തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. റവന്യൂകമ്മി പരമാവധി കുറച്ച്, കൊവിഡ് പ്രതിരോധത്തിനും ക്ഷേമാനുകൂല്യങ്ങൾക്കും പണം ഉറപ്പുവരുത്താനുള്ള ശ്രമമാവും ധനമന്ത്രി നടത്തുക. ഭരണച്ചെലവ് പരമാവധി നിയന്ത്രിക്കാനുള്ള നിർദേശങ്ങളുണ്ടാവും.
ഈ സാമ്പത്തികവർഷം സംസ്ഥാനത്തിന്‍റെ ചെലവും വരവും തമ്മിലുള്ള വ്യത്യാസം 32,000 കോടിയായി ഉയരുമെന്ന് കണക്കുകൂട്ടൽ. കടമെടുക്കാവുന്നതിന് കേന്ദ്രം അനുവദിച്ച 23,000 കോടി എടുത്താലും ഇത്രയും കുറവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുമാനവർദ്ധനവിന് നിർദേശങ്ങളുണ്ടാവുമെങ്കിലും നികുതി വർദ്ധിപ്പിക്കുന്നതിന് പരിമിതമായ സാദ്ധ്യതകളേയുള്ളൂ.
ഈ വർഷവും അരശതമാനംമുതൽ ഒരുശതമാനംവരെ അധികവായ്‌പ കേന്ദ്രം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. കഴിഞ്ഞ സർക്കാരിന്‍റെ അവസാനം ജനുവരിയിൽ തോമസ് ഐസക് അവതരിപ്പിച്ച ബഡ്‌ജറ്റ് പുതുക്കിയായിരിക്കും ബാലഗോപാൽ അവതരിപ്പിക്കുക. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മൂന്നുമാസത്തെ ചെലവുകൾക്ക് വോട്ട് ഓൺ അക്കൗണ്ടും അവതരിപ്പിക്കും.