ഹസീൻ ദിൽരുബ ജൂലായ് 2ന്
തപ്‌സി പന്നു നായികയാകുന്ന പുതിയ ചിത്രമായ ഹസീൻ ദിൽരുബ ജൂലായ് 2ന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ളിക്സിൽ റിലീസ് ചെയ്യും. തപ്‌സി തന്നെയാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.രണ്ട് പുരുഷന്മാരുമായി ദുരൂഹമായ ബന്ധമുള്ള റാണി കശ്യപ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ തപ്‌സി അവതരിപ്പിക്കുന്നത്.
കളർ യെല്ലോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആനന്ദ് എൽ. റായി, ഹിമാൻശുശർമ്മ എന്നിവർ ചേർന്ന് നിർമ്മിച്ച് വിനിൽ മാത്യു സംവിധാനം ചെയ്യുന്ന ഹസീൻ ദിൽരുബയിലെ നായകന്മാർ വിക്രാന്ത് മസ്സേയും ഹർഷവർദ്ധൻ റാണയുമാണ്. കഴിഞ്ഞ സെപ്തംബറിൽ തിയേറ്റർ റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം കൊവിഡ് മഹാമാരി കാരണമാണ് വൈകിയത്. തിയേറ്റർ റിലീസ് ഇനി എന്ന് സാദ്ധ്യമാകുമെന്നറിയാത്ത സാഹചര്യത്തിൽ ചിത്രം ഡിജിറ്റൽ പ്ളാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ നിർബന്ധിതരാകുകയിരുന്നു.