുന്നതെന്ന്...""
''നോ സിദ്ദു...ഈ രണ്ടു കാര്യങ്ങളും തമ്മിൽ ഒരു റിലേഷനുമില്ല...എല്ലാം നിന്റെ വെറും തോന്നലുകളാണ്...ഞാൻ പറഞ്ഞില്ലെ...നീ ആവശ്യത്തിൽ കൂടുതൽ ചിന്തിച്ച് ആകെ സ്ട്രെസ്ഡ് ആയിട്ടുണ്ട്...""
''ശരിയായിരിക്കും...പക്ഷേ എനിക്ക് അതിൽ നിന്ന് എസ്കേപ്പ് ചെയ്യാൻ പറ്റുന്നില്ല...""
അതും പറഞ്ഞ് അവൻ തല കുനിച്ച് ഇരുന്നു. ഷർമി, പതിഞ്ഞ താളത്തിൽ ഒഴുകുന്ന വെള്ളത്തിലേക്ക് നോക്കി ഇരുന്നു. നൂലറ്റ് വീണൊരു പട്ടം പുഴയിലൂടെ പതിയെ ഒഴുകി വരുന്നത് അവൾ കണ്ടു.
''നീ കുറച്ച് നേരം ദാ...അവിടെ കുട്ടികൾ പട്ടം പറപ്പിക്കുന്നത് നോക്കി ഇരിക്ക്...ഒന്നും ആലോചിക്കണ്ട...അല്ലെങ്കിൽ വേണ്ട, നീ എഴുന്നേൽക്ക്...നമുക്ക് കുറച്ച് നേരം നടക്കാം.""
അവർ എഴുന്നേറ്റു. വിരലുകൾ കോർത്ത് അവർ തീരത്തിലൂടെ പതിയെ നടന്നു.
ഇത്രനാളും തനിക്കും ഷർമിക്കും...ഒരുപക്ഷേ താരയ്ക്കും മാത്രമായിരുന്നു സംശയമുണ്ടായിരുന്നത്. എന്നാൽ...ഇതാ ഒരാൾ കൂടി! ആരോടും പറയാതെ മനസിന്റെ അറയ്ക്കുള്ളിൽ തളച്ചിട്ടിരുന്ന ആ രഹസ്യം...ആരോടും നേരിട്ട് ചോദിക്കാൻ മടിച്ചിരുന്ന ആ ഒരു കാര്യം ഇതാ ഒരാൾ തന്നോട് ഇങ്ങോട്ട് ചോദിച്ചിരിക്കുന്നു!
''സത്യത്തിൽ...ഞാൻ സുധിചേട്ടന്റെ മരണത്തിൽ...ഏതെങ്കിലും തരത്തിൽ ഒരു ഫൗൾ പ്ലേ നടന്നിട്ടുണ്ടോ എന്ന് അറിയാൻ കൂടിയാണ് ചേട്ടനെ അന്വേഷിച്ചു വന്നത്...ചേട്ടന് സംശയം തോന്നാൻ...എന്താണ് കാരണം?""
''ഉം. ഒരുപാട് കാരണങ്ങളുണ്ട്...സിദ്ദു പറഞ്ഞതു പോലെ സുധി ഒരിക്കലും...ഒരിക്കലും അത്രയ്ക്കും കെയർലെസായിട്ട് അങ്ങനെ ഒരു സ്ഥലത്ത് പോയി നിൽക്കില്ല...അത്രയ്ക്കും സില്ലിയല്ല അവൻ. എല്ലാം വളരെ ആലോചിച്ചു മാത്രമേ ചെയ്യുകയുള്ളൂ. അവൻ ഒരിക്കലും സൂയിസൈഡ് ചെയ്യുകയുമില്ല... മറ്റൊരു കാരണം...അവൻ അവന്റെ ലൈഫിലെ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കാൻ പോവുകയായിരുന്നു.. അതേക്കുറിച്ചെനിക്കറിയാമായിരുന്നു...""
അതു പറഞ്ഞ് രഘു സമീപത്ത് വെച്ചിരുന്ന ഒരു മെലിഞ്ഞു നീണ്ട വടിയെടുത്ത് പ്ലാസ്റ്ററിട്ടതിന്റെ ഉള്ളിലേക്ക് കടത്തി ഉരസാൻ തുടങ്ങി.
അതാണോ സുധി പറഞ്ഞ സ്പെഷ്യൽ ന്യൂസ്? ഇതാദ്യമായാണ് ആ സ്പെഷ്യൽ ന്യൂസിനെ കുറിച്ച് ഒരു സൂചന കിട്ടുന്നത്.
''എന്തു തീരുമാനം?""
