കൊച്ചി: നിക്ഷേപ സമാഹരണത്തിന്റെ പ്രീ സീരിസ് എ റൗണ്ട് പൂർത്തിയാക്കി വെർടെയ്ൽ ടെക്നോളജീസ്. വി-ഗാർഡ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, മെഡ്ടെക് കോർപറേഷൻ ചെയർമാനും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും അസറ്റ് ഹോംസിന്റെയും ഡയറക്ടറുമായ ഡോ. ഹസൻ കുഞ്ഞി, ഖത്തറിലെ വ്യവസായിയായ കെ. എം. വർഗീസ് എന്നിവരിൽനിന്നാണ് മൂലധന സമാഹരണം നടത്തിയത്. വിമാനയാത്രാ രീതിയാകെ മാറ്റിമറിക്കുന്ന നെറ്റ്‌വർക്കിംഗ് സാങ്കേതികവിദ്യയായ ന്യൂ ഡിസ്ട്രിബ്യൂഷൻ കേപ്പബിലിറ്റി (എൻ.ഡി.സി) ലഭ്യമാക്കുന്ന ലോകത്തിലെതന്നെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നാണ് കൊച്ചി ഇൻഫോപാർക്കിലെ സ്റ്റാർട്ടപ്പ് കമ്പനിയായ വെർടെയ്ൽ ടെക്നോളജീസ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലൂബെൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു പ്രീ സീരിസ് എ നിക്ഷേപ സമാഹരണം. 2024 ൽ 100 കോടി ഡോളർ മൂല്യമുള്ള കമ്പനിയാകാൻ ലക്ഷ്യമിട്ടുകൊണ്ട്, 100 കോടി രൂപയുടെ സീരീസ്–എ നിക്ഷേപ സമാഹരണം ഉടൻ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് വെർടെയ്ൽ. കൊച്ചിക്കാരായ ജെറിൻ ജോസ്, സതീഷ് സത്ചിത് എന്നീ ഐ.ടി പ്രഫഷനലുകൾ സ്ഥാപിച്ചതാണ് വെർടെയ്ൽ ടെക്നോളജീസ്. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികളുടെ സംരംഭക മനോഭാവത്തെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ബ്ലൂബെൽ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ബ്ലൂബെൽ ഗ്രൂപ്പ് സ്ഥാപകൻ ജോമോൻ ജോർജ് പറഞ്ഞു.