തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച് തുടങ്ങി. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുകയാണ് സർക്കാർ നയമെന്ന് ധനമന്ത്രി ബഡ്‌ജറ്റ് അവതരണത്തിന്‍റെ തുടക്കത്തിൽ പറഞ്ഞു . തോമസ് ഐസക്കിന്‍റെ ബഡ്‌ജറ്റ് സമഗ്രമായിരുന്നുവെന്നും അഭിമാനകരമായ വളർച്ചയാണ് കേരളത്തിൽ നടക്കുന്നതെന്നും ബാലഗോപാൽ വ്യക്തമാക്കി.
ദുരന്തങ്ങളെ കേരളം ഒറ്റക്കെട്ടായാണ് നേരിട്ടത്. ഭരണതുചർച്ച കേവലമൊരു വിജയമല്ല. തുടർഭരണം ജനാധിപത്യത്തിന്‍റെ വിജയം. ആരോഗ്യരക്ഷയ്‌ക്കാണ് സർക്കാർ മുന്തിയ പരിഗണന നൽകുന്നത്. ആരോഗ്യ അടിയന്തരാവസ്ഥ വികസനത്തിന് വെല്ലുവിളിയാണ്. ചരിത്ര വിജയം നൽകിയ കേരളത്തിലെ ജനങ്ങളെ അഭിനന്ദിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.
ദയയില്ലാത്ത ആക്രമണമാണ് ഒന്നാം പിണറായി സർക്കാർ നേരിട്ടത്. ഐസക്കിന്‍റെ ബഡ്‌ജറ്റിലെ എല്ലാം നിർദേശങ്ങളും നടപ്പാക്കും. പ്രകടനപത്രികയിലെ വാഗ്ദ്ധാനം സർക്കാർ കൃത്യമായി നടപ്പാക്കും. ആഭ്യന്തര ഉത്പാദനത്തിൽ 3.8 ശതമാനം ഇടിവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ജി എസ് ടി നഷ്‌ടപരിഹാരം വൈകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നത്.
ബഡ്‌ജറ്റ് പ്രഖ്യാപനങ്ങൾ
കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് പത്ത് കോടി വായ്‌പ
അഞ്ച് അഗ്രോ പാർക്കുകൾ തുടങ്ങാൻ പത്ത് കോടി രൂപ
പീഡിയാട്രിക് ഐ സി യു വാർഡുകൾ കൂട്ടും
കൊവിഡ് മൂന്നാംതരംഗം നേരിടാൻ നടപടികൾ തുടങ്ങി
കുട്ടികൾക്കുളള അടിയന്തര ചികിത്സ സൗകര്യങ്ങൾ വർദ്ധിപ്പിക്കും
എല്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ
കാർഷിക മേഖലയ്‌ക്ക് രണ്ടായിരം കോടി രൂപയുടെ വായ്‌പ
ദീർഘകാല അടിസ്ഥാനത്തിൽ തീരസംരക്ഷണ നടപടി
പകർച്ചവ്യാധികൾക്ക് മെഡിക്കൽ കോളേജുകളിൽ പ്രത്യേക ബ്ലോക്ക്
സാമ്പത്തിക പുനരജ്ജീവന പദ്ധതി നടപ്പാക്കും
എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകും
വാക്‌സിൻ ഗവേഷണ കേന്ദ്രം തുടങ്ങാൻ 10 കോടി രൂപ
18 വയസിന് മുകളിലുളളവർക്ക് വാക്‌സിൻ നൽകാൻ ആയിരം കോടി
8,000 കോടി രൂപ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കും
20,000 കോടിയുടെ രണ്ടാം കൊവിഡ് സാമ്പത്തിക പാക്കേജ്