1

തിരുവനന്തപുരം: ടൗക്‌തേ ചുഴലിക്കാറ്റിൽ തകർന്ന ആറ് പതിറ്റാണ്ട് ചരിത്രമുള്ള വലിയതുറ കടൽപ്പാലം പൂർവസ്ഥിതിയിലാക്കാൻ നടപടി തുടങ്ങി. പാലത്തിന്റെ തകർച്ചയെക്കുറിച്ച് പഠിക്കുന്നതിനായി തുറമുഖ എൻജിനിയറിംഗ് വകുപ്പ് സമഗ്രമായ പഠനം നടത്തും. പാലത്തിന്റെ സ്ഥിതി സംബന്ധിച്ച് പഠിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ഐ.ഐ.ടിയെ വകുപ്പ് ചുമതലപ്പെടുത്തി. പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ, ഏത് നിലയിൽ പുതുക്കിപ്പണിയണം എന്നതടക്കമുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. പ്രാഥമിക പരിശോധനയിൽ പാലത്തിന്റെ പുതുക്കിപ്പണി ചെലവേറിയതായിരിക്കുമെന്നാണ് നിഗമനം.

ഐ.ഐ.ടിയിലെ വിദഗ്ദ്ധർ ഉടൻ തന്നെ പാലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. ഏതാണ്ട് മൂന്ന് മാസം വേണ്ടി വരും പുനർനിർമ്മാണം പൂർത്തിയാകാനെന്നാണ് കരുതുന്നത്.

നിലവിൽ പാലം വിള്ളൽ വീണ് കടലിലേക്ക് താഴ്ന്നുനിൽക്കുന്ന സ്ഥിതിയിലാണ്. ഭാരത്തിന് അനുസരിച്ച് പാലത്തിന് അടിഭാഗത്തുനിന്ന് ബലം നൽകിയിരുന്ന തൂണുകൾ ഓരോ ദിവസവും കടലിലേക്ക് കൂടുതൽ കൂടുതൽ താഴ്ന്നു കൊണ്ടിരിക്കുകയാണ്. സുനാമിയെയും ഓഖി ചുഴലിക്കാറ്റിനെയും പ്രതിരോധിച്ച പാലം പിന്നീടുണ്ടായ കടലേറ്റത്തിൽ കരയുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. അന്ന് ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ കീഴിൽ ലക്ഷങ്ങൾ മുടക്കി നവീകരിക്കുകയും ചെയ്തിരുന്നു.

ആറ് വർഷം മുമ്പ് കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്)​ പാലത്തിൽ പഠനങ്ങൾ നടത്തിയിരുന്നു. പാലം പുതുക്കിപ്പണിയുന്നത് സാമ്പത്തികമായി വൻ ബാദ്ധ്യതയാകുമെന്ന റിപ്പോർട്ടാണ് നൽകിയത്. പുനർനിർമ്മാണത്തിനായി രണ്ട് കോടിയെങ്കിലും ചെലവിടേണ്ടി വരുമെന്നാണ് അവർ ചൂണ്ടിക്കാട്ടിയത്. നിർഭാഗ്യവശാൽ പുനർനിർമ്മാണം നടക്കാതെ പോയി. പദ്ധതി നടപ്പാക്കാനായി തുറമുഖ വകുപ്പ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ബ്രൈട്ടൺ വെസ്റ്റും

