anjali-

കാസര്‍കോട്: ഒന്നര മാസത്തോളം ബന്ധുക്കളെയും പൊലീസിനെയും വട്ടംകറക്കിയ പുല്ലൂര്‍ പൊള്ളക്കടയിലെ അഞ്ജലി (21) യുടെ തിരോധാനത്തിന് പിന്നിലെ ദുരൂഹത നീങ്ങുന്നു. യുവതി വീട് വിട്ടുപോയതിന് പിന്നില്‍ ലൗ ജിഹാദ് ആണെന്ന ആരോപണം തെറ്റാണെന്ന് സ്ഥിരീകരിച്ച അന്വേഷണ സംഘം സംശയാസ്പദമായ യാതൊന്നും തിരോധാനത്തിന് പിന്നിലില്ലെന്നും കണ്ടെത്തി.

തെലുങ്കാന രംഗറെഡ്ഢി ജില്ലയിലെ നര്‍സിങ്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മണികൊണ്ട ടൗണിലെ ഒ.വൈ.ഒ ഹോട്ടലില്‍ മുറിയെടുത്തു താമസിച്ച അഞ്ജലിയെ അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് ഇന്നലെ രാവിലെ ഏഴര മണിയോടെയാണ് അമ്പലത്തറയില്‍ എത്തിച്ചത്.

അഞ്ജലിയുടെ വിശദമായ മൊഴിയെടുത്ത ശേഷം വൈകീട്ട് അഞ്ചു മണിയോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവതി രക്ഷിതാക്കളുടെ കൂടെ പോയി. ഏപ്രില്‍ 25 ന് വിവാഹം നിശ്ചയിച്ചിരുന്ന അഞ്ജലി 19 ന് ഉച്ചക്ക് ഒന്നര മണിക്ക് വീട്ടില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. കാസര്‍കോട് ബസില്‍ കയറി പൊയിനാച്ചിയില്‍ ഇറങ്ങിയ യുവതിയെ പിന്നീട് കണ്ടിരുന്നില്ല.

അഞ്ജലി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തി ഉച്ചക്കുള്ള ചെന്നൈ മെയിലില്‍ പ്രിയ എന്ന പേരില്‍ ടിക്കറ്റ് ബുക്ക് ചെയ്തു ചെന്നൈയിലേക്ക് പോയെന്ന് പിന്നീട് സ്ഥിരീകരിച്ചു. സ്വന്തം മൊബൈല്‍ നമ്പര്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്‍കിയതിനാല്‍ സൈബര്‍ സെല്ലിന് യുവതിയുടെ യാത്ര നിരീക്ഷിക്കാന്‍ കഴിഞ്ഞു. 21 ന് രാവിലെ ചെന്നൈയില്‍ എത്തി മൊബൈല്‍ ഫോണ്‍ വില്പന നടത്തി.

അവിടെ നിന്ന് കച്ചിഗുഡ എക്സ്പ്രസില്‍ ബംഗളൂരുവിലേക്കും പിറ്റേ ദിവസം ബസില്‍ മുംബയിലും യുവതി എത്തി. മുംബയില്‍ കുറച്ചു ദിവസം താമസിച്ച ശേഷം 15 ദിവസം മുമ്പ് ബസിലാണ് അഞ്ജലി ഹൈദരാബാദില്‍ എത്തിയത്. ഇവിടെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചുവരുന്നതിനിടെയാണ് പൊലീസ് കണ്ടെത്തുന്നത്.

വിവാഹ ജീവിതത്തില്‍ താല്പര്യമില്ലാത്തതിനാല്‍ വീട്ടില്‍ നിന്ന് ഇറങ്ങിയെന്നാണ് അഞ്ജലി പൊലീസിന് നല്‍കിയ മൊഴി. പൊലീസിനെയും വീട്ടുകാരെയും കബളിപ്പിക്കാനാണ് 'ഇക്ക'യുടെ കൂടെ പോകുന്നുവെന്ന് എഴുതിയതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.. യുവതിയുടെ മൊഴികളും വാങ്ങിയ പുതിയ ഫോണിലെ കോള്‍ രേഖകളും വിശദമായി പരിശോധിക്കുമെന്ന് ബേക്കല്‍ ഡിവൈ.എസ്.പി കെ.എം ബിജു പറഞ്ഞു.