വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബ് മുതൽ ജേക്കബിന്റെ സ്വർഗ്ഗരാജ്യം വരെ എല്ലാ ചിത്രങ്ങളിലെയും ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ചൊരു ശ്രദ്ധേയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് വിനീത്. ചിത്രത്തിൽ ആകെ 15 പാട്ടുകളാണുള്ളത്.
'ഹൃദയത്തിന്റെ അന്തിമ ട്രാക്ക് ലിസ്റ്റിലേക്ക് ഞാൻ നോക്കുകയായിരുന്നു. ചിത്രത്തിൽ 15 ഗാനങ്ങളുണ്ട്. അത് പുറത്തിറങ്ങാൻ കാത്തിരിക്കാനാവുന്നില്ല. ഗോ കൊറോണ, ഗോ', എന്നാണ് വിനീത് ഫേസ്ബുക്കിൽ കുറിച്ചു.
ഏറെ ആകാംക്ഷയോടെയാണ് ആരാധകവൃന്ദം ഈ പോസ്റ്റ് ഏറ്റെടുത്തത്. ചുരുങ്ങിയ സമയത്തിനുള്ളിൽ എണ്ണായിരത്തിലേറെ ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്. 'സംഭാഷണം പാട്ടുകളിലൂടെ ആണോ' എന്നും 'അപ്പൊ രണ്ട് മണിക്കൂർ ചിത്രഹാർ' എന്നുമൊക്കെ തമാശയ്ക്ക് ആരാധകർ കമന്റുകൾ ഇടുന്നുണ്ട്. ചിലതിനൊക്കം വിനീതിന്റെ മറുപടിയും ഉണ്ട്. 'സിനിമ ഫുൾ പാട്ടാണോ' എന്ന ചോദ്യത്തിന് 'ഏറെക്കുറെ' എന്നാണ് വിനീതിന്റെ മറുപടി. സംവിധാനം ചെയ്ത നാല് ചിത്രങ്ങളിലും പാട്ടുകൾ ഒരുക്കിയത് ഷാൻ റഹ്മാൻ ആയിരുന്നു എന്നാൽ ഹിഷാം അബ്ദുൾ വഹാബാണ് ഹൃദയത്തിന്റെ സംഗീത സംവിധായകൻ.