കുട്ടിക്കാല ചിത്രങ്ങളും ഓർമകളും ഏല്ലാവർക്കും പ്രിയപ്പെട്ടതാണ്. സുരഭി ലക്ഷ്മിയുടെ കുട്ടിക്കാലത്തെ വിഡിയോ ആണിപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. വർഷങ്ങൾക്കു മുൻപുള്ള ഒരു കല്യാണവീട്ടിലെ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാനാവുക. നടി തന്നെയാണ് രസകരമായ വിഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘കാമറ പണ്ടേ വീക്നെസ് ആയിരുന്നു, മങ്ങാട് ബാബുവേട്ടൻ ക്യാമറ ആദ്യമായി കയ്യിൽ തന്നപ്പോൾ ഉള്ള സന്തോഷവും ചിരിയും അദ്ഭുതവുമൊക്കെ കാണാം എന്റെ മുഖത്ത്. തെറ്റത്ത് വിജയൻ കുട്ടിയേട്ടന്റെ കല്യാണത്തിന് എടുത്തതാണ് ഈ വിഡിയോ.’–സുരഭി പറയുന്നു. ആദ്യമായി ഒരു കാമറ കൈയ്യിൽ കിട്ടിയപ്പോൾ ഉള്ള സന്തോഷവും ചിരിയും അദ്ഭുതവുമൊക്കെ കാണിച്ച് നിഷ്ക്കളങ്കമായ പുഞ്ചിരിയുമായാണ് സുരഭി വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ആ കാലഘട്ടത്തിലെ കല്യാണ വിഡിയോകളിലെ സ്ഥിരം പാട്ടായ "യാത്ര തുടരുന്നു ശുഭയാത്ര തുടരുന്നു" എന്ന ഗാനവും വീഡിയോയുടെ പശ്ചാത്തലത്തിൽ കേൾക്കാൻ കഴിയും.
തിയേറ്റർ ആർട്ടിസ്റ്റു കൂടിയായ സുരഭി സിനിമകൾക്കൊപ്പം ഏറെ നാടകങ്ങങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള 2016ലെ ദേശീയ ചലച്ചിത്രപുരസ്കാരം സുരഭി നേടിയിരുന്നു. നാടകത്തിലെ അഭിനയത്തിന് 2016ൽ മികച്ച നടിയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്കാരവും സുരഭി നേടി.
മിനിസ്ക്രീൻ പ്രേക്ഷകരുടെയും പ്രിയ താരമാണ് സുരഭി. എം80 മൂസ എന്ന ഹാസ്യപരമ്പരയിലെ പാത്തു എന്ന കഥാപാത്രത്തിലൂടെയാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുരഭി പ്രശസ്തയായത്.