കോട്ടയം: ബീഫില്ലാതെ ചോറിറങ്ങാത്തവരാണ് പൊതുവേ കോട്ടയംകാർ. എന്നാൽ കോട്ടയത്ത് മാത്രമെന്തേ ബീഫിനിത്ര വിലയെന്നതാണ് ഇപ്പോഴത്തെ ചർച്ച. ഒടുവിൽ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് ബീഫിന് ഏകീകൃത വില നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് മുളക്കുളം സ്വദേശി കെ.വി. ജോർജ് കത്തും അയച്ചു. വ്യത്യസ്തവും സാധാരണക്കാരുടെ ആവശ്യവുമായ അപേക്ഷ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെ കോട്ടയത്തെ ബീഫെന്താ സ്വർണം പൂശിയതാണോയെന്നതാണ് ഇപ്പോഴത്തെ ചർച്ച.
ഇതാണാ കത്ത്
'' കോട്ടയം ജില്ലയിൽ നുറുക്കാത്ത പോത്തിറച്ചിക്ക് 380 രൂപ കൊടുക്കണം. എന്നാൽ, ഇതേ ഇറച്ചിക്ക് അടിമാലിയിൽ 300/320 രൂപ, പെരുമ്പാവൂരിൽ 320 രൂപ, വരാപ്പുഴയിൽ 280 രൂപ, എറണാകുളത്തും പരിസരപ്രദേശങ്ങളിലും 300 രൂപ, ചാലക്കുടിയിൽ 280 രൂപ, തൃശൂരും പരിസരപ്രദേശങ്ങളിലും 280-300 രൂപ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ 280-300 രൂപ.
പോത്തിറച്ചി മറ്റുജില്ലകളിൽ വിൽക്കുന്ന വില ഇങ്ങനെയൊക്കെ ആയിരിക്കെ, കോട്ടയം ജില്ലയിൽ മാത്രം നുറുക്കാത്ത ഒരു കിലോ പോത്തിറച്ചിക്ക് 380 രൂപ!
പോത്തിറച്ചിയുടെ വില നിശ്ചയിക്കാൻ ജില്ലാ പഞ്ചായത്തിന് അധികാരം ഉണ്ടെന്നാണ് എന്റെ അറിവ്. അതിനാൽ തന്നെ, ജില്ലാപഞ്ചായത്ത് തങ്ങളുടെ അധികാരം ഉപയോഗിച്ച് കോട്ടയം ജില്ലയിൽ വിൽക്കുന്ന പോത്തിറച്ചിക്ക്, മാംസവ്യാപാരികൾ ഈടാക്കിവരുന്ന അമിതവില കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണം.
കൊവിഡ് മഹാമാരി മൂലം സാമ്പത്തികഞെരുക്കം നേരിടുന്ന സാധാരണ ജനത്തിന് പോത്തിറച്ചിയുടെ അമിതവില കുറയ്ക്കുന്നത് വളരെ ആശ്വാസകരമാകും...
കൂടാതെ, കോട്ടയം ജില്ലാപഞ്ചായത്ത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത്, സംസ്ഥാനമൊട്ടാകെ പോത്തിറച്ചിക്ക് ഏകീകൃത വില നിശ്ചയിച്ചാൽ വളരെ നന്നായിരിക്കും.വളരെ പ്രതീക്ഷയോടെ നിർത്തുന്നു''
മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി
'' കത്ത് കവറിംഗ് ലെറ്ററോടു കൂടി ഭക്ഷ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. വിഷയത്തിൽ ജില്ലാ പഞ്ചായത്തിന് ഇടപെടാൻ പരിമിതികളുണ്ട്. അതിനാലാണ് മന്ത്രിക്ക് കൈമാറിയത്''
-നിർമലാ ജിമ്മി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.