വലിയതുറ പാലവും


വലിയതുറയിൽ ആദ്യമുണ്ടായിരുന്ന ഇരുമ്പുപാലം 1947കപ്പൽ ഇടിച്ച് തകർന്നതിനെ തുടർന്നാണ് ഇന്ന് കാണുന്ന പാലം നിർമിച്ചത്. 1947 നവംബർ 23ന് വലിയതുറയിൽ ചരക്കുകപ്പൽ അടുക്കുമെന്ന വിവരത്തെ തുടർന്ന് കപ്പലിനെ സ്വീകരിക്കാൻ നാട്ടുകാരും തുറമുഖ തൊഴിലാളികളുമുൾപ്പെടെ നൂറു കണക്കിന് പേർ എത്തിയിരുന്നു. കടൽപാലം ലക്ഷ്യമാക്കി വന്ന എസ്.എസ്. പണ്ഡിറ്റ് എന്ന ചരക്ക് കപ്പൽ ശക്തമായ തിരമാലകളിൽപ്പെട്ട് നിയന്ത്രണം നഷ്ടമായി പാലത്തിൽ വന്നിടിച്ചു. ഇടിയുടെ ആഘാതത്തിൽ പാലം കുറുകെ മുറിഞ്ഞുപോയി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ കടലിൽ വീഴുകയും ചെയ്തു. അഞ്ച് പേരാണ് അന്ന് മരിച്ചത്. ഇരുമ്പുപാലം തകർന്നതോടെ നൂറ്റാണ്ടുകളായി വലിയതുറയിലുണ്ടായിരുന്ന കയറ്റിറക്കുമതി സ്തംഭിക്കുകയും കച്ചവടം കൊച്ചിയിൽ ആവുകയും ചെയ്തു. പിന്നീട്, 1956 ഒക്ടോബറിൽ 1.10 കോടി രൂപ ചെലവിട്ടാണ് 703 അടി നീളത്തിലും 24 അടി വീതിയിലും പുതിയ പാലം നിർമ്മിച്ചത്.

വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഇംഗ്ലണ്ടിലെ ബ്രൈട്ടൺ വെസ്റ്റ് പാലം സർക്കാർ പുതുക്കിപ്പണിത് വരുമാനത്തിനുള്ള വഴി കണ്ടെത്തിയിരുന്നു. 1975ൽ ഉണ്ടായ രണ്ട് തീപിടിത്തങ്ങളും തുടർച്ചയായ മഞ്ഞുവീഴ്ചയും കാരണം ബ്രൈട്ടൺ പാലത്തിന് കേടുപാടുകൾ പറ്റിയിരുന്നു. അപകടാവസ്ഥയിലായ പാലം താൽക്കാലികമായി അടച്ചുപൂട്ടി. പിന്നീട്, തകർന്നുകിടന്ന ഒരു കടൽപാലം മാത്രമായിരുന്നു ബ്രൈട്ടൺ വെസ്റ്റ്. എന്നാൽ, 1986ൽ പഴയ പാലത്തിന്റെ സൗന്ദര്യം ഒട്ടും ചോരാതെ അതിനെ ബലപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കാനായി ടൂറിസ്റ്റ് സെന്ററും തുറന്നു. കുട്ടികൾക്കും മുതിർന്നവർക്കും വൈകുന്നേരങ്ങൾ ചെലവഴിക്കാൻ പറ്റുന്ന ടൂറിസ്റ്റ് വില്ലേജും സജ്ജമാക്കി. ഇതോടെ, പാലത്തിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചു, ഒപ്പം വരുമാനവും. ഈ മാതൃക പിന്തുടർന്ന് വലിയതുറ പാലത്തിന്റെ തകർന്ന ഭാഗങ്ങൾ നവീകരിക്കാനുള്ള പദ്ധതികൾ തുറമുഖ വകുപ്പ് പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടില്ല. 2007ൽ ഹാർബർ എൻജിനിയറിംഗ് ഡിപ്പാർട്ട്‌മെന്റ് പാലത്തിന്റെ പുനർനിർമാണം പ്രഖ്യാപിച്ചിരുന്നെങ്കിലും അതും നടന്നില്ല. പിന്നീട്, 19.5 കോടിയുടെ പുതിയ നവീകരണ പദ്ധതി പ്രഖ്യാപിച്ചെങ്കിലും അതും കടലാസ്സിലൊതുങ്ങി.