ന്യൂഡൽഹി: കുട്ടികളിൽ (2 -17 വയസ്) കൊവാക്സിന്റെ രണ്ടാം ഘട്ട ക്ളിനിക്കൽ ട്രയൽ ബീഹാറിലെ പാറ്റ്ന എയിംസിൽ തുടങ്ങി. 80 കുട്ടികളിലാണ് ട്രയൽ. ഡൽഹി എയിംസ്, നാഗ്പൂർ മെഡിട്രിന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നിവിടങ്ങളിലും ഉൾപ്പെടെ ആകെ 525 കുട്ടികളിലാണ് 28ദിവസത്തെ ട്രയൽ.
കൊവിഡ് മൂന്നാം തരംഗമുണ്ടായാൽ കുട്ടികളിൽ രോഗബാധ കൂടുമെന്ന് റിപ്പോർട്ടുള്ളതിനാൽ കൊവാക്സിൻ ട്രയലിന് പ്രസക്തിയുണ്ട്. കൊവാക്സിനും കൊവിഷീൽഡും എങ്ങും കുട്ടികളിൽ കുത്തിവയ്ക്കുന്നില്ല. അതേസമയം വിദേശ വാക്സിനുകളായ മൊഡേണയും ഫൈസറും കുട്ടികളിലും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
നിയമ പരിരക്ഷയ്‌ക്ക് സീറം ഇൻസ്റ്റിറ്റ്യൂട്ടും
വാക്സിൻ കേസുകളിൽ നടപടി ഒഴിവാക്കാൻ നിയമ പരിരക്ഷ ആവശ്യപ്പെട്ട് സീറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രസർക്കാരിനെ സമീപിച്ചു. അമേരിക്കൻ കമ്പനികളായ ഫൈസറിന്റെയും മൊഡേണയുടെയും സമാന ആവശ്യം സർക്കാർ അംഗീകരിക്കുന്ന പശ്ചാത്തലത്തിലാണിത്. അമേരിക്കയിലെ നിയമ പരിരക്ഷ ഇന്ത്യയിലും വേണമെന്ന് ഫൈസറും മൊഡേണയും ആവശ്യപ്പെട്ടപ്പോൾ വാക്സിൻ ക്ഷാമം പരിഹരിക്കാൻ വിദേശ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചത്. കൊവിഷീൽഡിനും കൊവാക്സിനും ഈ നിയമ പരിരക്ഷ ഇല്ല.