'ഏതൊരാളുടേയും ജീവിതത്തിലെ പ്രധാനപ്പെട്ടൊരു കാര്യം... അവൻ വിവാഹത്തെ കുറിച്ച് സീരിയസ് ആയി ആലോചിച്ച് ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരുന്നു.""
''ആരുമായിട്ട്?""
''സോറി സിദ്ദു...ആ വ്യക്തിയുടെ പേര് ഞാൻ പറയില്ല. അത് ശരിയല്ല... അനാവശ്യമായി അവളെ...ഈ കാര്യത്തിലേക്ക് വലിച്ചിഴയ്ക്കാൻ പാടില്ല. ഒരു കാര്യം മാത്രം പറയാം. ആ പെൺകുട്ടിയുമായി ചേട്ടൻ നല്ല അടുപ്പത്തിലായിരുന്നു. അവൾ സുധിയെ മാത്രമേ കല്യാണം കഴിക്കൂ എന്ന തീരുമാനത്തിലുമായിരുന്നു. പക്ഷേ ആ ഒരു ബന്ധത്തിനു ഒരാൾ തടസമായി. ആ പെൺകുട്ടിയുടെ ജീവന് തന്നെ ഭീഷണി വന്നു. അവളുടെ മുഖത്ത് ആസിഡ് ഒഴിക്കും...ആളെ വിട്ട് ഉപദ്രവിക്കും...അങ്ങനെ പലവിധ ഭീഷണികൾ...""
''ആരാണത്?...എന്നിട്ട് ആ കാര്യമൊന്നും ചേട്ടനറിയില്ലായിരുന്നോ?""
''അറിയാമായിരുന്നു. ആ പെൺകുട്ടി എല്ലാം അവനോട് അപ്പപ്പോൾ അറിയിച്ചിരുന്നു...""
''എന്നിട്ട് ചേട്ടൻ ഒന്നും ചെയ്തില്ലെ? എന്തിനൊരുത്തൻ ആ പെൺകുട്ടിയെ ഭീഷണിപ്പെടുത്തണം?...ചേട്ടന് വേറെ ആരോടെങ്കിലും ബന്ധമുണ്ടായിരുന്നോ?""
''എന്തിന് ഭീഷണിപ്പെടുത്തി എന്ന കാര്യം എനിക്കറിയില്ല...സുധി ആ ഭീഷണിയൊന്നും വക വെച്ചതേയില്ല...അവൻ ആ പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കും എന്നു തന്നെ തീരുമാനിച്ചിരിക്കുകയായിരുന്നു...""
''ആരാണ് ആ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്?...ആർക്ക് വേണ്ടിയാണ്?""
''ആർക്ക് വേണ്ടിയാണ് ഭീഷണിപ്പെടുത്തിയത് എന്നെനിക്കറിയില്ല...പക്ഷേ ആരാണ് ഭീഷണിപ്പെടുത്തിയത് എന്നെനിക്കറിയാം...പക്ഷേ അതിനെന്റെ കൈയ്യിൽ തെളിവൊന്നുമില്ല...ആ പെൺകുട്ടി പറഞ്ഞ കാര്യം മാത്രമേ എനിക്കറിയാവൂ...""
ഒന്നു ദീഘമായി നിശ്വസിച്ച ശേഷം രഘു തുടർന്നു,
''സിദ്ദുവിന് അറിയാവുന്ന ആളാണത്...കിഷോറാണ് അവളെ ഭീഷണിപ്പെടുത്തിയത്.""
''കിഷോറോ?!""
സിദ്ദു ഷർമിയുടെ മുഖത്തേക്ക് നോക്കി.
ഷർമി ഇടുങ്ങിയ പുരികങ്ങളോടെ രഘുവിനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.
''നോ...കിഷോറേട്ടൻ അങ്ങനെ ചെയ്യാൻ യാതൊരു ചാൻസുമില്ല...ഹീ ഈസ് ഹിസ് ബെസ്റ്റ് ഫ്രണ്ട്...""
''സിദ്ദു...എനിക്ക് ഈ കിഷോറിനെ...ക്യാമ്പസ് ടൈം മുതലേ അറിയാം...സിദ്ദു വിചാരിക്കുന്ന പോലെയുള്ള ഒരാളല്ല അവൻ...ഹീ ഈസ് വെരി ഡേഞ്ചറസ്...""
''പക്ഷെ...""
