balagopal

​​​തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ധനസ്ഥിതി അത്ര സുഖകരമായ അവസ്ഥയില്‍ അല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നോട്ട് നിരോധനം, വേണ്ടത്ര തയ്യാറെടുപ്പില്ലാതെയുളള ജി എസ് ടി നടപ്പാക്കല്‍, ഓഖി, പ്രളയങ്ങള്‍, മഹാമാരിയുടെ ഒന്നും രണ്ടും തരംഗങ്ങള്‍, സാമ്പത്തിക മാന്ദ്യം എന്നിവ നികുതി നികുതിയേതര വരുമാനത്തെ വളരെ പ്രതികൂലമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

വരുമാന വളര്‍ച്ചാ നിരക്കുകള്‍ സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് മാറി. എന്നാല്‍ സര്‍ക്കാരിന്‍റെ ചെലവുകള്‍ക്ക് ഒരു കുറവും ഉണ്ടായില്ല, കൂടുകയാണ് ഉണ്ടായത്. പ്രതിസന്ധി ഘട്ടത്തില്‍ ഇത് സ്വാഭാവികമാണെന്നും ബാലഗോപാല്‍ പറഞ്ഞു.

ഒന്നാം പിണറായി സർക്കാരിന്‍റെ അവസാന ബഡ്‌ജറ്റിലെ ഒരുകാര്യങ്ങളും പുതിയ ബഡ്‌ജറ്റിൽ മാറ്റിയിട്ടില്ല. കൂടുതൽ കാര്യങ്ങൾ കൂട്ടിച്ചേർക്കുകയാണ് ചെയ്‌തത്. കൊവിഡ് വ്യാപന സാഹചര്യത്തിൽ ബഡ്‌ജറ്റിൽ ആരോഗ്യമേഖലയ്ക്കാണ് കൂടുതൽ പ്രധാന്യം നൽകിയതെന്നും ബഡ്‌ജറ്റ് അവതരണത്തിന് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ ധനമന്ത്രി വ്യക്തമാക്കി.

സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാൽ നികുതി ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ട്. എന്നാൽ കൊവിഡ് ലോക്ക്‌ഡൗണിൽ എല്ലാ മേഖലയും അടഞ്ഞുകിടക്കുമ്പോൾ ആർക്കും നികുതി നൽകാൻ കഴിയില്ല. അതുകൊണ്ടാണ് ബഡ്‌ജറ്റിൽ പുതുതായി നികുതി ഏർപ്പെടുത്താതിരുന്നതെന്നും മന്ത്രി വിശദീകരിച്ചു.

കേന്ദ്ര ധനകാര്യ കമ്മിഷൻ സംസ്ഥാനങ്ങൾക്ക് പണം വിതരണം ചെയ്യുന്ന സമീപനം മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജനസംഖ്യയുടെ അടിസ്ഥാനത്തിലും സാമ്പത്തിക ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് നേരത്തെ കേന്ദ്രം സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം നൽകിയിരുന്നത്. കേരളം ആത്മാർത്ഥമായി ജനസംഖ്യ കുറയ്ക്കുകയും സാമ്പത്തിക മേഖലയിൽ മികച്ച നേട്ടമുണ്ടാക്കുകയും ചെയ്‌തു. ആളോഹരി പ്രതിശീർഷ വരുമാനവും വർദ്ധിച്ചു. ഈ നേട്ടങ്ങൾ കേന്ദ്ര വിഹിതം ലഭിക്കാൻ എതിരായി വരികയാണെന്നും പല സംസ്ഥാനങ്ങളും ഉന്നയിക്കുന്ന പ്രശ്‌നമാണിതെന്നും ധനമന്ത്രി വ്യക്തമാക്കി.

ജി എസ് ടി വന്നതോടെ നമ്മുടെ കരുത്ത് അവരുടെ കക്ഷത്തിലിരിക്കുന്ന പോലെയാണ് കേന്ദ്രസർക്കാരിന്‍റെ പ്രവർത്തനം. 4,077 കോടി കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ട്. ഏറ്റവും ആദ്യം വാക്‌സിൻ നൽകിയ അമേരിക്കയിലും യൂറോപ്പിലുമെല്ലാം സാമ്പത്തികമേഖല സജീവമായി കഴിഞ്ഞു. സംസ്ഥാനത്ത് വാക്‌സിൻ പരമാവധി ആളുകളിലേക്ക് എത്തിച്ചുകഴിഞ്ഞാൻ രോഗവ്യാപനം നിയന്ത്രിക്കാനാകും. കൂടുതൽ ആളുകൾ കേരളത്തിലേക്ക് വരും. ഇതോടെ ടൂറിസം സജീവമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.