hareesh-peradi

പ്രധാനമന്ത്രിയെ വിമർശിച്ചാൽ അത് രാജ്യദ്രോഹ കുറ്റമാകില്ല എന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയാ കുറിപ്പുമായി നടൻ ഹരീഷ് പേരടി. ഭരണകർത്താക്കൾ ജനങ്ങളെ ബഹുമാനിച്ചുകൊണ്ട് തൊഴിലാളികളാവുമ്പോഴാണ് ജനങ്ങൾ തിരിച്ചും ബഹുമാനം തരികയെന്നും അങ്ങനെ ഒരു ഇടമുണ്ടാകുമ്പോൾ മാത്രമാണ് ജനാധിപത്യ പൂർണമാകുക എന്നുമാണ് നടൻ പറയുന്നത്.

എന്നാൽ ജീവിക്കാൻ നിവൃത്തിയില്ലാതെ വരുമ്പോൾ 'ഉള്ളതിൽ തൊമ്മനെന്ന്' തോന്നുന്നവരെ ജനം പിന്തുണക്കുമെന്നും അക്കാര്യത്തിൽ ആരും അഹങ്കരിക്കേണ്ടതില്ലെന്നും അത് വ്യവസ്ഥിയുടെ ഗതികേടാണെന്നും ഹരീഷ് പേരടി തന്റെ ഹ്രസ്വമായ കുറിപ്പിലൂടെ പറയുന്നു. സുപ്രീം കോടതിയുടെ നിരീക്ഷണത്തിക്കുറിച്ചുള്ള മാദ്ധ്യമവാർത്ത പങ്കുവച്ചുകൊണ്ടാണ് ഹരീഷ് ഇക്കാര്യം പറഞ്ഞത്.

മാദ്ധ്യമപ്രവർത്തകൻ വിനോദ് ദുവയ്‌ക്കെതിരെ ഹിമാചൽ പ്രദേശ് പൊലീസ് ചുമത്തിയ രാജ്യദ്രോഹ കേസ് റദ്ദാക്കിക്കൊണ്ടാണ് പ്രധാനമന്ത്രിയെ വിമർശിച്ചാൽ രാജ്യദ്രോഹകുറ്റമാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞത്. ജസ്റ്റിസുമാരായ യുയു ലളിത്, വിനിത ശരൺ എന്നിവരുൾപ്പെട്ട ബഞ്ചാണ് നിർദ്ദേശം പുറപ്പെടുവിച്ചത്.

സുപ്രീംകോടതിയുടെ കേദാർ സിംഗ് കേസിലെ വിധിപ്രകാരമുള്ള സംരക്ഷണം നല്കണമെന്നും കോടതി നിർദ്ദേശിച്ചു. എന്തൊക്കെ കാര്യങ്ങളാണ് രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരികയെന്നത് കേദാർ സിംഗ് കേസുമായി ബന്ധപ്പെട്ട വിധിയിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സുപ്രീം കോടതി പറഞ്ഞു.

പ്രധാനമന്ത്രിയെ വിമർശിക്കുക എന്നത് രാജ്യദ്രോഹകുറ്റമാകില്ലെന്നും മാദ്ധ്യമപ്രവർത്തകർക്ക് രാജ്യദ്രോഹ കേസുകളിൽ നിന്നുമുള്ള സംരക്ഷണം ആവശ്യമുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഡൽഹി കലാപത്തെക്കുറിച്ചുള്ള യൂട്യൂബ് പരിപാടിയിൽ വിനോദ് ദുവ നടത്തിയ പരാമർശങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസാണ് സുപ്രീം കോടതി റദ്ദാക്കിയത്.

കുറിപ്പ് ചുവടെ:

'പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പോലിസും എല്ലാ ഭരണ സംവിധാനങ്ങളും ജനങ്ങളെ ബഹുമാനിച്ച് അവരുടെ തൊഴിലാളികളാവുമ്പോൾ ജനങ്ങളും തിരിച്ച് ബഹുമാനം തരും..അങ്ങിനെ ഒരു ഇടമുണ്ടാവുമ്പോൾ മാത്രമേ ജനാധിപത്യം പൂർണ്ണമാവൂ...

ഇത്...ഞങ്ങൾ എല്ലാം പണം കൊടുത്തുവാങ്ങുകയും ആ നികുതിയിൽ നിങ്ങൾക്ക് എല്ലാം സൗജന്യമായി ലഭിച്ച് ജീവിക്കുകയും ചെയ്യുമ്പോൾ ഏത് പാർട്ടി ഭരിച്ചാലും അത് ജനാധിപത്യമാവില്ല...

ജീവിക്കാൻ വേണ്ടി നിവൃത്തിയില്ലാത്തതുകൊണ്ട് ഉള്ളതിൽ നല്ല തൊമ്മനെന്ന് തോന്നുന്നവരെ ഞങ്ങൾ പിൻന്തുണച്ചുകൊണ്ടിരിക്കും...അതുകൊണ്ട് നിങ്ങൾ അഹങ്കരിക്കണ്ട...അത് ഈ വ്യവസ്ഥിതിയുടെ ഗതികേട്...അത്രയേയുള്ളു...ഞങ്ങളിപ്പോഴും ജനാധിപത്യത്തെ സ്വപ്നം കാണുന്നു...അതിനുള്ള അവകാശമെങ്കിലും ഞങ്ങൾക്കുണ്ടല്ലോ...'

content details: hareesh peradi on supreme courts observation that criticising the prime minister does amount to sedition.