തൃശൂർ കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മലപ്പുറം മങ്കട സ്വദേശി സുൽഫിക്കറാണ് അറസ്റ്റിലായത്. ക്രിമിനൽ സംഘത്തോടൊപ്പം ഇയാള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതോടെ, അറസ്റ്റിലായവരുടെ എണ്ണം 21 ആയി. അതേ സമയം, പ്രതികളില്‍ നിന്ന് പണവും സ്വർണവും പൊലീസ് കണ്ടെത്തി.
കവർച്ചയിലും ഗൂഢാലോചനയിലും സുൽഫിക്കറിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അതിനിടെ, കേസിലെ മൂന്നാം പ്രതിയായ രഞ്ജിത്തിൻ്റെ ഭാര്യയും 20-ാം പ്രതിയുമായ ദീപ്തിയുടെ പക്കൽ നിന്ന് കവർച്ച പണമുപയോഗിച്ച് വാങ്ങിയ ഒമ്പതര പവൻ സ്വർണം പൊലീസ് പിടിച്ചെടുത്തു. ദീപ്തിയെ വീണ്ടും ചോദ്യം ചെയ്തതിലാണ് കോടാലിയിലെ വീട്ടിൽ നിന്നും സ്വർണം കണ്ടെടുത്തത്. മറ്റൊരു പ്രതി ബഷീറിൻ്റെ വീട്ടിൽ നിന്ന് 50,000 രൂപയും കണ്ടെത്തി.