
സെന്റ് ജോൺസ്: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 14,000 കോടിയോളം രൂപ വായ്പാതട്ടിപ്പ് നടത്തി, രാജ്യം വിട്ട സാമ്പത്തിക കുറ്റവാളി മെഹുൽ ചോക്സിയെ തിരികെ എത്തിക്കുവാനുള്ള ഇന്ത്യയുടെ പദ്ധതി പാതിവഴിയിൽ. ഡൊമിനിക്കയിൽ അറസ്റ്റിലായ ചോക്സിയെ തിരികെ കൊണ്ടുവരുന്നതിനായി അവിടെ എത്തിയ ഇന്ത്യൻ സംഘം ഇയാളെ കൂടാതെ മടങ്ങിയെന്ന് സൂചന. സി ബി ഐയിലെ മുതിർന്ന ഉദ്യോഗസ്ഥരടക്കം എട്ടംഗ ഇന്ത്യൻ സംഘമാണ് ചോക്സിക്ക് വേണ്ടി ദിവസങ്ങളായി ഡൊമിനിക്കയിൽ തങ്ങിയിരുന്നത്.
ഖത്തർ എക്സിക്യൂട്ടീവിന്റെ ബോംബാർഡിയർ ഗ്ലോബൽ 5000 ബിസിനസ് ജെറ്റ് വ്യാഴാഴ്ച രാത്രി 8:10 ന് ദ്വീപിൽ നിന്ന് പുറപ്പെട്ടതായി അവിടത്തെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം പൊലീസ് കാവലിൽ ഡൊമിനിക്ക ചൈന ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലിൽ മെഹുൽ ചോക്സി തുടരുകയാണ്.
കാത്തിരിക്കണം സമയമെടുക്കും
ചോക്സിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുമോ എന്ന് അറിയണമെങ്കിൽ ചുരുങ്ങിയത് ഒരു മാസമെങ്കിലും എടുക്കും. രണ്ട് കോടതികളിൽ ഇയാൾക്കെതിരെ രണ്ട് വ്യത്യസ്ത കാര്യങ്ങളിൽ ഡൊമിനിക്കയിൽ കേസ് നടക്കുകയാണ്. ഇതു രണ്ടും തീർപ്പാക്കിയാൽ മാത്രമേ ഇന്ത്യയ്ക്ക് ലഭിക്കുമോ എന്ന കാര്യത്തിൽ തീരുമാനമാവുകയുള്ളു. തന്നെ ഡൊമിനിക്കൻ പൊലീസ് അനധികൃതമായി അറസ്റ്റ് ചെയ്തു എന്ന് ആരോപിച്ച് കൊണ്ടുള്ള ചോക്സയുടെ പരാതിയും, മെഹുൽ ചോക്സി തങ്ങളുടെ രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചുവെന്നാരോപിച്ചുള്ള ഡൊമിനിക്കൻ പൊലീസ് കേസുമാണ് കോടതികളുടെ മുന്നിലുള്ളത്.
ഇന്നലെ കേസിൽ പ്രാരംഭ വാദം കേട്ട കോടതി വാദം തുടരുന്നതിനായി കേസ് മറ്റൊരു ദിവസത്തിലേക്ക് മാറ്റിയിരിക്കുകയാണ്. തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും, ജൂലായ് ഒന്നിന് നടക്കാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത്രയും നാൾ മെഹുൽ ചോക്സി ഡൊമിനിക്കൻ പൊലീസ് കസ്റ്റഡിയിൽ തുടരും. ചോക്സിയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു. മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്ന രണ്ടാമത്തെ കേസ് ജൂൺ 14 ന് പരിഗണിക്കും. കേസ് നീട്ടിക്കൊണ്ട് പോകുന്നതിനാണ് ചോക്സിയുടെ അഭിഭാഷകർക്ക് താത്പര്യം.
മിഷൻ ചോക്സി
സെന്റ് ജോൺസ്: കോടിക്കണക്കിന് രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്നു മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സിയെ തിരികെ എത്തിക്കുന്ന സംഘത്തെ നയിക്കുന്നത് സി ബി ഐയിലെ കരുത്തയായ ഉദ്യോഗസ്ഥ ശാരദ റൗട്ട്. സി ബി ഐയുടെ ബാങ്കിംഗ് തട്ടിപ്പ് അന്വേഷണ വിഭാഗത്തിന്റെ മുംബയ് മേധാവിയാണ് ശാരദ റൗട്ട്. മിഷൻ ചോക്സി എന്നപേരിലാണ് ശതകോടികൾ തട്ടിച്ച് രാജ്യം വിട്ട ചോക്സിയെ തിരികെ എത്തിക്കുന്ന ഓപ്പറേഷന് പേരിട്ടിരിക്കുന്നത്.
ചോക്സി ഇപ്പോഴും എങ്ങനെയാണ് അറസ്റ്റിലായതെന്ന് വ്യക്തമായിട്ടില്ല. ഡൊമിനിക്ക എന്ന ദ്വീപ് രാഷ്ട്രത്തിൽ കാമുകിയുമായി കറങ്ങാനെത്തവേ പിടിയിലായെന്നും, അതല്ല ഹണിട്രാപ്പിൽ പെടുത്തി കസ്റ്റഡിയിലാക്കിയതാണെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും ഇന്ത്യയുടെ ഭാഗത്ത് നിന്നും മികച്ച ആസൂത്രണം 'മിഷൻ ചോക്സി'ക്കുണ്ടായിരുന്നു എന്ന് ഉറപ്പാണ്. കാരണം ഇയാൾ പിടിയിലായെന്ന് വാർത്ത പുറത്ത് വന്ന് മണിക്കൂറുകൾക്കകം സ്വകാര്യ ജെറ്റിൽ ഇന്ത്യൻ എട്ടംഗസംഘം ഡൊമിനിക്കയിൽ എത്തി. വിമാനത്തിൽ 20 മണിക്കൂറോളം ഇന്ത്യയിൽ നിന്നും സഞ്ചരിച്ചാൽ മാത്രമേ ഇവിടെ എത്താനാവുകയുള്ളു. കൂടാതെ ഖത്തർ എയർവേയ്സിന്റെ ചെറു വിമാനം വാടകയ്‌ക്കെടുത്താണ് ഇന്ത്യൻ സംഘം എത്തിയതും. സംശയത്തിന്റെ ഒരു അംശം പോലും ആർക്കും നൽകാതെ മികച്ച ആസൂത്രണമാണ് ഇന്ത്യൻ സംഘം നടത്തിയത്.
സി.ബി.ഐ, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, സി.ആർ.പി.എഫ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള രണ്ടുപേർ വീതം 'മിഷൻ ചോക്സി'യുടെ ഭാഗമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവർക്ക് ഡൊമിനിക്കയിൽ സഹായവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരുമുണ്ട്.
ശാരദ റൗട്ടിനെ അറിയാം
മിഷൻ ചോക്സിയുടെ നെടുന്തൂണായ ശാരദ റൗട്ട് ചോക്സിക്കായി വലവിരിച്ച് ഏറെ നാളായി
കാത്തിരിക്കുകയാണ്. നിലവിൽ സി ബി ഐയുടെ ബാങ്കിംഗ് തട്ടിപ്പ് അന്വേഷണ വിഭാഗത്തിന്റെ മുംബയ് മേധാവിയായ ഇവർ 2005 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥയാണ്. മഹാരാഷ്ട്ര കേഡറിലുള്ള ഇവർ കഴിഞ്ഞ വർഷമാണ് സി ബി ഐ ഡി ഐ ജിയായി സ്ഥാനം ഏറ്റെടുത്തത്.