ന്യൂഡല്‍ഹി: മുഖ്യപലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണവായ്‌പ നയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്‌പയുടെ പലിശയായ റിപ്പോനിരക്ക് നാലുശതമാനമായി തുടരും. റിസര്‍വ് ബാങ്കിന് നല്‍കുന്ന വായ്‌പയുടെ പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായി തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
തുടര്‍ച്ചയായി അഞ്ചാമത്തെ പണവായ്‌പനയ സമിതി യോഗത്തിലാണ് പലിശനിരക്കില്‍ മാറ്റം വരുത്താതെയുള്ള പ്രഖ്യാപനം. വിലക്കയറ്റം ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പലിശനിരക്കില്‍ മാറ്റം വരുത്തേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തിയത്. 2020 മേയിലാണ് ഇതിനു മുമ്പ് പലിശനിരക്കില്‍ മാറ്റം വരുത്തിയത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നടപ്പുസാമ്പത്തികവര്‍ഷം രാജ്യം 10.5 ശതമാനം സാമ്പത്തിവളര്‍ച്ച നേടുമെന്ന അനുമാനം റിസര്‍വ് ബാങ്ക് ആവര്‍ത്തിച്ചു.
നടപ്പ് സാമ്പത്തിക വർഷം പണപ്പെരുപ്പം 5.1ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമീപ ഭാവിയിൽ ഉണ്ടായേക്കാവുന്ന വിലക്കയറ്റമാണ് ആർ ബി ഐ നേരിടുന്ന വെല്ലുവിളി. ആഗോളതലത്തിലുള്ള അസംസ്‌കൃത വസ്‌തുക്കളുടെ വിലവർദ്ധന, ചരക്ക് നീക്കത്തിലെ തടസങ്ങൾ എന്നിവ ദോഷകരമായി ബാധിക്കും.
മികച്ച മൺസൂൺ പ്രതീക്ഷ ഗ്രാമീണമേഖലയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കാനുള്ള 16,000 കോടി രൂപയുടെ സിഡ്ബി പദ്ധതി തുടരുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. 50 കോടി രൂപവരെ വായ്‌പയെടുത്തവർക്ക് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും. നേരത്തെ 25 കോടി രൂപയായിരുന്നു വായ്‌പ പരിധി.