''എനിക്ക്...പണ്ടേ അവനെ ഇഷ്ടമല്ല...എനിക്ക് ഇഷ്ടമില്ലാത്തത് കൊണ്ടാണ് ഞാനിതൊക്കെ പറയുന്നത് എന്ന് വിചാരിക്കരുത്...ഞാൻ സുധിയെ പലവട്ടം അവന്റെ കാര്യം പറഞ്ഞ് വാൺ ചെയ്തിട്ടുണ്ട്...പക്ഷേ അറിയാല്ലൊ, സുധിക്ക് ഒരാളെ വിശ്വാസമായാൽ പിന്നെ അതിൽ നിന്നവൻ മാറില്ല...എത്ര പറഞ്ഞിട്ടും അവൻ കൺവിൻസ്ഡ് ആയില്ല...സത്യത്തിൽ ആ ട്രിപ്പിന് പോകുമ്പോൾ കിഷോറിനെ നേരിട്ട് കണ്ട് എനിക്ക് അതേക്കുറിച്ച് സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എനിക്ക് പോകാനും പറ്റിയില്ല...സുധിക്ക് ആക്സിഡന്റ് പറ്റുകയും ചെയ്തു...സുധിയുടെ മരണത്തിനു കാരണം കിഷോറാണെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ പറ്റില്ല...പക്ഷെ എനിക്ക് എന്തോ...ഒരു സംശയമുണ്ട്...""
''ഈ..അനോണിമസ്...""
സിദ്ദുവിന് ചോദിക്കാതിരിക്കാനായില്ല.
''അനോണിമസ്?...എന്ത് അനോണിമസ്?""
''ഇല്ല...ഒന്നുമില്ല...""
''സിദ്ദു...ഞാനീ പറഞ്ഞതിനൊന്നും ഒരു പ്രൂഫും തരാൻ പറ്റില്ല...ആ പെൺകുട്ടിയുടെ ഡീറ്റെയിൽസും എനിക്ക് പറയാൻ പറ്റില്ല...അല്ല...ഇനി അതിനൊന്നും ഒരു മീനിംഗും ഇല്ല...അവൾ സമാധാനമായി ജീവിച്ചോട്ടെ... പക്ഷേ സിദ്ദു കിഷോറുമായി ഒരു കോണ്ടാക്ടും വയ്ക്കാതിരിക്കുന്നതാ നല്ലത്...വെറുതെ എന്തിനാണ്...ചിലപ്പോൾ സുധിക്ക് പറ്റിയത് ഒരു ആക്സിഡന്റ് തന്നെ ആയിരിക്കും...കിഷോറിന് അതിൽ ഒരു പാർട്ടും ഉണ്ടാവില്ല...സോ...""
ഒരു നിമിഷം സിദ്ദൂനേയും ഷർമിയേയും മാറി മാറി നോക്കിയതിനു ശേഷം രഘു പറഞ്ഞു,
''സത്യത്തിൽ...ഇതൊക്കെ എന്നെങ്കിലും ആരെങ്കിലും...എനിക്ക് തോന്നിയതു പോലെ...സംശയവുമായി വരികയാണെങ്കിൽ മാത്രം പറയാമെന്നു വിചാരിച്ച് ഇരുന്നതാണ്. ഇപ്പോഴിതാ നിങ്ങൾ എന്റെ മുന്നിൽ സംശയവുമായി വന്നു. ഞാൻ എന്റെ സംശയങ്ങൾ പറഞ്ഞു. നിങ്ങൾക്ക് സ്വീകരിക്കാം അല്ലെങ്കിൽ തള്ളിക്കളയാം...നിങ്ങളോട് ഇതൊക്കെയും പറഞ്ഞു കഴിഞ്ഞപ്പോൾ ഒരു വലിയ ആശ്വാസം...എന്തോ വലിയ ഒരു ഭാരം ഇറക്കി വച്ചതു പോലെ...""
രഘു ശബ്ദമില്ലാതെ ചിരിച്ചു.
സിദ്ദു കസേരയിൽ പിന്നോക്കം ചാഞ്ഞിരുന്നു. അവൻ ചുവരിലേക്ക് നോക്കി എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരുന്നു. ഷർമി ഒന്നും പറഞ്ഞതേയില്ല.
കുറച്ച് കഴിഞ്ഞ് സിദ്ദു കസേരയിൽ നിന്നും സാവധാനം എഴുന്നേറ്റു. അതു കണ്ട് ഷർമിയും എഴുന്നേറ്റു.
''ഓക്കെ ചേട്ടാ...ഞാൻ കെയർഫുൾ ആയി ഇരിക്കാം...ചേട്ടൻ റെസ്റ്റ് എടുക്കൂ..ഗെറ്റ് വെൽ സൂൺ...""
''താങ്ക്സ് സിദ്ദു...സുധിയുടെ റൈറ്റിംഗ്സ്...ഞാനൊന്ന് നോക്കട്ടെ...എന്തെങ്കിലും കിട്ടുവാണെങ്കിൽ ഞാൻ വിളിക്കാം...""
