submarine

ന്യൂഡൽഹി: തദ്ദേശീയമായി ആറ് അത്യാധുനിക അന്തർവാഹിനികൾ നിർമിക്കാനുള‌ള ഇന്ത്യൻ പദ്ധതിക്ക് ഡിഫൻസ് കൗൺസിൽ അംഗീകാരം നൽകി. ഏറെനാളായി തീരുമാനമാകാതെ കിടക്കുകയായിരുന്ന പദ്ധതിക്കാണ് ഒടുവിൽ പച്ചകൊടി ലഭിച്ചിരിക്കുന്നത്.

അയൽരാജ്യങ്ങളായ ചൈനയും പാകിസ്ഥാനും നിരന്തരം രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന നടപടികൾക്ക് ശ്രമിക്കുമ്പോഴാണ് പ്രതിരോധ രംഗത്ത് കൂടുതൽ കരുത്ത് പകരുന്ന ഇന്ത്യയുടെ ഈ തീരുമാനം. 50,000 കോടി രൂപയാണ് പദ്ധതിച്ചിലവായി കണക്കാക്കുന്നത്. 2017ൽ എൻഡിഎ സർക്കാർ രൂപീകരിച്ച 'മേക്ക്ഇൻഇന്ത്യ'ക്കു കീഴിലുള‌ള 'തന്ത്രപരമായ പങ്കാളിത്ത നയ'ത്തിന് കീഴിലുള‌ള ആദ്യ പദ്ധതിയാണ് ഇത്.

'പ്രോജക്ട്75ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് വേണ്ടി പ്രതിരോധ വകുപ്പിന്റെ ഷിപ്പ് യാർഡ് ആയ മസാഗോൺ ഡോക്ക്സിനും സ്വകാര്യ കപ്പൽ നിർമ്മാതാക്കളായ എൽ&ടിയ്ക്കും നൽകേണ്ട ടെണ്ടറുകൾ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നേതൃത്വം നൽകുന്ന ഡിഫൻസ് കൗൺസിൽ അംഗീകരിച്ചു.


ടെണ്ടറുകൾ ലഭിച്ചശേഷം മസാഗോൺ ഡോക്ക്സും എൽ&റ്റിയും സംയുക്തമായി നേരത്തെതന്നെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് വിദേശ കപ്പൽ നിർമ്മാതാക്കളെ ബിഡുകൾ സമർപ്പിക്കുവാനായി ക്ഷണിക്കും. റഷ്യ,ജർമനി,സ്‌പെയിൻ,ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലുള‌ള ഈ കപ്പൽ നിർമ്മാതാക്കൾ സമർപ്പിക്കുന്ന ബിഡുകൾ പരിശോധിച്ച ശേഷമാകും തുടർന്നുള‌ള കാര്യങ്ങൾ തീരുമാനിക്കുക. ഏതാണ്ട് ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന നടപടിക്രമങ്ങളിലൂടെയാകും ബിഡ്നടപടികൾ പൂർത്തിയാക്കുക എന്നും ഈ പദ്ധതിക്കു കീഴിലുള‌ള ആദ്യ അന്തർവാഹിനിയുടെ നിർമാണം പൂർത്തിയാക്കാൻ ഏതാണ്ട് ഏഴുവർഷത്തോളം എടുക്കുമെന്നും അധികൃതരെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.