ജനീവ: വിയറ്റ്നാമിൽ കണ്ടെത്തിയത് പുതിയ ഇനം കൊവിഡ് വകഭേദമാണെന്ന വാദങ്ങൾ തള്ളി ലോകാരോഗ്യ സംഘടന.ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിന്റെ അധിക ജനിതകമാറ്റം വന്ന വകഭേദമാണിതെന്ന് വിയറ്റ്നാമിലെ ഡബ്ല്യു.എച്ച്.ഒ പ്രതിനിധി കിഡോങ് പാർക്ക് വ്യക്തമാക്കി. രാജ്യത്ത് കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം ഇന്ത്യൻ, യുകെ വകഭേദങ്ങളുടെ സങ്കരയിനമാണെന്നാണ് നേരത്തെ വിയറ്റ്നാം ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. എന്നാൽ നിലവിൽ വിയറ്റ്നാമിൽ പുതിയ ഹൈബ്രിഡ് വകഭേദങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഡെൽറ്റയുടെ തന്നെ വകഭേദമായ വൈറസിനെ കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും കിഡോങ് പാർക്ക് പറഞ്ഞു. കോവിഡ് ഒന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിൽ വിജയിച്ച വിയറ്റ്നാമിൽ ഈ വർഷം ഏപ്രിൽ മുതൽ പുതിയ കേസുകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായത് ആശങ്ക ഉണർത്തുന്നു.
പ്രതിരോധ ശേഷി നിലനിറുത്താൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടി വരില്ല
കൊവിഡ് പ്രതിരോധ വാക്സിനുകൾക്ക് വൈറസിനെതിരെ ദീർഘകാല പരിരക്ഷ നൽകാൻ സാധിക്കുമെന്നും തുടർച്ചയായി ബൂസ്റ്റർ ഷോട്ടുകൾ എടുക്കേണ്ടതിന്റെ ആവശ്യകതയില്ലെന്നും പുതിയ പഠന റിപ്പോർട്ട്. അതേ സമയം വൈറസിനുണ്ടാകുന്ന ജനിതക വ്യതിയാനങ്ങൾ ഉയർത്തുന്ന വെല്ലുവിളി നിലനിൽക്കുന്നുണ്ടെന്നും ഈ കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമായി വരുമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി. പ്രതിരോധശേഷി നിലനിർത്തുന്നതിനായി എല്ലാ വർഷവും ജനങ്ങൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ഫൈസറിന്റെയും മൊഡേണയുടെയും അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന്റെ ആവശ്യം വരുന്നില്ലെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.