സിദ്ദു രഘുവിനു നന്ദി പറഞ്ഞ് ഇറങ്ങി. തിരികെ വീട്ടിലേക്ക് ബൈക്കോടിക്കുമ്പോൾ സിദ്ദുവിന്റെ മനസ് വല്ലാതെ കലുഷിതമായിരുന്നു. അവന്റെ ശ്രദ്ധ പലവട്ടം പാളി പോയത് ഷർമി ശ്രദ്ധിച്ചു. ബൈക്ക് വേഗത കുറച്ച് ഓടിക്കാൻ ഉപദേശിക്കുകയും ചെയ്തു. അവൻ സംസാരിച്ചതേയില്ല.
വീട്ടിലെത്തിയിട്ടും അവരിരുവരുടേയും നടുക്കം മാറിയിരുന്നില്ല. സിദ്ദു കൂജയിൽ നിന്നും ഒരു കവിൾ വെള്ളം കുടിച്ചിട്ട് നേരെ മുറിയിലേക്ക് പോയി കിടക്കയിൽ കിടന്നു. സകല അംഗങ്ങളും തളർന്നത് പോലെ.. ചിന്താശക്തി നഷ്ടപ്പെട്ടതു പോലെ.. ബുദ്ധിയുടേയും വിശകലനത്തിന്റേയും ഞരമ്പുകൾക്ക് ബലക്ഷയം വന്നതു പോലെ. എന്തിനാണ് കിഷോർ ആ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്? അതു സുധിക്ക് വേണ്ടി ആയിരിക്കുമോ എന്ന് ഒരു നിമിഷം ചിന്തിച്ചു. നേരിട്ട് ഒഴിവാക്കാൻ കഴിയില്ല എന്നോ മറ്റോ തോന്നിയത് കൊണ്ട്...കിഷോറിനെ കൊണ്ട് ചെയ്യിച്ചതാവുമോ?...ആവില്ല...താനറിയുന്ന ചേട്ടൻ ഒരിക്കലും അങ്ങനെ ചെയ്യില്ല...സുധി ആ പെൺകുട്ടിയുമായുള്ള വിവാഹത്തിനു ഉറച്ച തീരുമാനം എടുത്തിരുന്നു എന്നല്ലെ രഘു പറഞ്ഞത്? ഇനി രഘു എന്തെങ്കിലും ഒളിക്കുകയാണോ? ഈ പറഞ്ഞ പെൺകുട്ടി രഘുവിന്റെ വെറുമൊരു സാങ്കൽപ്പിക സൃഷ്ടി ആണോ? ആവില്ല...രഘുവിനും സംശയമുണ്ടെന്നല്ലേ പറഞ്ഞത്? മറയ്ക്കണമെങ്കിൽ രഘുവിനു ഇതേക്കുറിച്ച് ഒന്നും തന്നെ പറയാതിരിക്കാമായിരുന്നല്ലോ?
ആ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി എന്നും വെച്ച് കിഷോർ എന്തിനു സുധിയെ അപായപ്പെടുത്തണം? ഇനി കിഷോറിന് ആ പെൺകുട്ടിയെ ഇഷ്ടമായിരുന്നിരിക്കുമോ? അവൾ സുധിയെ ഇഷ്ടപ്പെടുന്നതറിഞ്ഞ്...അല്ലെങ്കിൽ കിഷോർ വേറെ ആർക്കെങ്കിലും വേണ്ടി?...എങ്കിൽ കിഷോർ ആർക്കു വേണ്ടിയാവും ഭീഷണിപ്പെടുത്തിയത്?
താരക്ക് വേണ്ടി ആവുമോ? താര തിരികെ വരുമ്പോൾ കരഞ്ഞത് പോലെ കണ്ണു ചുവന്നിരുന്നു എന്നല്ലേ വെങ്കി പറഞ്ഞത്? മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു എന്നോ താരയെ വിവാഹം ചെയ്യാൻ താത്പര്യമില്ലെന്നോ ആവും സുധി താരയോടു പറഞ്ഞിട്ടുണ്ടാവുക. ആ ദേഷ്യത്തിൽ...ഇല്ല...താര അങ്ങനെ ചെയ്യില്ല. ഇനി ആ പെൺകുട്ടിയെ വേറൊരാൾ ഇഷ്ടപ്പെടുന്നുണ്ടാവുമോ? അയാൾ ആവുമോ കിഷോറിനോട് അവളെ ഭീഷണിപ്പെടുത്താൻ പറഞ്ഞത്? സുധി അത് വകവയ്ക്കാത്തത് കൊണ്ട് ഒടുവിൽ അയാൾ തന്നെ സുധിയെ...അങ്ങനെ വരുമ്പോൾ എന്തെങ്കിലും സംശയം വന്നാൽ തന്നെ അതു കിഷോറിനെ ആവില്ലേ ബാധിക്കുക? കിഷോറിനെ കുടുക്കാൻ മനപ്പൂർവ്വം ഒരു കഥ മെനഞ്ഞെടുത്തതാവുമോ?
