court

ന്യൂഡൽഹി:ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്യാത്തിടത്തോളം, സർക്കാരിനെതിരായ മാധ്യമ പ്രവർത്തകരുടെ വിമർശനങ്ങളിൽ രാജ്യദ്രോഹകുറ്റം ചാർത്താൻ സാധിക്കുകയില്ലെന്ന് സുപ്രീംകോടതി.

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ വിനോദ് ദുവയ്‌ക്കെതിരെ പ്രാദേശിക ബിജെപി നേതാവ് അജയ് ശ്യാം നൽകിയ പരാതി തള‌ളിക്കൊണ്ട് ജസ്റ്റിസ് യു.യു ലളിത്, വിനീത് ശരൺ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് നേടുന്നതിനായി ഭീകരാക്രമണങ്ങളും മരണങ്ങളും ഉപയോഗിച്ചുവെന്ന് വിനോദ് ദുവാ യൂട്യൂബ് ചാനലിലൂടെ വിമർശനം നടത്തിയിരുന്നു. ഇതിനെത്തുടർന്ന് രാജ്യദ്രോഹം, പൊതുശല്യം തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് വിനോദ് ദുവായ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു.

വീഡിയോ പരിശോധിച്ച കോടതി അതിൽ രാജ്യദ്രോഹ കുറ്റം ചുമത്താൻ പാകത്തിലുള‌ള പ്രസ്താവനകൾ ഒന്നുംതന്നെ ദുവാ നടത്തിയിട്ടില്ലെന്ന് കണ്ടെത്തി. ദുവായ്ക്ക് എതിരെ ദുരന്ത നിവാരണ വകുപ്പുകൾ പ്രകാരം കുറ്റം ചാർത്താനുള‌ള നീക്കവും കോടതി തള‌ളി.

എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മാദ്ധ്യമ പ്രവർത്തകർക്കെതിരെ ചാർത്തിയിട്ടുള‌ള എല്ലാ കേസുകളും പുന:പരിശോധിക്കണമെന്ന ദുവായുടെ ആവശ്യം സ്വീകരിക്കുവാൻ കോടതി തയ്യാറായില്ല.