balagopal

​​​​​തിരുവനന്തപുരം: അലങ്കാരങ്ങളും ഉപമകളും തിളങ്ങുന്ന വസ്‌ത്രത്തിന്‍റെ പളപളപ്പുമൊന്നുമില്ലാതെ കാര്യമാത്ര പ്രസക്‌തമായ ബഡ്‌ജറ്റ്. ഒന്നാം പിണറായി സർക്കാരിലെ തോമസ് ഐസക്കിന്‍റെ ബഡ്‌ജറ്റിൽ നിന്ന് രണ്ടാം പിണറായി സർക്കാരിലെ കെ.എൻ ബാലഗോപാലിന്‍റെ ബഡ്‌ജറ്റ് വ്യത്യസ്‌തമാകുന്നത് ഇങ്ങനെയാണ്. എന്നാൽ തോമസ് ഐസക്കിന്‍റെ പ്രഖ്യാപനങ്ങളിലോ നിർദേശങ്ങളിലോ യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് കെ.എൻ ബാലഗോപാൽ അടിവരയിടുന്നു.

കഴിഞ്ഞ അഞ്ചുവർഷം പിന്തുടർന്ന നയം എന്താണോ അതിൽ നിന്ന് യാതൊരു മാറ്റത്തിനും തങ്ങൾ തയ്യാറല്ലെന്ന ഉറച്ച സന്ദേശമാണ് ബാലഗോപാലിന്‍റെ കന്നി ബഡ്‌ജറ്റ്. ദുരന്തങ്ങളെ നേട്ടമാക്കി എന്നതാണ് പിണറായി വിജന്‍റെ ഏറ്റവും വലിയ നേട്ടം. അതിൽ നിന്ന് അണുവിട വ്യതിചലിക്കാൻ പിണറായി ഒരുക്കമല്ല. കാരണം ആപത്ത് സമയത്ത് ജനങ്ങൾക്കൊപ്പം നിന്നാൽ അവർ അതിന് പ്രത്യുപകാരം നൽകുമെന്ന് മറ്റാരെക്കാളും കേരളത്തിൽ ഇന്ന് നന്നായി അറിയാവുന്നത് പിണറായി വിജയന് തന്നെയാണ്. അതുകൊണ്ടാണ് ഈ അടുത്തകാലത്തൊന്നും ഒരു തിരഞ്ഞെടുപ്പ് ഇല്ലാതിരുന്നിട്ടും നികുതി നിർദേശങ്ങളുടെ പരിഷ്‌കരണത്തിന് സർക്കാർ തയ്യാറാകാതിരുന്നത്.

രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ നിലനിൽക്കെ വ്യക്തമായ ദീർഘവീക്ഷണത്തോടെയാണ് ബാലഗോപാൽ ആരോഗ്യ മേഖലയ്‌ക്ക് പ്രധാന്യം നൽകി പല പ്രഖ്യാപനങ്ങളും നടത്തിയത്. കുട്ടികൾ തുടങ്ങി പ്രവാസികൾ വരെയുളളവരെ ലക്ഷ്യമിട്ടായിരുന്നു കൊവിഡുമായി ബന്ധപ്പെട്ട ഓരോ പ്രഖ്യാപനവും. ഭരണതുടർച്ചയെ വാഴ്‌ത്തി ആരംഭിച്ച ബഡ്‌ജറ്റ് പ്രകടനപത്രികയിലെ എല്ലാ വാഗ്ദ്ധാനങ്ങളും നടപ്പാക്കുമെന്ന് കഴിഞ്ഞതവണത്തേത് പോലെ ഇത്തവണയും ഉറപ്പ് നൽകുകയാണ്. ചുരുക്കത്തിൽ അഞ്ച് വർഷത്തിനപ്പുറമുളള നവകേരള നിർമ്മിതിക്ക് വേണ്ടിയുളള പണി എൽ ഡി എഫ് ഇപ്പോഴേ തുടങ്ങിയെന്ന് ചുരുക്കം.

നാടകീയതകളോ അത്ഭുത പ്രഖ്യാപനങ്ങളോ ഒന്നും ബഡ്‌ജറ്റിലുണ്ടായിരുന്നില്ല. എന്നാൽ വിദ്യാഭ്യംസം, ടൂറിസം, കൃഷി, പൊതുമരാമത്ത്, ഫിഷറീസ് അടക്കം സമഗ്രമേഖലകൾക്കും കൈത്താങ്ങാകുന്ന പദ്ധതികൾ ഒരു മണിക്കൂർ അവതരണത്തിനിടെ ഉണ്ടായിരുന്നു. ബഡ്‌ജറ്റ് വായനയില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബഡ്‌ജറ്റ് അവതരണമായി മാറിയിരിക്കുകയാണ് ബാലഗോപാലിന്‍റെ ബഡ്‌ജറ്റ്.

16,910.12 കോടി ധനകമ്മിയുള്ള ബഡ്‌ജറ്റായിരുന്നു സഭയിൽ അവതരിപ്പിച്ചത്. നികുതിയിൽ ഒറ്റത്തവണ തീർപ്പാക്കൽ തുടരും. പ്രതിസന്ധി ഘട്ടത്തിൽ കടമെടുത്തായാലും നാടിനെ രക്ഷിക്കുമെന്ന നയം സർക്കാർ ആവർത്തിക്കുകയാണ്. ചെലവ് ചുരുക്കാനും വരുമാനം കൂട്ടാനുമുള്ള പദ്ധതികൾ പ്രതിസന്ധിക്കുശേഷം പ്രഖ്യാപിച്ചേക്കുമെന്ന സൂചനയും ധനമന്ത്രി നൽകുന്നുണ്ട്.

വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ ബഡ്‌ജറ്റില്‍ 10 കോടി വകയിരുത്തുന്നതിനൊപ്പം വിദ്യാര്‍ഥികള്‍ക്ക് രണ്ട് ലക്ഷം ലാപ്ടോപ്പുകള്‍ ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പിലാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ സംവിധാനത്തെ പരിശോധിച്ച് പുനഃസംഘാടനത്തിന് പ്രായോഗിക നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് മൂന്നുമാസത്തിനകം സമര്‍പ്പിക്കാന്‍ ഉന്നതാധികാരമുളള കമ്മിഷനെ നിയോഗിക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞതും ദീർഘവീക്ഷണമുളള പ്രഖ്യാപനമാണ്.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കെ കെ എം മാണിക്ക് പിന്നാലെ ഗൗരിയമ്മയ്‌ക്കും ആർ ബാലകൃഷ്‌ണപിളളയ്‌ക്കും സ്‌മാരകം നിർമ്മിക്കാനുളള പ്രഖ്യാപനം ബഡ്‌ജറ്റിലെ കല്ലുകടിയായി. ഗതാഗത വകുപ്പിനടക്കം കരുതൽ നൽകിയുളള ബ‌ഡ്‌ജറ്റ് പ്രതിസന്ധി കാലത്ത് എത്തരത്തിൽ നടപ്പാകുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.