കാലിഫോർണിയ: കരടിയുടെ ആക്രമണത്തിൽ നിന്നും തന്റെ വളർത്തു നായകളെ സാഹസികമായി രക്ഷിച്ച് പെൺകുട്ടി. തെക്കൻ കാലിഫോർണിയയിലെ സാൻ ഗബ്രിയേൽ വാലിയിലാണ് സംഭവം. പതിനേഴുകാരിയായ ഹെയ്‌ലിയെന്ന പെൺകുട്ടിയാണ് തന്റെ പ്രീയപ്പെട്ട വളർത്തു നായകളെ സംരക്ഷിക്കാൻ ജീവൻ പണയം വെച്ച് കരടിയുമായി ഏറ്റുമുട്ടിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഹെയ്‌ലിയുടെ വീടിന്റെ പുറക് വശത്തെ മതിലിലൂടെ മൂന്ന് കരടികൾ എത്തിയത്. അമ്മക്കരടിയും രണ്ടു കുഞ്ഞുങ്ങളുമാണ് സംഘത്തിലുണ്ടായിരുന്നത്. വീട്ടിലുള്ളവരാരും അറിഞ്ഞില്ലെങ്കിലും വീട്ടിലെ നായകൾ കരടികളുടെ വരവ് അറിയുകയും കുരച്ചുകൊണ്ട് അവയ്ക്കടുത്തേക്ക് പാഞ്ഞടുക്കുകയും ചെയ്തു.
നായകളെ കണ്ട് ഭയന്ന് കരടിക്കുഞ്ഞുങ്ങൾ പിന്തിരിഞ്ഞ് ഓടിയെങ്കിലും അമ്മക്കരടി മതിലിന് മുകളിൽ നിന്നുകൊണ്ട് വളർത്തു നായകളെ ആക്രമിക്കാൻ ഒരുങ്ങി.
നായകളുടെ നിർത്താതെയുള്ള കുര കേട്ട് അവിടേക്കെത്തിയ ഹെയ്‌ലി കണ്ടത് കൂട്ടത്തിൽ ചെറിയ നായ്ക്കുട്ടിക്കെതിരെ ചീറ്റുന്ന കരടിയെയാണ്. ഓടിയെത്തിയ പെൺകുട്ടി മറ്റൊന്നുമാലോചിക്കാതെ കരടിയെ മതിലിൽ നിന്ന് തള്ളി താഴേക്കിട്ടു. കരടി പിന്നിലേക്ക് വീണതോടെ അവിടെ നിന്ന് നായ്ക്കുട്ടികളെയും വാരിയെടുത്ത് ഓടി രക്ഷപെടുകയും ചെയ്തു.വീടിന് സമീപത്ത് കരടികളെത്തുന്നത് ഇത് ആദ്യമായിട്ടല്ലെന്ന് ഹെയ്‌ലി പറഞ്ഞു.എന്നാൽ വീട്ടിൽ ഇത്തരമൊരു ആക്രമണം ഉണ്ടാകുന്നത് ഇത് ആദ്യമായാണ്. അതേസമയം താൻ ചെയ്തത് പോലെ കരടിയെ പിടിച്ച് തള്ളാൻ ആരും ശ്രമിക്കരുതെന്നും അത് ചിലപ്പോൾ അപകടത്തിന് കാരണമാകുമെന്നും ഹെയ്‌ലി മുന്നറിയിപ്പ് നൽകി. കരടികൾ വന്നതും പിന്നീട് നടന്ന സംഭവങ്ങളുമെല്ലാം വീടിന് സമീപം സ്ഥാപിച്ച ക്യാമറകളിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ 10 ലക്ഷത്തിലധികം പേരാണ് സോഷ്യൽ മീഡിയയിലൂടെ കണ്ടത്.