pinarayi-vijayan

​​​​തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം നിശ്ചയിക്കുന്നത് പഠിക്കാന്‍ പുതിയ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ ആലോചന. ഇന്നത്തെ സര്‍വകക്ഷി യോഗത്തില്‍ ഇതുസംബന്ധിച്ച നിര്‍ദേശം വയ്ക്കുന്ന സര്‍ക്കാര്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായമറിഞ്ഞ ശേഷം അന്തിമതീരുമാനം എടുക്കും. നിലവിലെ സാമൂഹിക സാഹചര്യങ്ങള്‍ പരിശോധിച്ച് സ്കോളര്‍ഷിപ്പ് അനുപാതം നിശ്ചയിക്കാമെന്ന നിര്‍ദേശത്തോട് എല്ലാവരും യോജിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

നിലവിലെ വിധി നടപ്പാക്കുകയോ വിധിക്കെതിരെ അപ്പീൽ പോവുകയോ ചെയ്യുന്നത് ഉചിതമല്ലെന്നാണ് ഇടതുമുന്നണിയിലെ പൊതുവികാരം. സാമൂഹിക സാഹചര്യം മാറിയതിനാല്‍ നിലവിലെ സ്ഥിതി മനസിലാക്കാതെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് നിശ്ചയിക്കാനാവില്ല. ഇതേതുടർന്നാണ് പുതിയ ഒരു സമിതിയെ നിയോഗിക്കാൻ സര്‍ക്കാര്‍ ചിന്തിക്കുന്നത്. നിയമരംഗത്തുളളവരും സാമുദായിക പ്രാതിനിധ്യമുള്ള രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടുന്ന സമിതിയാണ് മുഖ്യപരിഗണനയിലുള്ളത്.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മറ്റ് സംസ്ഥാനങ്ങളില്‍ എങ്ങനെ നടപ്പാക്കി എന്നത് വീണ്ടും പഠിക്കണമെന്നാണ് സി പി എം നിലപാട്. നിലവിലുണ്ടായിരുന്ന 80–20 അനുപാതം സ്കോളര്‍ഷിപ്പ് ആര്‍ക്കൊക്കെ ഗുണം ചെയ്‌തുവെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കരുതുന്നു.വിധി നടപ്പാക്കാനാവശ്യപ്പെട്ട് ആരെങ്കിലും കോടതിയേ സമീപിച്ചാല്‍ പുതിയ സമിതിയെ നിയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് സാവകാശം തേടാനുമാകും.

സാമൂദായിക അന്തരീക്ഷം മോശമാക്കുന്ന തരത്തില്‍ വിഷയത്തെ സമീപിക്കേണ്ടെന്നാണ് പ്രതിപക്ഷത്തുമുള്ള പൊതുധാരണ. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് നൂറില്‍ നിന്ന് ഇരുനൂറാക്കുകയും തുല്യമായി വീതം വയ്ക്കുകയും ചെയ്യണമെന്ന നിര്‍ദേശവും സര്‍ക്കാരിന് മുന്നിലേക്ക് വരാം . ഹൈക്കോടതി വിധിയോടേ ആനൂകൂല്യം നഷ്‌ടമായവരുടെ കാര്യത്തില്‍ എന്തുചെയ്യുമെന്നതും സര്‍വക്ഷിയോഗത്തില്‍ ചര്‍ച്ചയാകും.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച് സംസ്ഥാനത്ത് നടപ്പാക്കാന്‍ നിയോഗിച്ച പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം 80–20 ആയി നിശ്ചയിച്ചത്. മുസ്ലീം സമുദായത്തിന് 80 ശതമാനം നല്‍കിയത് ഹൈക്കോടതി റദ്ദാക്കിയതോടെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് പുനരാലോചനയ്ക്ക് മുതിരേണ്ടി വന്നത്.