ed

കൊച്ചി: ബിജെപി നേതാക്കൾക്കെതിരെ ആരോപണമുള‌ള കൊടകര കുഴൽപണ കേസിൽ അന്വേഷണത്തിന് ഇ.ഡിയും രംഗത്ത്. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേ‌റ്റ് പ്രാഥമികാന്വേഷണം തുടങ്ങിയിട്ടുണ്ട്.

കള‌ളപ്പണം വെളുപ്പിക്കൽ നിയമം ബാധകമായ കുറ്റകൃത്യമായിട്ടും കേസിൽ എൻഫോഴ്‌സ്‌മെന്റ് നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് ലോക് താന്ത്രിക് യുവജതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ സമപ്പിച്ച ഹർജിയാണ് ജസ്റ്റീസ് മേരി ജോസഫ് എൻഫോഴ്‌സ്‌മെന്റിൽ നിന്ന് റിപ്പോർട്ട് തേടിയത്.

ആദായ നികുതി വകുപ്പിന്റെ കീഴിൽ വരുന്ന കേസാണിതെന്നും തങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്നുമായിരുന്നു ഇതുവരെയുള‌ള ഇ.ഡിയുടെ വാദം. എന്നാൽ കോടതി ആവശ്യപ്പെട്ടതോടെ പത്ത് ദിവസത്തിനകം ഇ.ഡിയ്‌ക്ക് പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് എഫ്.ഐ.ആ‌‌ർ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെയുള‌ള കാര്യങ്ങളും കേസ് തങ്ങളുടെ പരിധിയിൽ വരുമോ എന്നതുമാണ് എൻഫോഴ്‌സ്‌മെന്റ് സംഘം ഇപ്പോൾ പരിശോധിക്കുന്നത്.