mehul-choksi

റൊസൗ: സാമ്പത്തിക തട്ടിപ്പ്​ നടത്തി നാടുവിട്ട രത്​നവ്യാപാരി മെഹുൽ ചോക്​സിയെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാൻ ഡൊമിനിക്കയിലെത്തിയ എട്ടംഗ സി.ബി.ഐ സംഘം ദൗത്യം പൂർത്തീകരിക്കാനാവാതെ മടങ്ങി. ഡൊമിനിക്കയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ചോക്സി. ഒരു മാസത്തിനുള്ളിൽ ഇയാളെ നാട്ടിലെത്തിക്കുന്നത് സാദ്ധ്യമാകാത്തത് കൊണ്ടാണ് അന്വേഷണ സംഘം മടങ്ങിയത്. ഡൊമിനിക്കയിലെ രണ്ടു കോടതികളിൽ നാടുകടത്തലുമായി ബന്ധപ്പെട്ട കേസ്​ പുരോഗമിക്കുന്നുണ്ട്​. ഇവയിൽ വരുന്നതുവരെ വിധി ചോക്സിയെ വിട്ടുകിട്ടില്ല.

തന്നെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ചോക്സി കേസ് നൽകിയിട്ടുണ്ട്. ഡൊമിനിക്കയിൽ ചോക്സി എത്തിയത് നിയമവിരുദ്ധമായാണെന്നാണ് രണ്ടാമത്തെ കേസ്. ഒരു കേസിൽ വാദം കേൾക്കൽ കോടതി നീട്ടിവെച്ചു. രണ്ടാമത്തെ കേസ്​ പരിഗണനയ്ക്കെടുക്കുന്നത്​ പോലും തീരുമാനിച്ചിട്ടുമില്ല.

ആശുപത്രിയിലാണെങ്കിലും നടപടികൾ പൂർത്തിയാകും വരെ ചോക്​സി പൊലീസ്​ കസ്റ്റഡിയിൽ തുടരും. ഇതെല്ലാമാണ് അന്വേഷണ സംഘത്തെ മടങ്ങാൻ പ്രേരിപ്പിച്ചത്. മേയ്​ 28നാണ്​ ബൊംബാർഡിയർ ഗ്ലോബൽ 5000 ബിസിനസ്​ ജെറ്റിൽ അന്വേഷണ സംഘം ഡൊമിനിക്കയിലെത്തിയത്. അതേസമയം, ചോക്​സിയെ തിരികെയെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന്​ വിദേശകാര്യ മന്ത്രാലയ വക്​താവ്​ അരിന്ദം ബഗ്​ചി പറഞ്ഞു