vinod-dua

ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകൻ വിനോദ് ദുവയ്‌ക്കെതിരെ ഹിമാചൽ പ്രദേശ് പൊലീസ് ചുമത്തിയ രാജ്യദ്രോഹ കേസ് റദ്ദാക്കി സുപ്രീം കോടതി. ജസ്റ്റിസുമാരായ യുയു ലളിത്, വിനിത ശരൺ എന്നിവരുൾപ്പെട്ട ബഞ്ചാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. സുപ്രീംകോടതിയുടെ കേദാർ സിംഗ് കേസിലെ വിധിപ്രകാരമുള്ള സംരക്ഷണം നല്കണമെന്നും കോടതി നിർദ്ദേശിച്ചു. എന്തൊക്കെ കാര്യങ്ങളാണ് രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരികയെന്നത് കേദാർ സിംഗ് കേസുമായി ബന്ധപ്പെട്ട വിധിയിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സുപ്രീം കോടതി പറഞ്ഞു.

പ്രധാനമന്ത്രിയെ വിമർശിക്കുക എന്നത് രാജ്യദ്രോഹകുറ്റമാകില്ലെന്നും മാദ്ധ്യമപ്രവർത്തകർക്ക് രാജ്യദ്രോഹ കേസുകളിൽ നിന്നുമുള്ള സംരക്ഷണം ആവശ്യമുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഡൽഹി കലാപത്തെക്കുറിച്ചുള്ള യൂട്യൂബ് പരിപാടിയിൽ വിനോദ് ദുവ നടത്തിയ പരാമർശങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസാണ് സുപ്രീം കോടതി റദ്ദാക്കിയത്.

തിരഞ്ഞെടുപ്പ് ജയിക്കാനായി മൃതദേഹങ്ങളും ഭീകരാക്രമണങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിക്കുന്നു എന്ന പരാമർശത്തിന്റെ പേരിൽ ഹിമാചൽ പ്രദേശിലെ അജയ് ശ്യാം എന്ന ബിജെപി പ്രവർത്തകൻ നൽകിയ പരാതിയിന്മേലാണ് സംസ്ഥാന പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തന്റെ വീഡിയോയിലൂടെ മാദ്ധ്യമപ്രവർത്തകൻ വർഗീയ വികാരം ഇളക്കിവിടുകയാണെന്നും വ്യാജപ്രചരണം നടത്തുകയാണെന്നും ബിജെപി പ്രവർത്തകൻ തന്റെ പരാതിയിൽ പറഞ്ഞിരുന്നു.

content details: criticising the prime minister does not amount to sedition says supreme court.