കൊച്ചി: കോലഞ്ചേരി തിരുവാണിയൂരിൽ ജനിച്ചയുടനെ അമ്മ പാറമടയിൽ തളളിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. യുവതിയുടെ വീട്ടിനടുത്തുളള പാറമടയിൽ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
നാല് കുട്ടികളുടെ അമ്മയായ യുവതി ചൊവ്വാഴ്‌ചയാണ് പ്രസവിച്ചത്. തുടർന്ന് രക്തസ്രാവം നിൽക്കാതെ വന്നതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെവച്ച് ഡോക്‌ടർമാർ ചോദിച്ചപ്പോഴാണ് പ്രസവിച്ചതായി സമ്മതിച്ചതും കുറ്റകൃത്യത്തെ കുറിച്ച് സൂചന നൽകിയതും. കുഞ്ഞിനെ കല്ലിൽ കെട്ടി താഴ്‌ത്തിയെന്നും ജനിച്ചയുടൻ മരിച്ചതുകൊണ്ടാണ് അങ്ങനെ ചെയ്‌തതെന്നുമായിരുന്നു തുടർന്ന് ചോദ്യം ചെയ്‌ത പൊലീസിനോട് ഇവർ പറഞ്ഞത്.
സംഭവത്തിന് ഇവരുടെ ഭർത്താവിന്റെ സഹായം ലഭിച്ചോ എന്ന കാര്യം പരിശോധിക്കുന്നതിന് ഇയാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരിക്കുകയാണ്. 40 വയസുളള യുവതിയുടെ മക്കളിൽ ആദ്യത്തെയാൾക്ക് 24 വയസുണ്ട്. പ്രസവവും അതിന് ശേഷമുണ്ടായ രക്തസ്രാവവും മൂലം അവശയായ യുവതി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില ഭേദമായാൽ ഇവരെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് ലഭ്യമായ വിവരം.