കിഷോർ സുധിയുടെ ഏറ്റവും അടുത്ത സുഹൃത്താണ്. സുധിക്ക് വേണ്ടി തല്ലാനും കൊല്ലാനും വേണമെങ്കിൽ ചാകാനും വരെ തയ്യാറാകുന്ന സുഹൃത്ത്. അങ്ങനെ ഉള്ള ഒരാൾ ആ ഒരു പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെങ്കിൽ അത് സുധിയുടെ നല്ലതിനു വേണ്ടി ആവില്ലേ? ചിലപ്പോൾ ആ പെൺകുട്ടിയെ കുറിച്ച് കേൾക്കാൻ പാടില്ലാത്ത എന്തെങ്കിലും കേട്ടിട്ടുണ്ടാവും...സുധിയോട് അതേക്കുറിച്ച് സംസാരിക്കാൻ ആവാതെ പോയിട്ടുണ്ടാവും...അതു കൊണ്ട് പെൺകുട്ടിയെ സുധി അറിയാതെ ഒഴിവാക്കാൻ ശ്രമിച്ചതാവുമോ? ഒരു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി എന്ന ഒറ്റകാരണം കൊണ്ട് കിഷോറിനെ എന്തിനു സംശയിക്കണം? പെൺകുട്ടിയെ ഭീഷണിപ്പെടുത്തി...പെൺകുട്ടി അതേക്കുറിച്ച് സുധിയോട് പറയുകയും ചെയ്തു. അതു കൊണ്ട് കിഷോർ എന്തിനു സുധിയെ അപകടപ്പെടുത്തണം? അതിലൊരു യുക്തിയില്ല.
ഇനി ചിലപ്പോൾ...രഘു തന്നെ ആയിരിക്കുമോ ഇതിനെല്ലാം പിന്നിൽ?...ഈ പറഞ്ഞ അജ്ഞാതയായ പെൺകുട്ടിയെ ഇഷ്ടപ്പെട്ടിരുന്നത് രഘു ആയിരിക്കുമോ?...എന്നിട്ട് സംശയം കിഷോറിന്റെ മേൽ ഇടാൻ ശ്രമിക്കുന്നതാവുമോ? ഈ സംശയങ്ങളെല്ലാം തീർക്കാൻ ഒരു വഴിയേ ഉള്ളൂ...അപകടകാരിയെന്ന് താക്കീത് തന്നെങ്കിലും...ആ ഒരു വഴി മാത്രമേ ഉള്ളൂ. കിഷോറിനെ നേരിൽ കണ്ട് സംശയം തീർക്കുക...
അനോണിമസ്... ആരാണതെന്ന് തനിക്കിപ്പോഴും കണ്ടെത്താനായിട്ടില്ല. കണ്ടെത്താൻ കഴിയുമെന്നും തോന്നുന്നില്ല. ഇതുവരെയുള്ള തന്റെ കണ്ടെത്തലുകളും നിഗമനങ്ങളും കൂട്ടി വെച്ചാൽ...ഒരു പക്ഷേ രഘു പറഞ്ഞ ആ പെൺകുട്ടിയാവുമോ അനോണിമസ്?...അതോ ആ പെൺകുട്ടിയുടെ സഹോദരനോ..സുഹൃത്തോ?
തന്നെ സദാ നിരീക്ഷിക്കാനും, വഴി തിരിച്ചു വിടാൻ ഊമക്കത്തുകൾ അയക്കുകയും ചെയ്യുന്ന ആ വ്യക്തി...തനിക്ക് അപകടമൊന്നും സംഭവിക്കാതിരിക്കാൻ സദാകാവലാകുന്ന ഗാർഡിയൻ ഏയ്ഞ്ചൽ...ആ വ്യക്തി ആരാണെങ്കിലും മറഞ്ഞു തന്നെ നിൽക്കട്ടെ. ഷർമി മുറിയുടെ വാതിൽ സാവധാനം അടച്ച ശേഷം സിദ്ദൂന്റെ സമീപം ചെന്നിരുന്നു.
''നീ എന്താ ഇത്രയ്ക്കും ആലോചിക്കുന്നത്?...കിഷോറിനെ കുറിച്ചാണോ?...നിനക്ക് ഇപ്പോൾ തന്നെ അയാളെ ചെന്നു കണ്ട് സംസാരിക്കണമെന്ന് തോന്നുന്നു അല്ലേ?""
