ചേർത്തല: കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച അമ്മയുടെ മൃതദേഹം കൊണ്ടുവന്നപ്പോൾ മകൻ കുടുംബവീടിന്റെ ഗേറ്റ് പൂട്ടി. തുടർന്ന് പൊലീസ് ഇടപെട്ട് നാട്ടുകാരുടെ സഹായത്തോടെ ഗേറ്റിന്റെ പൂട്ടുപൊളിച്ച്, ഇയാളുടെ അയൽവക്കത്ത് താമസിക്കുന്ന മകളുടെ പറമ്പിൽ അമ്മയ്ക്ക് ചിതയൊരുക്കി.
പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 8ാം വാർഡ് പുത്തൻപുരയ്ക്കൽ പരേതനായ പി.കെ. സുകുമാരന്റെ ഭാര്യ റിട്ട. അദ്ധ്യാപിക ശിവാനി (82) ബുധനാഴ്ച രാത്രിയിലാണ് മരിച്ചത്. സ്വത്ത് തർക്കത്തിന്റെ പേരിൽ മകനുമായി അകന്ന് മകളുടെ വീട്ടിൽ കഴിയുകയായിരുന്നു ഇവർ. കുടുംബവീടിന്റെ ഗേറ്റു കടന്നു വേണം മകളുടെ വീട്ടിലേക്ക് പ്രവേശിക്കാൻ. എന്നാൽ മൃതദേഹം കൊണ്ടുപോകുന്നതിന് മകനും മരുമകളും തടസം നിൽക്കുകയായിരുന്നു.
ജനപ്രതിനിധികളും പൊലീസും സംസാരിച്ചിട്ടും ഗേറ്റ് തുറക്കാത്തതിനാൽ പൂട്ട് മുറിച്ച് മൃതദേഹം മകളുടെ വീട്ടിലെത്തിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്‌കരിച്ചു. ജനപ്രതിനിധികളാണ് ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്. സംഭവത്തിൽ പരാതിക്കാരില്ലാത്തതിനാൽ കേസൊന്നും എടുത്തിട്ടില്ലെന്ന് ചേർത്തല സി.ഐ പറഞ്ഞു.