ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും മോശമായ ഭാഷയേതെന്ന ചോദ്യം ഗൂഗിളിൽ തിരക്കിയവർക്ക് ഉത്തരമായി കന്നട എന്ന് നൽകിയതിൽ കർണാടകയിൽ വലിയ പ്രതിഷേധം. കർണാടക സർക്കാർ ഗൂഗിളിന് ഇക്കാര്യത്തിൽ നോട്ടീസയച്ചു.
വിഷയത്തിൽ ജനങ്ങൾ പ്രതികരിച്ചതോടെ വിവിധ രാഷ്‌ട്രീയ പാർട്ടികളും ഗൂഗിളിനെതിരെ ശക്തിയായി പ്രതിഷേധിച്ചു. പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കിയ ഗൂഗിൾ ഉടൻ തന്നെ പ്രശ്‌നം പരിഹരിക്കുകയും ജനങ്ങളോട് മാപ്പ് ചോദിക്കുകയും ചെയ്‌തു. സർച്ച് ഫലം കമ്പനിയുടെ വിഷയത്തിലെ അഭിപ്രാമല്ലെന്നും ഗൂഗിൾ അറിയിച്ചു.
കന്നട സാംസ്‌കാരിക മന്ത്രി അരവിന്ദ് ലിംബാവലി വിഷയത്തിൽ ഗൂഗിളിന് നോട്ടീസയക്കുകയും കമ്പനി മാപ്പ് പറയണമെന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ചെയ്‌തു. കന്നടഭാഷയ്‌ക്ക് 2500 വർഷത്തോളം പഴക്കമുണ്ടെന്നും ഗൂഗിളിന്റെ ശ്രമം സംസ്ഥാനത്തെ ജനങ്ങളെ താറടിച്ച് കാണിക്കാനാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
എന്നാൽ സർച് ഫലങ്ങൾ എപ്പോഴും മികച്ചതാകില്ലെന്നും ഉളളടക്കം വിവരിക്കുന്ന രീതിയനുസരിച്ച് ഇത്തരം അത്ഭുതമുളവാക്കുന്ന ഫലങ്ങൾ വരാമെന്ന് ഗൂഗിൾ വക്താവ് അറിയിച്ചു. ഗൂഗിൾ നിരുത്തരവാദപരമായാണ് പ്രതികരിച്ചതെന്ന് മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രതികരിച്ചു.