ന്യൂഡൽഹി:രാജ്യത്ത് ഏത് പാചകമറിയാത്തയാൾക്കും എളുപ്പമുണ്ടാക്കാനറിയുന്ന വിഭവമാണ് ന്യൂഡിൽസ്. രാജ്യത്ത് വളരെയേറെ പ്രചാരത്തിലുളള രണ്ട് മിനുട്ട് മാഗി ന്യൂഡിൽസ് പോലുളളവ ഭക്ഷ്യയോഗ്യമല്ലെന്ന് അറിഞ്ഞാൽ എന്തുചെയ്യും? സംഗതി സത്യമാണ്. മാഗി ന്യൂഡിൽസ്, കിറ്റ്കാറ്റ്, നെസ്‌കഫെ എന്നിവയുടെ ഉദ്പാദകരായ നെസ്ലെ ഫുഡ് പ്രോഡക്ട്സ് തങ്ങളുടെ ഉത്പന്നങ്ങളിൽ 60 ശതമാനവും അനാരോഗ്യകരമാണെന്ന് തുറന്നുപറയുന്നു.സ്വിറ്റ്‌സർലാന്റ് ആസ്ഥാനമായ കമ്പനിയുടെ തന്നെ ആഭ്യന്തര റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരമുളളത്.
ഈ പ്രതിസന്ധി മറിക്കടക്കുവാനുളള ശ്രമങ്ങളുമായി നെസ്ലെ മുന്നോട്ടു പോകുകയാണെന്ന് വിവരം. ദിവസങ്ങൾക്കുമുമ്പ് ഫിനാൻഷ്യൽ ടൈംസ് നെസ്ലെയുടെ ഉത്പന്നങ്ങൾ നിർദ്ദിഷ്ട നിലവാരം സൂക്ഷിക്കുന്നില്ല എന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് കമ്പനി നടത്തിയ അവലോകനത്തിന്റെ റിപ്പോർട്ടിലാണ് ഇങ്ങനെ പറയുന്നത്.
കൂടുതലും ചോക്ലേറ്റ് തുടങ്ങിയ ഭക്ഷ്യപദാർത്ഥങ്ങളാണ് അനാരോഗ്യ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. 37 ശതമാനം മാത്രമേ ആരോഗ്യപരമായവ ഉളളൂ എന്നാണ് റിപ്പോർട്ടിൽ കണ്ടെത്തൽ. എന്നാൽ ബേബിഫുഡ്, മെഡിക്കൽ ഉത്പന്നങ്ങൾ, മൃഗങ്ങൾക്കുളള ഭക്ഷ്യവസ്‌തുക്കൾ എന്നിവ സുരക്ഷിതമാണ്. ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉയർത്താൻ പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് നെസ്‌ലെ അറിയിച്ചു. 13,290 കോടിയാണ് ഇന്ത്യയിൽ നിന്നും നെസ്‌ലെയ്‌ക്ക് കഴിഞ്ഞ വർഷം ലഭിച്ച വിറ്റുവരവ്.