gst

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ബ‌ഡ്‌ജറ്റ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കെ,​ സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിൽ നല്ലൊരു കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാം കൊവിഡ് തരംഗത്തെ തുടർന്നുണ്ടായ ലോക്ക് ഡൗൺ സംസ്ഥാനത്തിന്റെ ഇനിയുള്ള നികുതി വരുമാനത്തിൽ വലിയൊരു കുറവ് ഉണ്ടാക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.രണ്ടാം തരംഗത്തിൽ സംസ്ഥാനം നിശ്ചലമായത് ഇനിയുള്ള മാസങ്ങളിലെ നികുതി വരുമാനത്തെ പ്രതികൂലമായി ബാധിക്കും. കൊവിഡ് കാരണമുള്ള ചെലവുകൾ കൂടും. വാക്സിനായി കൂടുതൽ പണവും കണ്ടെത്തേണ്ടി വരും.

ആദ്യഘട്ട കൊവിഡ് തരംഗത്തെ തുടർന്ന് 2020 മാർച്ച് 24ന് രാജ്യവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. അന്നും നികുതി വരുമാനത്തിൽ വൻ ഇടിവുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ നികുതി പിരിവ് 187.51 കോടിയും മേയിൽ 697.45 കോടിയും ആയിരുന്നു. 2019ൽ ഇത് യഥാക്രമം 1699.25 കോടിയും 1574.49 കോടിയും ആയിരുന്നു.

ജി.എസ്.ടിയിൽ നിന്നുള്ള വരുമാനത്തിലെ ഇടിവ് കൂടാതെ പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നുള്ള നികുതി വരുമാനവും കുറവാണ്. ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചു കൊണ്ടിരുന്നത് മദ്യവിൽപനയിൽ നിന്നാണ്. എന്നാൽ, കഴിഞ്ഞ ഒരു മാസത്തോളമായി മദ്യശാലകൾ അടഞ്ഞു കിടക്കുന്നതിനാൽ 1000 കോടിയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ഒന്നാം തരംഗ സമയത്ത് മദ്യത്തിന് സർക്കാർ ബഡ്‌ജറ്റിൽ കൊവിഡ് സെസ് ഏർപ്പെടുത്തിയാണ് പ്രതിസന്ധി മറികടന്നത്. ഇത്തവണത്തെ ബഡ്‌ജറ്റിലും മദ്യത്തിന് ഒരു ശതമാനം കൊവിഡ‌് സെസ് ഏർപ്പെടുത്തിയേക്കും.

നിർമ്മാണ സാമഗ്രികൾ,​ ഓട്ടോമൊബൈൽസ്, വൈദ്യുത ഉപകരണങ്ങൾ,​ ഇലക്ട്രോണിക് സാധനങ്ങൾ എന്നിവയിൽ നിന്നാണ് സംസ്ഥാനത്തിന് പ്രധാനമായും ചരക്ക് സേവന വരുമാനം (ജി.എസ്.ടി)​ ലഭിക്കുന്നത്. ലോക്ക് ഡൗൺ ആയതിനാൽ ഈ മേഖലയിലെ സ്ഥാപനങ്ങളൊന്നും തന്നെ കൃത്യമായി തുറന്ന് പ്രവർത്തിപ്പിക്കാനായിട്ടില്ല. ഒന്നാം ഘട്ടത്തിലെ ലോക്ക് ഡൗണിന് ശേഷം 2020-21 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ജി.എസ്.ടി വരുമാനം സാധാരണ ഗതിയിലേക്ക് എത്തിയിരുന്നു. മാർച്ചിൽ 18 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയത് 2020-21 സാമ്പത്തിക വർഷത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വളർച്ചാ നിരക്കായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ ആറ് മാസം നെഗറ്റീവ് വളർച്ചയായിരുന്നു എന്നതും ശ്രദ്ധേയമാണ്.

സംസ്ഥാനത്തിന് ഈ സാമ്പത്തിക വർഷം ലഭിക്കേണ്ട നികുതി വരുമാനത്തിലും ഇടിവുണ്ടാകും. ലോക്ക് ഡൗണിനെ തുടർന്ന് പൊതുഗതാഗതം ഇല്ലാത്തത് ഡീസലിൽ നിന്നുള്ള വരുമാനവും നിർമ്മാണ മേഖലയിൽ ജോലികൾ നടക്കാതായതും നികുതി വരുമാനം വലിയ തോതിൽ കുറയാൻ ഇടയാക്കും.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകെ ജി.എസ്.ടി പിരിവ് 17,​620 കോടിയായിരുന്നു. 2019-20 സാമ്പത്തിക വർഷത്തെക്കാൾ ഒമ്പത് ശതമാനം കുറവാണിത്. അതേസമയം,​ ചരക്ക്, സേവന നികുതികളിൽ ജി.എസ്.ടി കൗൺസിലാണ് തീരുമാനമെടുക്കുന്നത്. ജനറൽ സെയിൽ ടാക്സ് വിഭാഗത്തിൽപ്പെട്ട നികുതികളും നോൺ ടാക്സ് വിഭാഗത്തിൽ നിന്നുള്ള വരുമാനവും മാത്രമേ സംസ്ഥാനത്തിന് വർദ്ധിപ്പിക്കാൻ കഴിയൂ. ധനക്കമ്മി നികത്താനായി കേന്ദ്ര ധനകാര്യ കമ്മിഷൻ അനുവദിച്ച 19,890 കോടി രൂപയും അധിക വരുമാനമായി ബഡ്‌ജറ്റിൽ ഉൾക്കൊള്ളിക്കും.

ബ‌ഡ്‌ജറ്റിൽ പുതിയ നികുതികൾ ഏർപ്പെടുത്തി പ്രതിസന്ധി മറികടക്കാനാകും സർക്കാർ ശ്രമിക്കുക. മോട്ടോർ വാഹന നികുതി, കെട്ടിട നികുതി, മദ്യം, പെട്രോൾ നികുതി, കെട്ടിട, ഭൂ നികുതികൾ എന്നിവയും വർദ്ധിപ്പിച്ചേക്കും. കൊവിഡ് കാരണമുള്ള ചെലവുകൾ കൂടിയതിനാൽ പ്രതിരോധ വാക്സിനായി കൂടുതൽ പണം കണ്ടെത്തേണ്ടിവരും. ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനം വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ ഓഫീസുകളിലെ സേവനങ്ങൾക്കുള്ള ഫീസും വർദ്ധിപ്പിച്ചേക്കും.