സിദ്ദു ഷർമിയെ തന്നെ ഉറ്റു നോക്കി. തന്റെ ചിന്തകൾ പിടിച്ചെടുക്കാൻ കെൽപ്പുള്ളവൾ. താൻ ഒന്നും പറഞ്ഞില്ലെങ്കിൽ പോലും തന്റെ അടുത്ത പ്രവൃത്തി എന്തായിരിക്കും എന്നു കൃത്യമായി പ്രവചിക്കാൻ കഴിവുള്ളവൾ.
''ഉം...അതു തന്നെ...""
''എന്നാൽ...ഇപ്പോൾ പോകണ്ട...നീ ആകെ കൺഫ്യൂസ്ഡ് ആയിട്ടാണിരിക്കുന്നതെന്ന് എനിക്ക് നല്ലതു പോലെ അറിയാം...""
അവൻ എഴുന്നേറ്റിരുന്നു.
'ഇതിലെന്ത് കൺഫ്യൂഷൻ?""
അവൻ തന്റെ സംശയങ്ങളും, ഊഹങ്ങളും എല്ലാം അവളോട് പങ്കുവെച്ചു.
''ഇപ്പോൾ നീ കുറെ സംശയങ്ങൾ പറഞ്ഞു...ഇതിൽ ഏതാവും സത്യം?""
''എനിക്കറിയില്ല!""
''ഒരു പഴയ രീതിയുണ്ട്...നേതി നേതി...കേട്ടിട്ടുണ്ടോ?""
''ഉം...""
''അതാണ് പ്രയോഗിക്കേണ്ടത്...നിനക്ക് താരയെ സംശയമുണ്ടോ?""
''ഇല്ല...താര ഒരിക്കലും സുധിക്ക് ദോഷമായി എന്തെങ്കിലും ചെയ്യുമെന്ന് തോന്നുന്നില്ല...""
''കിഷോറിനേയോ?""
''അതും തോന്നുന്നില്ല...കിഷോർ ചേട്ടന്റെ ഗ്രേറ്റ് ഫ്രണ്ടാണ്.""
''ഫ്രാൻസി? വെങ്കി? ഫിറോസ്?""
''ഒരിക്കലുമില്ല...ഇവരാരും ആവില്ല.""
''പിന്നെ ആര്?...രഘു?...അതോ രഘു പറഞ്ഞ ആ പെൺകുട്ടി?""
''അതെനിക്കുറപ്പില്ല...""
''രഘു ആ സ്ഥലത്തില്ലായിരുന്നു...ആ പെൺകുട്ടി...എന്നല്ല വേറൊരാളും അവിടെ ഉണ്ടായിരുന്നില്ല...""
''അപ്പോൾ രഘു കള്ളം പറയുകയാണെന്നാണോ?""
''ഇല്ല...രഘു ഒരു കഥ ഉണ്ടാക്കി പറയുന്നതായി എനിക്ക് തോന്നിയില്ല...സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാളെ മാത്രമല്ലേ രഘുവിനു സംശയമുള്ളൂ?...കിഷോറിനെ മാത്രം..."" ഷർമി പറഞ്ഞു.
''പക്ഷെ കിഷോർ എന്തിനങ്ങനെ ചെയ്യണം?...ആർക്കു വേണ്ടി?""
''കിഷോർ ഭീഷണിപ്പെടുത്തിയെന്നല്ലെ രഘു പറഞ്ഞുള്ളൂ? എന്തിനു വേണ്ടിയെന്നോ, ആർക്കു വേണ്ടിയെന്നോ പറഞ്ഞില്ലല്ലോ...""
''ഷർമി...നീ എന്താന്ന് വെച്ചാ തെളിച്ച് പറ.""
''കിഷോർ ഭീഷണിപ്പെടുത്തിയത് കിഷോറിനു വേണ്ടി തന്നെയാണെങ്കിലോ?""
''കിഷോറും...സുധീടെ പെൺകുട്ടിയെ തന്നെ ഇഷ്ടപ്പെട്ടിരുന്നു എന്നാണോ നീ പറഞ്ഞു വരുന്നത്?!"" സിദ്ദു അക്ഷമനായി.
''ഇനി ഞാൻ പറയുന്നത് നീ സമാധാനത്തോടെ...സാവകാശത്തോടെ കേൾക്കണം...എന്നോട് ദേഷ്യപ്പെടരുത്...ഞാൻ മനസ്സിലാക്കിയതാണ് പറയാൻ പോവുന്നത്...നീ നല്ല കൂൾ മൈൻഡോടെ ഇരുന്നു വേണം കേൾക്കാൻ...ഓക്കെ?""
''ഉം...ഓക്കെ..."" അവൻ പാതിമനസ്സോടെ സമ്മതിച്ചു.
ഷർമി കിടക്കയിൽ നിന്നും എഴുന്നേറ്റ് പതിയെ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്താൻ തുടങ്ങി.
