china-

വാഷിംഗ്ടൺ : ലോകത്തെ മുഴുവൻ രണ്ട് വർഷമായി ആഴത്തിൽ ഗ്രസിച്ചുകൊണ്ടിരിക്കുകയാണ് കൊവിഡ് മഹാമാരി. ഇതിന് പിന്നിൽ ചൈനയുടെ ഗൂഢാലോചനയോ, പിഴവോ ആണെന്ന മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകൾക്ക് ഇപ്പോൾ വിശ്വാസ്യത ഏറി വരുകയാണ്. ചൈനയിലെ വുഹാനിലെ ലബോറട്ടറിയിൽ നിന്ന് വൈറസ് ഉദ്ഭവിച്ചു എന്ന വാദത്തിനാണ് ഇപ്പോൾ ശക്തിയേറുന്നത്.

വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് പഠനം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വാദവുമായി ട്രംപ് രംഗത്ത് വന്നിട്ടുള്ളത്. തന്റെ ശത്രുക്കളും ഇപ്പോൾ 'വുഹാൻ ലാബിൽ നിന്നും പുറത്തുവന്ന ചൈനീസ് വൈറസിനെക്കുറിച്ച് പ്രസിഡന്റ് ട്രംപ് പറഞ്ഞത് ശരിയാണെന്ന് പറയാൻ തുടങ്ങി' എന്നാണ് ഇപ്പോൾ ട്രംപ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ലോകരാജ്യത്തിന് കൊവിഡ് മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് ചൈന 10 ട്രില്യൺ ഡോളർ നൽകണമെന്നും ട്രംപ് പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ചൈനയെ കുരുക്കുന്ന വാദങ്ങൾ

കൊവിഡ് വ്യാപനത്തിൽ ചൈനയെ പ്രതിക്കൂട്ടിൽ നിർത്തുന്ന വാദങ്ങളാണ് തുടക്കം മുതലേ പാശ്ചാത്യ മാദ്ധ്യമങ്ങളും, ശാസ്ത്രജ്ഞരും കൈക്കൊണ്ടിട്ടുള്ളത്. ഇപ്പോഴും പുറത്ത് വരുന്ന റിപ്പോർട്ടുകൾ കൊവിഡ് രോഗത്തിന് കാരണമായ വൈറസ് വുഹാനിലെ ഒരു ലാബിൽ നിന്നും പുറത്തു വന്നതാണെന്നുള്ള സംശയം ബലപ്പെടുത്തിക്കൊണ്ടുള്ളവയാണ്.

സിബിഎസ് ന്യൂസിന്റെ 'ഫെയ്സ് ദി നേഷൻ' എന്ന വിഷയത്തിൽ സംസാരിക്കവേ ട്രംപ് ഭരണകാലത്ത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിൽ ജോലി ചെയ്തിരുന്ന സ്‌കോട്ട് ഗോട്ലീബ് ഈ സിദ്ധാന്തത്തിന് ലോകത്തിൽ വിശ്വാസം കൂടിവരുന്നതായി നിരീക്ഷിച്ചു. അതേസമയം 2019 ഡിസംബറിൽ ചൈനയിലെ വുഹാനിലെ ഒരു സീഫുഡ് മാർക്കറ്റിൽ നിന്നാണ് രോഗം പൊട്ടിപ്പുറപ്പെട്ടതെന്ന വാദം വിശ്വസിക്കാൻ തക്ക തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ കൊവിഡ് രോഗബാധയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം ചർച്ചകൾ വീണ്ടും ചൂട് പിടിക്കുന്നത്. വൈറസ് വന്യജീവികളിൽ നിന്ന് ഉണ്ടായതാണോ അതോ വുഹാൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിൽ നിന്ന് രക്ഷപ്പെട്ടതാണോ എന്ന കാര്യത്തിൽ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന് ഇതുവരെയും ഒരു ഉത്തരത്തിൽ എത്താനായിട്ടില്ല.

അതേസമയം 2019 നവംബറിൽ കൊവിഡിന് സമാനമായ രോഗ ലക്ഷണങ്ങളോടെ വുഹാൻ ലാബിലെ ഗവേഷകർ ആശുപത്രിയിൽ ചികിത്സ തേടിയതായി ഒരു പ്രമുഖ പ്രസിദ്ധീകരണം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ അതേ വർഷം ഡിസംബർ അവസാനത്തോടെ മാത്രമേ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ച് ചൈന ലോകാരോഗ്യ സംഘടനയെ അറിയിച്ചിരുന്നുള്ളു. എന്തായാലും വരും ദിവസങ്ങളിൽ ചൈനയെ സംബന്ധിച്ച് വെല്ലുവിളികൾ നിറഞ്ഞതാണ്. കാരണം കൊവിഡ് 19 നൽകിയ ദുരന്തം ലോകത്തിന് അത്രമേൽ വലുതായിരുന്നു.

ചൈന കൂടുതൽ സഹകരിക്കേണ്ടി വരും

ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി ചൈനയ്‌ക്കെതിരെ അണിനിരന്നേക്കാമെന്ന് അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്. കൊവിഡിന്റെ ഉദ്ഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഇന്ത്യ അടക്കം ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാൽ ഈ വൈറസിന്റെ ഉദ്ഭവത്തെ കുറിച്ച് ഇനിയും ആധികാരികമായ ഒരു വിവരവും നൽകാൻ ശാസ്ത്രലോകത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഇതിന് പ്രധാന കാരണം തങ്ങളുടെ രാജ്യത്തിനകത്തേക്ക് വിദേശ ഗവേഷണ വിദഗ്ദ്ധരെ പ്രവേശിപ്പിക്കുവാൻ ചൈന തയ്യാറാവുന്നില്ലെന്നത് തന്നെയാണ്. ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധരെ മാത്രമാണ് രാജ്യത്ത് നിയന്ത്രണങ്ങളോടെ പരിശോധിക്കാൻ ചൈന ഇതുവരെ അനുവദിച്ചത്. എന്നാൽ ഈ റിപ്പോർട്ടിലൊന്നും മിക്ക രാജ്യങ്ങളും തൃപ്തരല്ല.

കൊവിഡ് 19 നെകുറിച്ച് വ്യക്തമായ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭാവിയിൽ കൊവിഡ് 26, കൊവിഡ് 32 തുടങ്ങിയ മഹാമാരികളുടെ തുടർച്ചയാവും ഉണ്ടാവുകയെന്നാണ് ടെക്സസ് ചിൽഡ്രൻസ് ഹോസ്പിറ്റൽ സെന്റർ ഫോർ വാക്സിൻ ഡവലപ്‌മെന്റിന്റെ കോ ഡയറക്ടർ പീറ്റർ ഹോട്ടസ് അഭിപ്രായപ്പെട്ടത്. കൊവിഡ് 19 ന്റെ ഉത്ഭവം മനസിലാക്കേണ്ടത് പ്രധാനമാണ്. ഭാവിയിൽ സമാനമായ രോഗങ്ങൾ പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത പരിഗണിച്ചാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെടുന്നത്.

ചൈനയിൽ കൊവിഡ് വ്യാപനമുണ്ടായപ്പോൾ അത് ലോകത്തെ അറിയിക്കുന്നതിൽ ആ രാജ്യം കാണിച്ച കാലതാമസം വളരെ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത് എന്ന പഴി ചൈനയ്ക്ക് മുകളിൽ ആദ്യം മുതൽക്കേ ഉണ്ട്.