ന്യൂഡൽഹി:മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഈസ്‌റ്റ് ഡൽഹിയിൽ നിന്നുളള ബിജെപി എംപിയുമായ ഗൗതംഗംഭീറിന് ഡ്രഗ് കൺട്രോളർ ഡൽഹിയുടെ കുരുക്ക്. ഗൗതംഗംഭീർ ഫൗണ്ടേഷൻ കൊവിഡ് മരുന്നായ ഫാബിഫ്ളൂ അനധികൃതമായി കൈവശം വയ്ക്കുകയും കൊവിഡ് രോഗികളുടെ ഇടയിൽ
വിതരണം ചെയ്യുകയും ചെയ്‌തതായി ഡൽഹി സർക്കാരിന്റെ കീഴിലുളള ഡ്രഗ് കൺട്രോളർ ഡൽഹി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഫൗണ്ടേഷന് എതിരെ അധികം താമസിയാതെ നടപടികൾ എടുക്കുമെന്നും ഡ്രഗ് കൺട്രോളർ കോടതിയെ അറിയിച്ചു.
ഡൽഹി എംഎൽഎ പ്രവീൺകുമാറും സമാന കുറ്റകൃത്യം നടത്തിയിട്ടുളളതായി കൺട്രോളർ കോടതിയെ ധരിപ്പിച്ചു. തുടർനടപടികളുടെ റിപ്പോർട്ട് ആറ് ആഴ്‌ചകൾക്കുളളിൽ സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു.
രണ്ട് ദിവസം മുൻപ് ഈ കേസിന്റെ വാദം കേൾക്കുമ്പോൾ ഗംഭീറിന്റെ സംഘടനയ്ക്ക് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ചതിന് ഡ്രഗ്കൺട്രോളറെ കോടതി കഠിനമായി വിമർശിച്ചിരുന്നു.രാജ്യത്ത് കൊവിഡ് മരുന്നുകളുടെ ക്ഷാമം രൂക്ഷമായ അവസരത്തിൽ ഗംഭീർ ഫൗണ്ടേഷന് എങ്ങനെ ഇത്രയധികം മരുന്നുകൾ സംഭരിക്കുവാൻ സാധിച്ചുവെന്ന ചോദ്യത്തിന് രാജ്യത്ത് കൊവിഡ് മരുന്ന് ക്ഷാമം ഇല്ലെന്നായിരുന്നു കൺട്രോളർ മറുപടി നൽകിയത്. ഇതിനെയാണ് കോടതി അന്ന് രൂക്ഷമായി വിമർശിച്ചത്.