qatar

ദോഹ:ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഖത്തറിനോട് ഏകപക്ഷീയമായ ഒരുഗോളിന് പരാജയപ്പെട്ടുവെങ്കിലും ഇന്ത്യൻ ടീം ഖത്തർ ടീം കോച്ചിന്റെ പ്രശംസ പിടിച്ചുപറ്റി. രാഹുൽ ഭേക്കെ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതിനാൽ കളിയുടെ 17ാംമിനിറ്റ് മുതൽ 10പേരുമായി കളിക്കേണ്ടിവന്നിട്ടും ഇന്ത്യ തങ്ങളെ ശരിക്കും വെള‌ളം കുടിപ്പിച്ചുവെന്ന് ഖത്തർ പരിശീലകൻ ഫെലിക്സ് സാഞ്ചസ് പറഞ്ഞു.

34ാമത്തെ മിനിറ്റിൽ അബ്ദെൽ അസീസിന്റെ ഗോളിൽ മുന്നിലെത്തിയെങ്കിലും രണ്ടാംഗോൾ നേടാൻ ഖത്തറിനു സാധിച്ചില്ല. സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലുള‌ള പ്രതിരോധ നിരയുടേയും ഗോൾ പോസ്റ്റിനു മുന്നിൽ മികച്ച ഫോമിൽ നിലയുറപ്പിച്ച ഗോൾകീപ്പർ ഗുർപ്രീത്‌ സിംഗ് സന്ധുവിന്റെയും മിടുക്ക് കാരണമാണ് ഖത്തറിന് തങ്ങളുടെ ഗോൾ നില ഉയർത്തുവാൻ സാധിക്കാതെ പോയത്.

'ആദ്യപകുതിയിലെ ചുവപ്പുകാർഡ് മത്സരഗതി നിർണ്ണയിക്കുന്നതിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യ പത്ത്പേരായി ചുരുങ്ങിയപ്പോൾ ഞങ്ങൾക്ക് കുറച്ചുകൂടി അനായാസമായി കളി നിയന്ത്രിക്കുവാൻ സാധിച്ചു. എന്നാൽ കൂടുതൽ ഗോളുകൾ നേടുന്നതിൽ നിന്നും അവർക്ക് ഞങ്ങളെ തടയാനായി. അത് ഇന്ത്യയുടെ പ്രതിരോധനിരയുടെ മിടുക്ക് തന്നെയാണ്,' സാഞ്ചസ് മത്സരശേഷം പറഞ്ഞു.