balagopal

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് അൽപ്പസമയത്തിനകം ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ബഡ്‌ജറ്റ് അവതരിപ്പിക്കുന്നതിനായി മന്ത്രി തൈയ്‌ക്കാട് ഗസ്റ്റ് ഹൗസിൽ നിന്നും നിയമസഭയിലേക്ക് തിരിച്ചു. രാവിലെ ബഡ്‌ജറ്റ് രേഖകൾ അച്ചടി വകുപ്പ് ഡയറക്‌ടർ മനുവിൽ നിന്നും മന്ത്രി ഏറ്റുവാങ്ങി.

ഭരണച്ചെലവ് പരമാവധി നിയന്ത്രിക്കാനുള്ള നിര്‍ദേശൾ ബഡ്‌ജറ്റിലുണ്ടാകും. ഈ വര്‍ഷവും അരശതമാനംമുതല്‍ ഒരുശതമാനംവരെ അധികവായ്‌പ കേന്ദ്രം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. തിരഞ്ഞെടുപ്പുകാല ബഡ്‌ജറ്റില്‍ ജനങ്ങള്‍ക്കുമേല്‍ നികുതിഭാരമേല്‍പ്പിക്കാനുളള ധൈര്യം സര്‍ക്കാരിന് ഉണ്ടായിരുന്നില്ല. എന്നാല്‍ അടുത്തമൂന്നുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകളില്ലാത്തതിനാല്‍ വരുമാനം കണ്ടെത്താന്‍ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടാകും.

ജി എസ് ടിക്ക് മുമ്പുളള കുടിശിക പിരിച്ചെടുക്കല്‍, മദ്യത്തിന് കൊവിഡ് സെസ് തുടങ്ങിയ നികുതിയിതര വരുമാനമാകും സർക്കാരിന് ആശ്രയം. കുതിച്ചുയരുന്ന ഇന്ധനവിലയില്‍ സെസ് കൂടി ചുമത്തി വരുമാനം കണ്ടെത്താനുളള സാഹസം ധനമന്ത്രി കാണിക്കുമോയെന്നും ബഡ്‌ജറ്റ് പെട്ടി തുറക്കുമ്പോള്‍ മാത്രമേ വ്യക്തമാകൂ.

കഴിഞ്ഞസര്‍ക്കാരിന്‍റെ അവസാനം, ജനുവരിയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബഡ്‌ജറ്റ് പുതുക്കിയായിരിക്കും ബാലഗോപാല്‍ അവതരിപ്പിക്കുക. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മൂന്നുമാസത്തെ ചെലവുകള്‍ക്ക് വോട്ട് ഓണ്‍ അക്കൗണ്ടും അവതരിപ്പിക്കും.