തിരുവനന്തപുരം: അന്തരിച്ച പ്രമുഖ നേതാക്കളായ കെ ആർ ഗൗരിയമ്മയ്‌ക്കും ആർ ബാലകൃഷ്‌ണപിളളയ്‌ക്കും സ്‌മാരകം നിർമ്മിക്കാനുളള ബഡ്‌ജറ്റ് പ്രഖ്യാപനം പുതിയ ചർച്ചകൾക്ക് വഴിയൊരുക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് രണ്ട് നേതാക്കൾക്കും സ്‌മാരകം പണിയാൻ രണ്ട് കോടി രൂപ വീതം സർക്കാർ നീക്കിവയ്‌ക്കുന്നത്. ബാലകൃഷ്‌ണപിളളയ്‌ക്ക് കൊട്ടാരക്കരയിലാണ് സ്‌മാരകം ഉയരുക. ഗൗരിയമ്മയുടെ സ്‌മാരകം എവിടെ ഉയരുമെന്ന് ബഡ്‌ജറ്റിൽ പരാമർശമുണ്ടായില്ല.
കേരള കോൺഗ്രസ് (ബി)യുടെ ഭാഗത്ത് നിന്ന് ശക്തമായ സമ്മർദ്ദമാണ് ബാലകൃഷ്‌ണപിളളയുടെ പേരിൽ സ്‌മാരകം നിർമ്മിക്കാൻ സർക്കാരിന് മേൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. മന്ത്രിസ്ഥാനം നൽകാതെ ആദ്യ ടേമിൽ നിന്ന് മാറ്റിനിർത്തിയ ഗണേഷിനെ അനുനയിപ്പിക്കുക എന്ന തന്ത്രവും ഇതിനു പിന്നിലുണ്ട്. ജെ എസ് എസ് നേതാവായ ഗൗരിയമ്മയ്‌ക്ക് സ്‌മാരകം കൂടി അനുവദിക്കുക വഴി സി പി എമ്മും ഗൗരിയമ്മയും തമ്മിലുളള ഇഴയടുപ്പം രാഷ്‌ട്രീയ കേരളത്തിന് ബോദ്ധ്യപ്പെടുത്തുക എന്നതാണ് സർക്കാർ ലക്ഷ്യം വയ്‌ക്കുന്നത്.
മുൻ ധനമന്ത്രി കെ എം മാണിക്ക് സ്‌മാരക മന്ദിരം നിർമ്മിക്കുന്നതിന് അദ്ദേഹത്തിന്‍റെ പേരിലുളള ഫൗണ്ടേഷന് അഞ്ച് കോടി രൂപ നൽകാനുളള ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്‍റെ പ്രഖ്യാപനം അന്ന് ഏറെ ചർച്ചയായിരുന്നു. കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടത് മുന്നണിയിലേക്ക് ചേക്കേറും മുമ്പുളള രാഷ്‌ട്രീയ നീക്കമായിരുന്നത്. ഇതിനു തൊട്ടുപിന്നാലെയാണ് ജോസഫുമായി ഉടക്കിപിരിഞ്ഞ് ജോസും കൂട്ടരും യു ഡി എഫ് വിടുന്നത്. പിന്നീട് കെ എം മാണിക്ക് സ്‌മാരകം പണിയാൻ ആക്കുളത്തെ ആർ സി സിയുടെ സ്ഥലം ഏറ്റെടുക്കാനുളള നീക്കവും വിവാദമായിരുന്നു.