''നീ വിചാരിക്കുന്നത് പോലെ...കിഷോറിനു ആ പെൺകുട്ടിയെ എന്നല്ല ഒരു പെൺകുട്ടിയേയും ഇഷ്ടമല്ലായിരുന്നു...അതു പോലെ തന്നെ സുധിചേട്ടൻ ഒരു പെൺകുട്ടിയേയും ഇഷ്ടപ്പെടുന്നതും...""
സിദ്ദു ഷർമിയെ തന്നെ നോക്കി ഇരുന്നു.
''കിഷോറിന് എറ്റവും ഇഷ്ടമുണ്ടായിരുന്നത്...നിന്റെ സുധിചേട്ടനെ ആയിരുന്നു...""
''വാട്ട്?! നീ എന്താ പറഞ്ഞു വരുന്നത്?!...അവർക്ക് തമ്മിൽ ഇഷ്ടമുണ്ടായിരുന്നെന്നോ?!""
''സുധിക്കും കിഷോറിനെ ഇഷ്ടമായിരുന്നു എന്നാണെന്റെ തോന്നൽ...അതിന് എനിക്കെന്റേതായ റീസൺസ് ഉണ്ട്...""
''എന്തു റീസൺസ്?...ദിസ് ഈസ് ടോട്ടലി അബ്സേർഡ്...""
''കൂൾ ഡൗൺ...നീ എഗ്രി ചെയ്തതാണ്...നീ പുറത്ത് പോയിരുന്ന സമയത്തൊക്കെ ഞാൻ സുധിച്ചേട്ടന്റെ റൈറ്റിംഗ്സ് വായിച്ച്...ആ കവിതകൾ ഇന്റർപ്രെട്ട് ചെയ്യാൻ ട്രൈ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. എന്റെ ചില ഇന്റ്യൂഷൻസ് പറയട്ടെ?""
ഒരു നിമിഷം നടക്കുന്നത് നിർത്തിയിട്ട് അവൾ സിദ്ദൂന്റെ നേർക്ക് തിരിഞ്ഞു.
''ഏതൊരാളും എന്തെഴുതുമ്പോഴും...അയാളുടെ സബ് കോൺഷ്യസ് മൈൻഡിലുള്ളത് അയാൾ പോലുമറിയാതെ അവരുടെ റൈറ്റിംഗ്സിൽ വരും...വന്നുപോകും...എപ്പോഴെങ്കിലും എവിടെയെങ്കിലും അതു വരാതെ അവർക്ക് എഴുതാനാവില്ല...അതിന് എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും നമുക്ക് കാണാൻ കഴിയും...ചിലർക്ക് മുൻപ് ചെയ്ത ഏതെങ്കിലും പ്രവൃത്തിയിലുള്ള പശ്ചാത്താപമായിരിക്കും...പാപബോധമായിരിക്കും...കുറ്റബോധമായിരിക്കും...ചിലപ്പോൾ പ്രതികാരചിന്ത പോലും ആയിരിക്കും...സത്യത്തിൽ അതൊക്കെ അവർ എഴുതി തീർക്കുകയാണ്...തങ്ങളുടെ ഉള്ളിലുള്ള സംഘർഷം ഇല്ലാതാക്കാൻ ശ്രമിക്കുന്നതാണ്...അവർ പോലുമറിയാതെ അവരുടെ മൈൻഡ് കളിക്കുന്ന ചില കളികൾ...ഇതൊക്കെ പറയാൻ ഞാനൊരു സൈക്കോളജിസ്റ്റോ സൈക്ക്യാട്രിസ്റ്റോ അല്ല...ഇതൊക്കെ എന്റെ ചില തിയറികളാണ്...ശരിയോ തെറ്റോ ആവാം...""
ജനൽ വഴി ഒരു നിമിഷം പുറത്തേക്ക് നോക്കി നിന്ന ശേഷം അവൾ തുടർന്നു.
''ചേട്ടൻ എഴുതിയ...ആരേയും കാണിക്കാതെ വെച്ച ആ കവിതകളിൽ ഞാൻ കണ്ടതൊന്നും ഒരു പുരുഷനും സ്ത്രീയും തമ്മിൽ മാത്രമുള്ള പ്രണയമല്ലായിരുന്നു...ഒരു പുരുഷനും പുരുഷനും തമ്മിലുള്ളതുമായിരുന്നു...നിന്റെ സുധിചേട്ടന് പക്ഷെ അതിലേക്ക് പൂർണ്ണമായും പോകാനും കഴിഞ്ഞിരുന്നില്ല...തെളിച്ചു പറഞ്ഞാൽ...സുധിചേട്ടൻ ബൈസെക്ഷ്വൽ ആയിരുന്നു...എന്നാൽ ഒരു ഘട്ടത്തിൽ വെച്ച് ചേട്ടന് ജീവിതത്തിൽ ആ പ്രധാനതീരുമാനമെടുക്കേണ്ടി വന്നു. ഒരുപക്ഷെ അത് സോഷ്യൽ ലൈഫിനു വേണ്ടി ആയിരിക്കാം...അല്ലെങ്കിൽ മറ്റേതെങ്കിലും കാരണം...കിഷോറിന് അതു താങ്ങാൻ കഴിഞ്ഞിട്ടുണ്ടാവില്ല...കിഷോറിന് ചേട്ടനെ വിഷമിപ്പിക്കാൻ കഴിയാത്തത് കൊണ്ട്...ആ പെൺകുട്ടിയെ ചേട്ടനിൽ നിന്നും അകറ്റാൻ ആയിരിക്കും ശ്രമിച്ചിട്ടുണ്ടാവുക...സുധിചേട്ടൻ ആ പെൺകുട്ടിയെ തന്നെ മാരി ചെയ്യാൻ തീരുമാനിച്ചത് കിഷോറിനെ വല്ലാതെ പ്രൊവോക്ക് ചെയ്തിട്ടുണ്ടാവും...""
''നീ പറയുന്നത് കിഷോറാണ് ചേട്ടനെ...?""
''ആ ഒരു കാര്യമാണ് എനിക്ക് പിടി തരാതെ പോവുന്നത്...ഇത്രയും ഇഷ്ടമുള്ള ഒരാളെ...അയാളെ വേദനിപ്പിക്കാൻ ഒരിക്കലും തയ്യാറാകാത്ത ഒരാൾ...അങ്ങനെ ചെയ്യാൻ ഒരു ചാൻസുമില്ല...സുധിച്ചേട്ടനെ സ്വന്തമായി മാത്രം കിട്ടണം എന്ന പൊസസീവ് മൈൻഡുമായി നടക്കുന്ന കിഷോർ ഒരിക്കലും സുധിച്ചേട്ടനെ അപകടപ്പെടുത്തില്ല...അങ്ങനെ വല്ലതും സംഭവിച്ചാൽ അതേറ്റവും കൂടുതൽ ബാധിക്കുന്നത് കിഷോറിനെ തന്നെ ആവില്ലെ?...അപ്പോൾ അയാൾ അതിനു ശ്രമിക്കില്ല...""
''പിന്നെങ്ങനെ...?""
''അത് കിഷോറിനു മാത്രമെ അറിയാവൂ...അത് അയാൾ സൂക്ഷിക്കുന്ന ഒരു സീക്രട്ടാണ്...അത് അയാളെ ഓരോ നിമിഷവും കൊല്ലുന്നുണ്ടാവും...ഈ പുറത്ത് കാണുന്ന ഫേസ് ആവില്ല അയാൾക്ക്...ശരിക്കും അയാൾ.. ഉള്ളിൽ വളരെ വീക്ക് ആയ ഒരാൾ ആണെന്നാണ് എന്റെ നിഗമനം...സത്യമറിയാൻ നീ ചെന്നു ചോദിച്ചാൽ നിന്നെ അയാൾ ഉപദ്രവിക്കാനൊന്നും വരില്ല എന്നാണെന്റെ കണക്കുകൂട്ടൽ...""
''അപ്പോൾ സത്യമറിയാൻ കിഷോറിനോട് സംസാരിക്കണമെന്നാണോ നീ പറയുന്നത്?""
''അല്ലാതെ വേറേ വഴിയില്ല സിദ്ദു...ചിലപ്പോൾ കിഷോർ...ഏയ്...ഇല്ല അതിനുള്ള ചാൻസില്ല...എന്റെ ഫൈൻഡിംഗ്സ് ശരിയാണെങ്കിൽ...അയാൾ ഒരിക്കലും പോലീസിൽ സറണ്ടർ ചെയ്യില്ല...ഇനി ഇത് പോലീസ് കേസായാൽ...കിഷോർ പിടിക്കപ്പെട്ടാൽ...വലിയ വാർത്ത ആയാൽ...എന്തൊക്കെയാവും പിന്നീട് സംഭവിക്കുക?...ആ പോസിബിലിറ്റിയും നീയൊന്ന് ആലോചിച്ചു നോക്ക്...""
സിദ്ദു കുറച്ചു നേരം എന്തോ ആലോചിച്ചിരുന്നു.
''നിന്റെ തിയറി തെറ്റോ ശരിയോ എന്നെനിക്കറിയില്ല...പക്ഷേ ഞാൻ കിഷോറിനെ കാണാൻ ഡിസൈഡ് ചെയ്തു കഴിഞ്ഞു.""
(തുടരും)