ലണ്ടൻ : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി ലണ്ടനിലെ റൺവേയിൽ വിമാനമിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കാത്തിരുന്നത് കോൺവേയെന്ന മഹാമേരുവിനെക്കുറിച്ചുള്ള വാർത്തകളാണ്. ലോഡ്സിൽ ഇംഗ്ളണ്ടിനെതിരെ ആദ്യ ടെസ്റ്റിൽ ഇരട്ടസെഞ്ച്വറി നേടിയ ന്യൂസിലാൻഡിന്റെ ഓപ്പണറായ ഡെവോൺ കോൺവേയാണ് ഇന്ത്യയുടെ പുതിയ വെല്ലുവിളിയായി മാറിയിരിക്കുന്നത്.
അരങ്ങേറ്റത്തിൽ ഇരട്ടസെഞ്ച്വറി നേടി മാത്രമല്ല ഡെവോൺ കോൺവേ വാർത്തകളിൽ ഇടം പിടിച്ചത്. ലോർഡ്സിൽ അരങ്ങേറ്റക്കാരന്റെ ഉയർന്ന സ്കോറെന്ന ഇന്ത്യയുടെ മുൻ നായകൻ സൗരവ് ഗാംഗുലിയുടെ റെക്കോർഡും കോൺവേ പഴങ്കഥയാക്കി. 200 റൺസെടുത്ത് റണ്ണൗട്ടാവുകയായിരുന്നു കോൺവേ. ലോഡ്സിൽ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടുന്ന ആറാമത്തെ താരമാണ് കോൺവേ. ആദ്യദിനം കളിനിറുത്തുമ്പോൾ കോൺവേ 136 റൺസെടുത്തിരുന്നു. 29കാരനായ കോൺവേ ഏകദിന, ട്വന്റി-20 ഫോർമാറ്റുകളിലെ മിന്നുന്ന പ്രകടനത്തിന്റെ തുടർച്ചയായാണ് ടെസ്റ്റ് ടീമിലും ഇടം നേടിയത്. ഈ വർഷം മാർച്ചിൽ ബംഗ്ലാദേശിനെതിരെ ഏകദിന അരങ്ങേറ്റം കുറിച്ച കോൺവേ, ആദ്യ മൂന്ന് ഇന്നിംഗ്സുകളിൽ ഒരു സെഞ്ച്വറിയും (126) അർധസെഞ്ചുറിയും (72) നേടിയിരുന്നു. 75 ശരാശരിയിൽ 225 റൺസാണ് സമ്പാദ്യം. നവംബറിൽ ട്വന്റി-20 അരങ്ങേറ്റം കുറിച്ച കോൺവേ ഇതുവരെ 11 ഇന്നിംഗ്സുകളിൽനിന്ന് 59.12 ശരാശരിയിൽ 473 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. ഇതിൽ നാല് അർധസെഞ്ച്വറികളുമുണ്ട്. പുറത്താകാതെ നേടിയ 99 റൺസാണ് ഉയർന്ന സ്കോർ. ദക്ഷിണാഫ്രിക്കയിൽ ജനിച്ചുവളർന്ന കോൺവേ 2017ലാണ് ന്യൂസിലാൻഡിലേക്ക് കുടിയേറിയത്
ഹാരി ഗ്രഹാം ( 1893- ആസ്ട്രേലിയ), സൗരവ് ഗാംഗുലി (1996-ഇന്ത്യ ) എന്നിവർക്കുശേഷം ലോഡ്സിൽ ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന ഇംഗ്ലിഷുകാരനല്ലാത്ത ആദ്യ താരമാണ് കോൺവേ.
ഗാംഗുലി 1996ൽ നേടിയ 131 റൺസിന്റെ റെക്കാഡാണ് കോൺവേ മറികടന്നത്.
ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന 11–ാമത്തെ ന്യൂസിലൻഡ് താരമാണ്.
കിവീസ് 378
ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസിലാൻഡ് ഒന്നാം ഇന്നിംഗ്സിൽ 378 റൺസിന് ആൾഔട്ടായി. 200 റൺസെടുത്ത ഡെവോൺ കോൺവേയാണ് ടീം ടോട്ടലിന്റെ പകുതിയിലേറെയും നേടിയത്. ഹെൻട്രി നിക്കോൾസ് 61 റൺസടിച്ചു. മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് രണ്ടാം ദിനം ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 25/2 എന്ന നിലയിലാണ്.
ഇന്ത്യ ഇംഗ്ളണ്ടിലെത്തി
ഇന്ത്യൻ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകൾ ഇംഗ്ളണ്ടിലെത്തി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഇംഗ്ളണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയുമാണ് പുരുഷ ടീമിനുള്ളത്.വനിതാ ടീം ഇംഗ്ളണ്ടിനെതിരെ ഒരു ടെസ്റ്റും ഏകദിന,ട്വന്റി-20 പരമ്പരകളും കളിക്കും.ഇന്നലെ വിമാനമിറങ്ങിയ ഇന്ത്യൻ സംഘം ഹോട്ടലുകളിൽ ക്വാറന്റൈൻ പൂർത്തിയാക്കിയശേഷം പരിശീലനത്തിന് ഇറങ്ങും.18നാണ് ലോക ചാമ്പ്യൻഷിപ്പ് ഫൈനലിന് തുടക്കമാകുന്നത്.