india

ദോഹ: ലോകകപ്പിനും ഏഷ്യൻ കപ്പിനുമായുള‌ള സംയുക്ത യോഗ്യതാ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് വീണ്ടും തോൽവി. ദോഹയിൽ നടന്ന മത്സരത്തിൽ ഖത്തറിനെതിരെ ഒരു ഗോളിന് ഇന്ത്യ പരാജയപ്പെടുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയുടെ 17ാം മിനിറ്റിൽ തന്നെ രണ്ടാം മഞ്ഞ കാർഡ് കിട്ടി ഡിഫന്റർ രാഹുൽ ഭേക്കെ കളംവിട്ടതോടെ 10 പേരുമായാണ് ഖത്തറിന്റെ ആക്രമണങ്ങളെ ഇന്ത്യ ചെറുത്തത്. 33ാം മിനിറ്റിൽ അബ്ദെൽ അസീസാണ് ഖത്തറിനുവേണ്ടി ഗോൾ നേടിയത്. മുണ്ടാരി നൽകിയ പന്ത് ഇന്ത്യയുടെ ഡിഫൻഡർ പ്രീതം കോട്ടലിനെ കബളിപ്പിച്ച് അസീസ് വലയിലാക്കുകയായിരുന്നു.

ഈ തോൽവിയോടുകൂടി ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യാ സാദ്ധ്യതയും പ്രതിസന്ധിയിലായിരിക്കുകയാണ്. ലോകകപ്പിൽ നിന്ന് ഇന്ത്യ നേരത്തെ തന്നെ പുറത്തായി കഴിഞ്ഞിരുന്നു.ഗ്രൂപ്പ് ഇയിൽ ഇനിയുള‌ള രണ്ട് മത്സരങ്ങളും വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ഇനി ഏഷ്യൻ കപ്പിലേക്ക് നേരിട്ട് പ്രവേശനം ഉറപ്പിക്കുവാൻ സാധിക്കുകയുള‌ളു.

ഗ്രൂപ്പ് ഇയിൽ ആറുമത്സരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യ മൂന്നെണ്ണം സമനിലയാക്കുകയും ബാക്കിയിള‌ളവയിൽ പരാജയപ്പെടുകയും ചെയ്തു. മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ശേഷിച്ച രണ്ട് മത്സരങ്ങളും വിജയിച്ചാൽ ഏഷ്യൻ കപ്പിന് നേരിട്ട് പ്രവേശനം ലഭിക്കും. ജൂൺ ഏഴിന് ബംഗ്ലദേശിനെതിരെയും ജൂൺ15ന് അഫ്ഗാനിസ്ഥാനെതിരെയുമാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങൾ. ഖത്തറും ഒമാനുമാണ് ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാർ.