മുംബയ് : വന്ദേ ഭാരത് മിഷനിലടക്കം കൊവിഡ് കാലത്ത് വിദേശത്ത് നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ച എയർ ഇന്ത്യ ജീവനക്കാരുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. ഇനിയും എല്ലാ ജീവനക്കാർക്കും, കുടുംബാംഗങ്ങൾക്കും വാക്സിൻ എടുക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. കഴിഞ്ഞ മാസം മാത്രം അഞ്ച് എയർ ഇന്ത്യ പൈലറ്റുമാരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. എയർ ഇന്ത്യയുടെ പൈലറ്റുമാരുൾപ്പടെയുള്ള ജീവനക്കാർക്കും, കുടുംബാംഗങ്ങൾക്കും വാക്സിനേഷൻ ലഭ്യമാക്കണമെന്ന് ഏറെ നാളായി ആവശ്യം ഉയരുന്നുണ്ട്.
ക്യാപ്റ്റൻ പ്രസാദ് കർമാകർ, ക്യാപ്റ്റൻ സന്ദീപ് റാണ, ക്യാപ്റ്റൻ അമിതേഷ് പ്രസാദ്, ക്യാപ്റ്റൻ ജി പി എസ് ഗിൽ, ക്യാപ്റ്റൻ ഹർഷ് തിവാരി എന്നീ എയർ ഇന്ത്യയിലെ പൈലറ്റുമാരാണ് മേയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇവരെല്ലാം വിവിധ വിദേശ രാജ്യങ്ങളിൽ വന്ദേ ഭാരത് മിഷന്റെ ഭാഗമായി വിമാനം പറത്തിയവരാണ്.
വാക്സിൻ ലഭിച്ചില്ലെങ്കിൽ പറക്കൽ നിർത്തുമെന്ന് പൈലറ്റുമാരുടെ ഭീഷണിയെത്തുടർന്ന് മേയ് നാലിന് എയർ ഇന്ത്യ തങ്ങളുടെ എല്ലാ ജീവനക്കാർക്കും കുത്തിവയ്പ്പ് നടത്തുമെന്ന് ഉറപ്പ് നൽകിയിരുന്നു. തുടർന്ന് മേയ് 15 ഓടെ വാക്സിനേഷൻ ക്യാമ്പുകൾ ആരംഭിച്ചിരുന്നു. എന്നാൽ വാക്സിൻ ക്ഷാമം നിമിത്തം മൂന്നോളം വാക്സിനേഷൻ ക്യാമ്പുകൾ നിർത്തലാക്കേണ്ടി വന്നു. 45 വയസിന് മുകളിലുള്ളവർക്ക് നേരത്തെ വാക്സിനേഷൻ ക്യാമ്പുകൾ നടത്തിയിരുന്നു.