ലണ്ടൻ : ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടുന്ന ആദ്യ ഫ്രഞ്ച് എഴുത്തുകാരനെന്ന ബഹുമതി കരസ്ഥമാക്കിയ ഡേവിഡ് ഡിയോപിനെ ഈ പുരസ്കാരത്തിന് അർഹനാക്കിയ 'അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്ക്' എന്ന നോവലിന് സവിശേഷതകളേറെയാണ്. ഭ്രാന്തിലേക്കുള്ള ഒരു ചെറുപ്പക്കാരന്‍റെ മാറ്റവും യുദ്ധത്തില്‍ ഫ്രാന്‍സിനുവേണ്ടി പോരാടിയ സെനഗലീസിനെയും കുറിച്ചാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ഫ്രഞ്ച്-സെനഗലീസ് എഴുത്തുകാരനും ലിറ്ററേച്ചര്‍ പ്രൊഫസറുമായ ഡിയോപിന്‍റെ, സ്വന്തം മുതുമുത്തച്ഛന്‍റെ ഒന്നാം ലോക മഹായുദ്ധത്തെ കുറിച്ചുള്ള നിശബ്ദതയെ മുന്‍നിര്‍ത്തിയുള്ള നോവലാണ് ഇത്. തന്‍റെ മുതുമുത്തച്ഛന്‍റെ നിശബ്ദത തന്നെ എക്കാലവും സ്പർശിച്ചിരുന്നുവെന്നും അത് തന്നെയാണ് ഈ നോവലെഴുതാനുള്ള പ്രചോദനവും ആയതെന്നും ഡിയോപ് പറയുന്നു. 'അദ്ദേഹം തന്റെ അനുഭവത്തെ കുറിച്ച് ഒരിക്കൽ പോലും ആരോടും ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിന്‍റെ ഭാര്യയോടും എന്‍റെ അമ്മയോടും ഒന്നും പറഞ്ഞില്ല. അതിനാലാണ് യുദ്ധവുമായി ബന്ധപ്പെട്ട എല്ലാ കഥകളും അനുഭവങ്ങളും കേള്‍ക്കാനും അറിയാനും എനിക്ക് താല്‍പര്യമുണ്ടായത്.' ഡിയോപ് കൂട്ടിച്ചേർത്തു.
ബുധനാഴ്ച കോവെൻട്രി കത്തീഡ്രലിൽ നടന്ന വെർച്വൽ ചടങ്ങിലാണ് വിജയിയായി ഡിയോപിനെ പ്രഖ്യാപിച്ചത്. യുദ്ധത്തിന്റെയും പ്രണയത്തിന്റെയും ഭ്രാന്തിന്റെയും കഥയാണിത്. ഇതിന് ഭയപ്പെടുത്തുന്ന ഒരു ശക്തിയുണ്ട്. നായകനിൽ മന്ത്രവാദം ആരോപിക്കപ്പെടുന്നു, ആ വിവരണം വായനക്കാരിൽ വളരെ വിചിത്രമായ സ്വാധീനം ചെലുത്തുന്നുണ്ട് എന്നാണ് വിധികര്‍ത്താക്കളിലൊരാളായ ഹ്യൂഗ്സ് ഹാലറ്റ് പറഞ്ഞത്. ഡിയോപിന്‍റെ രണ്ടാമത്തെ നോവലായ 'അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്ക്'. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌ത് യു.കെയിലോ അയർലാന്റിലോ പ്രസിദ്ധീകരിക്കുന്ന ഒരു പുസ്തകത്തിനാണ് എല്ലാ വർഷവും അന്താരാഷ്ട്ര ബുക്കർ പ്രൈസ് നൽകുന്നത്.പുരസ്കാര തുക ഡിയോപും പുസ്തകം വിവര്‍ത്തനം ചെയ്ത യു.എസ് എഴുത്തുകാരിയും കവിയുമായ അന്ന മോസ്കാവിക്സും പങ്കിട്ടെടുക്കും.