കണ്ണൂർ: വീട്ടിൽ വിജിലൻസ് സംഘം വന്നപ്പോഴാണ് കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍റ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെ പലതും താൻ അറിയുന്നതെന്ന് ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്‌ദുളളക്കുട്ടി. അന്നത്തെ ടൂറിസം മന്ത്രി എ പി അനിൽകുമാറും ഡി ടി പി സിയിലെ ഉദ്യോഗസ്ഥരും നടത്തിയ വലിയ കൊളളയാണിത്. തന്‍റെ കൈകൾ ശുദ്ധമാണ്. തന്‍റെ പേരിൽ കുറ്റമുണ്ടെങ്കിൽ താനും ശിക്ഷിക്കപ്പെടണമെന്നും അബ്‌ദുളളക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
മമ്മൂട്ടിയുടേയും കാവ്യമാധവന്‍റെേയുമൊക്കെ ശബ്‌ദം ഉപയോഗിച്ച് മനോഹരമായി നടത്തിയ പരിപാടിയായിരുന്നു അത്. ഉമ്മൻ ചാണ്ടി വന്നായിരുന്നു ഉദ്ഘാടനം ചെയ്‌തത്. വിജിലൻസ് സംഘം ചോദിച്ചതിനെല്ലാം ഉത്തരം നൽകിയിട്ടുണ്ട്. പരിപാടി സംഘടിപ്പിച്ച ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനിയുടെ പേര് തനിക്ക് ഓർമ്മയില്ല. അതൊരു തട്ടിക്കൂട്ട് കമ്പനിയായിരുന്നു. വീട്ടിൽ നടന്നത് റെയ്‌ഡല്ലെന്നും സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും അബ്‌ദുളളക്കുട്ടി വ്യക്തമാക്കി.